ETV Bharat / bharat

ഹൈദരാബാദ് മദ്രാസ് റെജിമെൻ്റിൽ വൻ കവർച്ച; എ.കെ 47 ഉൾപ്പെടെ 12 ആയുധങ്ങൾ മോഷണം പോയി

പ്രതിരോധ സേനയുടെ പരിശീലന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവിധ റെജിമെൻ്റുകൾ ഹൈദരാബാദ് കൻ്റോൺമെൻ്റ് മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്

MADRAS REGIMENT THEFT  THEFT OF WEAPONS  12 WEAPONS MISSING  INDIAN ARMY
Representational image (ETV Bharat)
author img

By ETV Bharat Kerala Team

Published : September 1, 2026 at 9:28 AM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: അതീവ സുരക്ഷയുള്ള ഹൈദരാബാദ് കൻ്റോൺമെൻ്റ് മേഖലയിലെ മദ്രാസ് റെജിമെൻ്റിൽനിന്ന് ആയുധങ്ങൾ കവർന്നു. സൈനിക കേന്ദ്രത്തിലെ ആയുധപ്പുരയുടെ പൂട്ടുപൊളിച്ച് നാല് എ.കെ 47 തോക്കുകൾ ഉൾപ്പെടെ 12 ആയുധങ്ങളാണ് അജ്ഞാതർ മോഷ്ടിച്ചത്. സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥരുടെ പരാതിയിൽ ബൊല്ലാറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതിരോധ സേനയുടെ പരിശീലന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവിധ റെജിമെൻ്റുകൾ ഹൈദരാബാദ് കൻ്റോൺമെൻ്റ് മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് മദ്രാസ് റെജിമെൻ്റ്. സൈനികർക്ക് ഉപയോഗിക്കാനുള്ള ആയുധങ്ങൾ സൂക്ഷിക്കുന്നതിനായി ഇവിടെ പ്രത്യേക വിഭാഗം തന്നെയുണ്ട്. കർശന സുരക്ഷയുള്ള ഈ മേഖലയിലേക്ക് മുൻകൂർ അനുമതിയുള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കാറുള്ളത്. ഞായറാഴ്ച രാത്രിയാണ് അതീവ സുരക്ഷാ മേഖലയായ ഇവിടെനിന്ന് ആയുധങ്ങൾ മോഷണം പോയതായി സൈനിക ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ആയുധങ്ങൾ സൂക്ഷിച്ചിരുന്ന മുറിയുടെ പൂട്ട് തകർത്ത നിലയിലായിരുന്നു. പരിശോധനയിൽ നാല് എ.കെ 47 തോക്കുകൾ, ആറ് പിസ്റ്റളുകൾ, ഒരു ഇൻസാസ് റൈഫിൾ എന്നിവയ്ക്ക് പുറമെ വെടിക്കോപ്പുകളും നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു.

തുടർന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുറത്തുനിന്നുള്ള ഒരാൾക്ക് ഈ സുരക്ഷാ മേഖലയിലേക്ക് കടന്നുകയറാൻ യാതൊരു സാധ്യതയുമില്ലാത്തതിനാൽ, സൈനിക കേന്ദ്രത്തിനുള്ളിൽ പ്രവർത്തിക്കുന്ന ആരുടെയെങ്കിലും സഹായം ഇതിന് പിന്നിലുണ്ടോയെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. മദ്രാസ് റെജിമെൻ്റ് ബൊല്ലാറം പൊലീസ് സ്റ്റേഷൻ്റെ പരിധിയിലായതിനാൽ തിങ്കളാഴ്ച രാവിലെയാണ് സൈന്യം ഔദ്യോഗികമായി പരാതി നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട അതീവ ഗൗരവമുള്ള വിഷയമായതിനാൽ അന്വേഷണ വിവരങ്ങൾ പൊലീസ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. മൽക്കാജ്ഗിരി പൊലീസ് കമ്മിഷണറേറ്റിൻ്റെ കീഴിലുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കാണ് അന്വേഷണ ചുമതല.

ഒന്നിലധികം പേർക്ക് പങ്കെന്ന് സംശയം

മദ്രാസ് റെജിമെൻ്റിലേക്ക് പ്രവേശിക്കുന്നതിനായി നാല് ഗേറ്റുകളാണുള്ളത്. സൈനിക ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കും മാത്രമാണ് ഇതിലൂടെ പ്രവേശിക്കാൻ അനുമതിയുള്ളത്. പുറത്തുനിന്നുള്ളവർക്ക് യാതൊരു കാരണവശാലും ഇതിനുള്ളിലേക്ക് കടക്കാനാകില്ല. ഇത്രയും സുരക്ഷയുള്ള സ്ഥലത്തുനിന്ന് ആയുധങ്ങൾ മോഷണം പോയത് വലിയ ചർച്ചയായിട്ടുണ്ട്. നഷ്ടപ്പെട്ട ആയുധങ്ങൾക്ക് വലിയ ഭാരമുള്ളതിനാൽ ഒരാൾക്ക് മാത്രം ഇത് കടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. അതിനാൽ കുറഞ്ഞത് രണ്ടുപേരെങ്കിലും കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്ന മുറിയെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സംഭവമറിഞ്ഞ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മദ്രാസ് റെജിമെൻ്റിലെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇതിന് പുറമെ, സംഭവത്തിൽ ആർക്കെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്താൻ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജീവനക്കാർക്കിടയിൽ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ എത്രയും വേഗം പ്രതികളെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ.

Also Read: സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പിൽനിന്ന് പിന്മാറിയത് എന്തുകൊണ്ട്? മറുപടിയുമായി പ്രസാധകർ