ETV Bharat / bharat

കാട്ടാന ആക്രമണത്തിൽ പത്ത് ദിവസത്തിൽ മരിച്ചത് ഇരുപത്തിരണ്ടുപേർ; പ്രദേശത്ത് ജാഗ്രത

ജാർഖണ്ഡിലെ ചൈബാസ ജില്ലയിലെ നിവാസികൾക്ക് ആനകളുടെ ആക്രമണം വലിയ തോതിൽ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. മേഖലയിൽ ആനയുടെ ആക്രമണം രൂക്ഷമായതോടെ ജനങ്ങളോട് വീടിനുള്ളിൽത്തന്നെ തുടരാനാണ് നിർദേശം.

ELEPHANT ATTACKS  CHAIBASA ELEPHANT CRISIS  JHARKHAND ELEPHANT ATTACKS  WILD ELEPHANTS IN JHARKHAND
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : January 11, 2026 at 8:12 PM IST

3 Min Read
Choose ETV Bharat

റാഞ്ചി: കാട്ടാനകളുടെ വിളയാട്ടത്തിൽ പൊറുതിമുട്ടി ജാർഖണ്ഡിലെ ചൈബാസ ജില്ലയിലെ നിവാസികൾ. പ്രദേശങ്ങളിൽ ആനകളുടെ ആക്രമണങ്ങൾ രൂക്ഷമാകുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഇരുപത്തിരണ്ടുപേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ജാർഖണ്ഡിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. നിലവിൽ ആനകളുടെ ആക്രമണം വലിയ തോതിൽ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

"പ്രദേശത്ത് നിന്നും കാട്ടാനകളെ തുരത്താൻ ജില്ലാ ഭരണകൂടത്തിൻ്റെ പിന്തുണയോടെ നിരവധി ശ്രമങ്ങൾ നടത്തിയിട്ടും ആനകളെ തുരത്താൻ കഴിയുന്നില്ല. പ്രദേശത്തെ മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നത് ഗുരുതരമായ വെല്ലുവിളിയായി മാറുകയാണ്" - വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

മൂന്ന് തവണ ആനയെ പായിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ കൂട്ടായ ശ്രമത്തിൻ്റെ ഭാഗമായി ഒന്നിലധികം ആനകളെ അയൽരാജ്യമായ ഒഡിഷയിലെ വനപ്രദേശങ്ങളിലേക്ക് ഓടിച്ച് വിടാൻ കഴിഞ്ഞു. എന്നാൽ അവ വീണ്ടും ജാർഖണ്ഡിലേയ്‌ക്ക് തിരിച്ചുവരികയായിരുന്നു.

ജനങ്ങൾക്ക് ജാഗ്രതാ നിർദേശം

ചൈബാസ ജനവാസ മേഖലയിൽ ആനയുടെ ആക്രമണം രൂക്ഷമായതോടെ പ്രദേശത്തെ ജനങ്ങളോട് വീടിനുള്ളിൽത്തന്നെ തുടരാൻ നിർദേശിച്ചിരിക്കുകയാണ്. ആനയെ നിയന്ത്രിക്കുന്നതിന് ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് സേവനങ്ങൾ നൽകുന്നതിനായി പശ്ചിമ ബംഗാൾ, ഒഡിഷ, ഗുജറാത്ത് എന്നിവിടങ്ങളിലെ 'താര റെസ്‌ക്യൂ ടീമിൽ' നിന്നുള്ള പ്രത്യേക സംഘങ്ങളെയും വനം വകുപ്പ് സജ്ജീകരിച്ചിരുന്നു.

എന്നാൽ ആനയെ തുരത്തുന്ന ദൗത്യത്തിനിടെ താര റെസ്‌ക്യൂ ടീമിലെ ഒരു ഉദ്യോഗസ്ഥനെ ആന മാരകമായി ആക്രമിച്ചു. തുടർന്ന് ഗുരുതരമായ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ആ സമയം ആനകൾ വളരെ അക്രമാസക്തമായിരുന്നു എന്ന് ചൈബാസയിലെ ഡിവിഷണൽ ഫോറസ്‌റ്റ് ഓഫിസർ (ഡിഎഫ്ഒ) ആദിത്യ നാരായൺ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

"ഒഡിഷയിലേയ്‌ക്ക് തുരത്തിയോടിച്ച ആനകൾ ഏകദേശം 30 കിലോമീറ്റർ സഞ്ചരിക്കുന്നു. അവ ജാർഖണ്ഡിലേയ്‌ക്ക് തിരിച്ചെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ സംഘം അതീവ ജാഗ്രതയിലാണ്. ഈ സാഹചര്യത്തിൽ കാടുകളിലേയ്‌ക്ക് പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും ഗ്രാമവാസികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്" - ഡിഎഫ്ഒ ആദിത്യ നാരായൺ പറഞ്ഞു.

മരണങ്ങളും രക്ഷാപ്രവർത്തനവും

ജനുവരി ഒന്നിന് ടോണ്ടോ ബ്ലോക്കിലെ ബണ്ടിഝരി ഗ്രാമത്തിലെ മുപ്പത്തഞ്ചുകാരനായ മംഗൾ സിംഗ് ഹെംബ്രാം ആയിരുന്നു കാട്ടാനയുടെ ഈ മാസത്തെ ആദ്യത്തെ ഇര. പിന്നീട് ബിർസിംഗ്‌ഹാട്ടു ഗ്രാമത്തിലെ കുച്ചു ബസ ടോളിയിലെ 55 വയസുള്ള ഉറുദു ബഹാണ്ട, സദർ ബ്ലോക്കിലെ റോറോ ഗ്രാമത്തിലെ 57 വയസുള്ള വിഷ്‌ണു സുണ്ടി എന്നിവരും ഇരകളായി. അതേ ദിവസം തന്നെ മണി കുന്തിയ, സുഖ്‌മതി ബഹാണ്ട എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു.

ജനുവരി ആറിന് രാത്രി നോമുണ്ടിയിലെ ബാബരിയ ഗ്രാമത്തിൽ ആനയുടെ ആക്രമണത്തിൽ ദമ്പതികൾ, അവരുടെ രണ്ട് കുട്ടികൾ തുടങ്ങി അഞ്ച് പേർ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. രാത്രിയിൽ ഇവർ ഉറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു ആനയുടെ ആക്രമണം. ബഡാ പസിയ, ലാമ്പൈസായ്, ഹത്ഗംഹാരിയ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മരണപ്പെട്ട ചില വ്യക്തികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുമില്ല.

2008 മുതലുള്ള മരണസംഖ്യ

കഴിഞ്ഞ 18 വർഷത്തിനിടെ ജാർഖണ്ഡിൽ ജനവാസ മേഖലയിലുള്ള ആനയുടെ ആക്രമണത്തിൽ ഏകദേശം 1,270 ആളുകൾ കൊല്ലപ്പെടുകയും 150 ഓളം ആനകളെ ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്നുമാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. 2008 നും 2024 നും ഇടയിൽ കുറഞ്ഞത് 1,251 പേർ ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് വനം വകുപ്പിൻ്റെ കണക്കുകളിൽ പറയുന്നു.

അതേസമയം ജാർഖണ്ഡിൽ ഏകദേശം 550 മുതൽ 600 വരെ ആനകളുണ്ടെന്നും അവ നിരന്തരം ജനവാസ മേഖലകളിലേക്ക് കടന്നുവരികയാണെന്നും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റ് (പിസിസിഎഫ്) ഉദ്യോഗസ്ഥൻ പരിതോഷ് ഉപാധ്യായ പറയുന്നു. പരമ്പരാഗത കുടിയേറ്റ പാതകളിലെ കടന്നുകയറ്റം, വനനശീകരണം, ഭക്ഷണ-ജല ദൗർലഭ്യം എന്നിവ വന്യജീവികൾക്കിടയിലെ സംഘർഷം രൂക്ഷമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: 'നായയ്‌ക്ക് മത്സ്യത്തിൻ്റെ തൊലി'... ഫിഷ്‌ സ്‌കിൻ ഗ്രാഫ്റ്റിംഗിലൂടെ അണുബാധ നീക്കി നൂതന ചികിത്സ