പാലമോ റോഡോ ഒന്നുമില്ല; മൃതദേഹം കൊണ്ടുപോയത് കഴുത്തറ്റം വെള്ളത്തിലൂടെ ചുമന്ന്, അടിസ്ഥാന സൗകര്യങ്ങളില്ലാതെ ദൊഡ്ഡഹിത്തലകേരി ഗ്രാമം
രാജ്യം ഇത്രയും പുരോഗമിച്ചിട്ടും റോഡോ പ്രദേശത്തെ അരുവി മുറിച്ചുകടക്കാൻ പാലമോ ഈ ഗ്രാമത്തിൽ ഇല്ല.

Published : July 5, 2026 at 9:00 PM IST
ബെംഗളൂരു: രാജ്യം സാങ്കേതിക ലോകത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ്. പക്ഷെ സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും രാജ്യം എല്ലാ തരത്തിലും പുരോഗതിച്ചുവെന്ന് പറഞ്ഞിട്ടും പല ഗ്രാമങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും വെറും ചോദ്യം ചിഹ്നമായി തന്നെ നിൽക്കുകയാണ്.
ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഉത്തര കന്നഡയിലെ ദൊഡ്ഡഹിത്തലകേരി എന്ന ഗ്രാമം. ഇവിടെയുള്ളവർക്ക് ഇത്രയും കാലമായിട്ടും പൊതു റോഡോ പ്രദേശത്തെ അരുവി മുറിച്ചുകടക്കാൻ പാലമോ ഇല്ല. മഴക്കാലം വരുന്നതോടെ ഇവിടുത്തെ ജീവിതം നരകതുല്യമാണെന്ന് പ്രദേശവാസികൾ പറയുന്നു.
മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് കഴുത്തറ്റം വെള്ളത്തിൽ
ജൂലൈ ഒന്നിനാണ് ഗ്രാമത്തിലെ ക്രിസ്‌റ്റൻ ജോസഫ് റോഡ്രിഗസ് എന്നയാൾ മരിക്കുന്നത്. ഇദ്ദേഹത്തിൻ്റെ ശവസംസ്‌കാര ചടങ്ങുകൾക്കായി പ്രദേശവാസികൾ കഴുത്തറ്റം വെള്ളത്തിലാണ് മൃതദേഹം ചുമന്ന് കൊണ്ടുപോയതെന്ന് നാട്ടുകാർ പറയുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം മൃതദേഹം സുരക്ഷിതമായി മറുകരയിലേക്ക് കൊണ്ടുപോവാൻ കഴിയുന്നില്ല. ഈ അവസ്ഥ മുഴുവൻ ഭരണ സംവിധാനത്തിൻ്റെയും ജനപ്രതിനിധികളുടെയും പരാജയത്തിൻ്റെ വ്യക്തമായ പ്രതിഫലനമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
മഴക്കാലത്ത് ഗ്രാമം പൂർണമായും വെള്ളത്തിനടിയിൽ
ദൊഡ്ഡഹിത്തലകേരിയിൽ 50 ലധികം വീടുകളാണുള്ളത്. 150 ലധികം ആളുകൾ പ്രദേശത്ത് താമസിക്കുന്നുണ്ട്. ഗ്രാമത്തിലെത്താൻ പൊതുവഴിയില്ലാത്തതിനാൽ പ്രദേശവാസികൾ മറ്റുള്ളവരുടെ സ്വകാര്യ ഭൂമിയിലൂടെയാണ് വഴിപോവുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പശ്ചിമഘട്ടത്തിന് മുകളിലുള്ള സിദ്ധാപുര പ്രദേശത്ത് കനത്ത മഴ പെയ്യുമ്പോൾ ഗ്രാമത്തിലൂടെ ഒഴുകുന്ന ഭാസ്‌കേരി തോട് കരകവിഞ്ഞൊഴുകും. പലപ്പോഴും വീടുകളിലേക്ക് വരെ വെള്ളം എത്തിയേക്കാം. ഇതുമൂലം നിരവധി കുടുംബങ്ങൾ ക്യാമ്പുകളിലേക്കും മാറ്റും താമസം മാറേണ്ടി വരുന്നു. ദൈനംദിന ആവശ്യങ്ങൾക്കായി പുഴകടക്കേണ്ടവർ അരയോളവും ചിലപ്പോൾ കഴുത്തോളവും വെള്ളത്തിലായിരിക്കും പുഴ കടക്കേണ്ടിവരുക.
വർഷങ്ങളായി ഞങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. പക്ഷെ മഴക്കാലവുമ്പോൾ ഭയന്നാണ് ഞങ്ങൾ ഇവിടെ കഴിയുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, തൊഴിൽ എന്നിവയെ എല്ലാം ബാധിക്കുന്നു. സർക്കാർ ഉടൻ തന്നെ ഞങ്ങൾക്ക് ഒരു പാലവും റോഡും നിർമ്മിച്ച് തരണമെന്ന് പ്രദേശവാസിയായ ബലരാമ നായിക് പറഞ്ഞു.
തിരിഞ്ഞു നോക്കാതെ അധികൃതർ
ഭാസ്‌കാരി തോടിന് കുറുകെയായി പാലം വേണമെന്നും ഗ്രാമത്തിനായി ഒരു പൊതു റോഡും നിർമ്മിച്ച് തരണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രദേശവാസികൾ വർഷങ്ങളായി സർക്കാർ ഓഫിസുകളും മറ്റും കയറി ഇറങ്ങുന്നു. പക്ഷെ പല കാരണങ്ങളാൽ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നത് നാട്ടുകാർക്കിടയിൽ കടുത്ത രോഷത്തിന് കാരണമായിട്ടുണ്ട്.
പാലം നിർമ്മാണത്തിൻ്റെ ഭാഗമായി ഞാൻ ദൊഡ്ഡഹിത്തലകേരി ഗ്രാമം സന്ദർശിച്ചിരുന്നു. നിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ സർവേ നടത്തുകയും ചെയ്‌തിരുന്നു. എന്നാൽ ചില നാട്ടുകാർ പാലം നിർമ്മിക്കാൻ അനുവദിച്ചില്ല. അവർ ആവശ്യപ്പെട്ട സ്ഥലങ്ങളില്ലെല്ലാം ഞാൻ പാലങ്ങൾ നിർമ്മിച്ചിട്ടുണ്ട്. സ്വകാര്യ ഭൂമി ഉള്ളതിനാൽ തന്നെ ഇരുവശത്തും സ്ഥലമില്ല. ഈ കാര്യം ഞാൻ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അത് ഉടൻ പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഹൊന്നവാര ബിജെപി എംഎൽഎ ദിനകർ ഷെട്ടി പറഞ്ഞു.
Also Read: ഉത്തർപ്രദേശിൽ അമ്പതുകാരിയെ മുതല കടിച്ച് കൊന്നു; മൃതദേഹം കണ്ടെത്തി

