"അത് കാമമല്ല, പ്രണയമായിരുന്നു", യുവാവിനെതിരെയുള്ള പോക്‌സോ കേസ് റദ്ദാക്കി ഉത്തരാഖണ്ഡ് ഹൈക്കോടതി
യുവതി ഭർത്താവിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്

Published : February 25, 2026 at 5:57 PM IST
ഡെറാഡൂൺ: പോക്‌സോ കേസിലെ ക്രിമിനൽ നടപടികൾ റദ്ദാക്കി നിര്‍ണായക ഉത്തരവുമായി ഉത്തരാഖണ്ഡ് ഹൈക്കോടതി. പ്രതിയും ഇരയും ഇപ്പോൾ നിയമപരമായി വിവാഹിതരാണെന്നും അവർക്ക് ഒരു കുട്ടിയുണ്ടെന്നും, യുവതി ഭർത്താവിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണ തുടരുന്നതോ പ്രതിയെ ജയിലിലേക്ക് അയക്കുന്നതോ ആ കുടുംബത്തെ തകർക്കും. ഇത്തരമൊരു സാഹചര്യത്തിൽ നടപടികൾ തുടരുന്നത് നീതി നടപ്പാക്കാൻ സഹായിക്കില്ലെന്ന് ജസ്റ്റിസ് അലോക് മെഹ്‌റ നിരീക്ഷിച്ചു.
ഇരയ്ക്ക് ഭർത്താവിനൊപ്പം സമാധാനമായി ജീവിക്കാൻ താല്പര്യമുണ്ടെന്നും ഈ കുറ്റകൃത്യം ഉണ്ടായത് പ്രണയത്തിൽ നിന്നാണെന്നും അല്ലാതെ കാമത്തിൽ നിന്നല്ലെന്നും കോടതി നിരീക്ഷിച്ചു. ചമ്പാവത്ത് സ്പെഷ്യൽ സെഷൻസ് ജഡ്‌ജിയുടെ മുന്നിലായിരുന്നു ഈ കേസ് നിലവിലുണ്ടായിരുന്നത്. തനിക്കെതിരെയുള്ള കുറ്റപത്രവും സമൻസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. കക്ഷികൾ തമ്മിൽ ഒത്തുതീർപ്പിലെത്തിയെന്നും അവർ വിവാഹിതരായെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഇവർക്ക് ഇപ്പോൾ ഒരു കുട്ടിയുണ്ടെന്നും കോടതിയെ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
താൻ ഇപ്പോൾ പ്രായപൂർത്തിയായ വ്യക്തിയാണെന്ന് ഇര കോടതിയിൽ ബോധിപ്പിച്ചു. ആധാർ കാർഡിലെ ജനനത്തീയതി പ്രകാരം ഇത് ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്‌തു. 2023 മെയ് 12-ന് തൻ്റെ സ്വന്തം ഇഷ്‌ടപ്രകാരം പ്രതിയെ വിവാഹം കഴിച്ചുവെന്നും 2025 ഒക്ടോബർ 27-ന് തങ്ങൾക്ക് ഒരു മകൻ പിറന്നുവെന്നും യുവതി ഹർജിയിൽ വ്യക്തമാക്കി. ഈ ഒത്തുതീർപ്പ് ഹര്‍ജിയെ സംസ്ഥാന സർക്കാർ കോടതിയില്‍ എതിര്‍ത്തു.
എന്നാല്‍, ജസ്റ്റിസ് അലോക് മെഹ്‌റയുടെ ഏകാംഗ ബെഞ്ച് മാനുഷിക പരിഗണനയ്ക്കും പ്രായോഗികതയ്ക്കും പ്രാധാന്യം നൽകി. പ്രതിയും ഇരയും നിയമപരമായി വിവാഹിതരായതും അവർക്ക് കുട്ടിയുള്ളതും പരിഗണിച്ച കോടതി, യഥാർത്ഥ നീതി ഉറപ്പാക്കാൻ തൻ്റെ അന്തർലീനമായ അധികാരം ഉപയോഗിക്കാൻ അനുയോജ്യമായ കേസാണിതെന്ന് വിലയിരുത്തുകയും സ്പെഷ്യൽ സെഷൻസ് ജഡ്‌ജിയുടെ മുന്നിലുള്ള നടപടികൾ റദ്ദാക്കുകയും ചെയ്‌തു.
എന്തായിരുന്നു കേസ്?
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ചാണ് ഈ വ്യക്തിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നത്. ചമ്പാവത്തിലെ സ്പെഷ്യൽ സെഷൻസ് കോടതിയിലായിരുന്നു ഈ കേസിൻ്റെ വിചാരണ നടന്നിരുന്നത്. സാധാരണഗതിയിൽ പോക്‌സോ കേസുകൾ ഒത്തുതീർപ്പാക്കാൻ നിയമം അനുവദിക്കാറില്ല. എന്നാല്‍, പരാതി നൽകുന്ന സമയത്ത് പെൺകുട്ടി പ്രായപൂർത്തിയായിരുന്നില്ലെങ്കിലും, ഇപ്പോൾ അവൾക്ക് പ്രായപൂർത്തിയായെന്നും ഭർത്താവിനൊപ്പം സമാധാനമായി ജീവിക്കാൻ താല്‍പര്യമുണ്ടെന്നും ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കി കോടതിയെ ബോധിപ്പിച്ചു. ഇതിനുപിന്നാലെയാണ് കേസ് റദ്ദാക്കിയത്.
Read Also: ദലിത് ദമ്പതികള്‍ക്ക് ദർശനം നിഷേധിച്ചു; കൈപിടിച്ച് ക്ഷേത്രത്തിൽ പ്രവേശിപ്പിച്ച് തഹസിൽദാർ ഇ അഹമ്മദ്

