ETV Bharat / bharat

ഇറാൻ്റെ കൂടെയോ അതോ ഇസ്രയേലിൻ്റെ കൂടെയോ? ഇന്ത്യയുടെ നിലപാട് അറിയാം...

സ്വന്തം ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന 'തന്ത്രപരമായ സ്വയംഭരണം' എന്ന നയമാകും ഇന്ത്യ തുടരുക. പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാനുള്ള നീക്കമാകും ഇന്ത്യ നടത്തുക.

ഇറാൻ ഇസ്രയേല്‍ യുദ്ധം  ഇന്ത്യ  പ്രധാനമന്ത്രി നരേന്ദ്ര മോദി  ഇസ്രയേല്‍ യുദ്ധം ഇന്ത്യയുടെ നിലപാട്
Who Will India Side With in the Iran-Israel Conflict? (ETV Bharat)
author img

By ETV Bharat Kerala Team

Published : February 28, 2026 at 3:20 PM IST

2 Min Read
Choose ETV Bharat

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുമ്പോൾ ലോകം ഉറ്റുനോക്കുന്നത് ഇന്ത്യയുടെ നിലപാടിലേക്കാണ്. ഇരുരാജ്യങ്ങളുമായും ദശകങ്ങളായുള്ള ദൃഢമായ സൗഹൃദവും തന്ത്രപരമായ പങ്കാളിത്തവുമുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ യുദ്ധസാഹചര്യം ഒരു വലിയ നയതന്ത്ര പരീക്ഷണമാണ്.

ഇറാൻ-ഇസ്രയേൽ തർക്കത്തിൽ ഇന്ത്യ ഒരു പക്ഷം പിടിക്കാൻ സാധ്യതയില്ല. പകരം, സ്വന്തം ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന 'തന്ത്രപരമായ സ്വയംഭരണം' എന്ന നയമാകും ഇന്ത്യ തുടരുക. പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാനുള്ള നീക്കമാകും ഇന്ത്യ നടത്തുക.

ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ-സാങ്കേതിക പങ്കാളികളിലൊന്നാണ് ഇസ്രായേൽ. കാർഗിൽ യുദ്ധകാലം മുതൽ ഇന്ത്യയെ സൈനികമായി സഹായിക്കുന്ന ഇസ്രയേലുമായി ഇന്ന് ഇന്ത്യയ്ക്ക് കോടിക്കണക്കിന് ഡോളറിൻ്റെ പ്രതിരോധ കരാറുകളുണ്ട്. അത്യാധുനിക യുദ്ധോപകരണങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നതും ഇസ്രയേലില്‍ നിന്നാണ്. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിൻ്റെ നിലപാടിനോട് ഇന്ത്യയ്ക്ക് യോജിപ്പുണ്ട്. അടുത്തിടെ നടന്ന പ്രധാനമന്ത്രി മോദിയുടെ ഇസ്രയേൽ സന്ദർശനം ഈ ബന്ധത്തിൻ്റെ ആഴം വർധിപ്പിച്ചു. അതുകൊണ്ട് തന്നെ ഇസ്രയേലിനെ പിണക്കാൻ ഇന്ത്യയ്‌ക്കാവില്ല.

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധത്തെ വെറുമൊരു വ്യാപാര ബന്ധത്തിനപ്പുറം 'പ്രത്യേക തന്ത്രപരമായ പങ്കാളിത്തം' എന്ന നിലയിലേക്ക് ഉയർത്തിയതായി കഴിഞ്ഞ ദിവസം ഇസ്രയേല്‍ സന്ദര്‍ശത്തിനിടെ മോദി പ്രഖ്യാപിച്ചു. പ്രതിരോധം, കൃഷി, ജലം, സൈബർ സുരക്ഷ എന്നീ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി നടത്തിയ ചർച്ചയിൽ, മേഖലയിലെ സമാധാനത്തിന് വിഘാതം നിൽക്കുന്ന ശക്തികളെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണെന്ന് മോദി അഭിപ്രായപ്പെട്ടു. ഇറാൻ ആണവായുധങ്ങൾ നിർമിക്കുന്നത് തടയണമെന്ന ഇസ്രയേലിൻ്റെ നിലപാടിനോട് മോദി അനുഭാവം പ്രകടിപ്പിച്ചിരുന്നു.

ഇറാനെ തള്ളാതെയും ഇന്ത്യ

അതേസമയം, ഇറാനെ പിണക്കാനും ഇന്ത്യയ്ക്ക് സാധിക്കില്ല. മധ്യേഷ്യയിലേക്കും അഫ്‌ഗാനിസ്ഥാനിലേക്കുമുള്ള ഇന്ത്യയുടെ വ്യാപാര പാതയായ ചാബഹാർ തുറമുഖം ഇറാനിലാണ്. പാകിസ്ഥാനെ മറികടന്നുള്ള ഇന്ത്യയുടെ ഈ സ്വപ്‌ന പദ്ധതിക്ക് ഇറാൻ്റെ സഹകരണം അത്യന്താപേക്ഷിതമാണ്. കൂടാതെ, ഭാവിയിലെ ഊർജ്ജ ആവശ്യങ്ങൾക്കും ഇറാനുമായുള്ള ബന്ധം ഇന്ത്യയ്ക്ക് പ്രധാനമാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഒരുകാലത്ത് ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായിരുന്നു ഇറാൻ. എന്നാൽ അമേരിക്കൻ ഉപരോധത്തെത്തുടർന്ന് ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യയ്ക്ക് കുറയ്‌ക്കേണ്ടി വന്നു. എങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് ഇറാനുമായുള്ള ബന്ധം നിർണായകമാണ്. ഇന്ത്യയെ റഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന പാതയാണ് ഇൻ്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോർ. ഇതിൽ ഇറാൻ ഒരു പ്രധാന കണ്ണിയാണ്.

ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ: ഇസ്രയേലിലും ഇറാനിലും മറ്റ് ഗൾഫ് രാജ്യങ്ങളിലുമായി ഏകദേശം 90 ലക്ഷത്തോളം ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. യുദ്ധമുണ്ടായാൽ ഇവരുടെ ജീവനും ഉപജീവനവും അപകടത്തിലാകും. അതുകൊണ്ട് തന്നെ ജാഗ്രത പാലിക്കാൻ ഇന്ത്യൻ എംബസികള്‍ ഇതിനോടകം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവിൽ, "സംയമനം പാലിച്ച് ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണം" എന്ന ഔദ്യോഗിക നിലപാടാണ് വിദേശകാര്യ മന്ത്രാലയം സ്വീകരിക്കുക. ചുരുക്കത്തിൽ, ഇന്ത്യ ആരുടെയും പക്ഷം പിടിക്കില്ല. പകരം, ലോകരാജ്യങ്ങൾക്കിടയിൽ ഒരു മധ്യസ്ഥൻ്റെയോ അല്ലെങ്കിൽ സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന ശക്തിയുടെയോ റോളിലാകും ഇന്ത്യ നിലകൊള്ളുക. ഇസ്രായേലിനോടുള്ള പ്രതിരോധ കൂറും ഇറാനോടുള്ള തന്ത്രപരമായ ആവശ്യകതയും തുല്യമായി തൂക്കിനോക്കിക്കൊണ്ടുള്ള ഒരു 'ബാലൻസിങ് ആക്‌ട്' ആയിരിക്കും വരും ദിവസങ്ങളിൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുക.

Also Read: ഓപ്പറേഷന്‍ ലയണ്‍സ് റോര്‍; ഇസ്രയേല്‍ ലക്ഷ്യമിട്ട് കുതിച്ച് 75 മിസൈലുകള്‍, പശ്ചിമേഷ്യയില്‍ തീക്കളി