ETV Bharat / bharat

അവധിക്കാലം ആഘോഷിക്കാൻ പോയ ആറ് സ്വിഗ്ഗി ജീവനക്കാർക്ക് ഉത്തര കന്നഡയിൽ ദാരുണാന്ത്യം

മരിച്ച യുവാക്കൾ എല്ലാവരും സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. പഠനത്തോടൊപ്പം കുടുംബം പോറ്റുന്നതിനായാണ് ഇവർ സ്വിഗ്ഗിയിൽ പാർട്ട് ടൈം ഡെലിവറി ജീവനക്കാരായി ജോലി ചെയ്തിരുന്നത്

LORRY AND TOOFAN VEHICLE ACCIDENT  KARNATAKA HORRIFIC ACCIDENT  SIX DIED ON SPOT JEEP ACCIDENT  THREE SERIOUSLY INJURED
Accident between lorry and Toofan vehicle in Karnataka (ETV Bharat)
author img

By ETV Bharat Kerala Team

Published : July 9, 2026 at 11:33 AM IST

2 Min Read
Choose ETV Bharat

ഉത്തര കന്നഡ: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ യാത്രാവാഹനവും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ആറുപേർ മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യെല്ലാപുർ താലൂക്കിലെ അർബയിൽ ഘാട്ടിൽ ബൽഗാറിന് സമീപമാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മരിച്ചവരെല്ലാം ധാർവാഡ് സ്വദേശികളാണ്. ഹുബ്ബള്ളി-ധാർവാഡ് മേഖലയിൽ പ്രമുഖ ഓൺലൈൻ ഭക്ഷണവിതരണ ശൃംഖലയായ സ്വിഗ്ഗിയിൽ പാർട്ട് ടൈം ഡെലിവറി ജീവനക്കാരായി ജോലി ചെയ്യുന്നവരാണ് അപകടത്തിൽപ്പെട്ട എല്ലാവരും.

വിനോദയാത്ര ദുരന്തമായി മാറി
ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. സുഹൃത്തുക്കളായ ഇവർ അവധിക്കാലം ആഘോഷിക്കുന്നതിനായി ധാർവാഡിൽ നിന്ന് ധർമസ്ഥല, മംഗളൂരു എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോവുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന തൂഫാൻ വാഹനവും (KA19AA5920) എതിരെ വന്ന ലോറിയും (KA22AA1008) തമ്മിൽ അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യാത്രാവാഹനം പൂർണമായും തകർന്നു. വാഹനത്തിൻ്റെ മുൻഭാഗം അപ്പാടെ തകർന്നമർന്നു. ഡ്രൈവർ ഉൾപ്പെടെ ഒൻപതുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. രാത്രി 11 മണിയോടെയാണ് ഇവർ ധാർവാഡിൽ നിന്ന് യാത്ര ആരംഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

മരിച്ചവരുടെ വിവരങ്ങൾ
ധാർവാഡ് സ്വദേശികളായ ബസവരാജ് (48), അഭിഷേക് ഈശ്വർ (28), അക്ഷയ് (26), അഭിഷേക് (26), മഞ്ജുനാഥ് ചുലകി (32), വാഹനത്തിൻ്റെ ഡ്രൈവർ സഞ്ജീവ് അംഗഡി (33) എന്നിവരാണ് മരിച്ചത്. അപകടസ്ഥലത്തുവച്ചുതന്നെ ആറുപേരുടെയും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഒപ്പമുണ്ടായിരുന്ന ശിവരാജ് ദുർഗപ്പ മടിവാൾ (22), സച്ചിൻ, ചെന്നബസയ്യ ബസലിംഗയ്യ (28) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ഉടൻതന്നെ യെല്ലാപുരിലെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം, വിദഗ്ധ ചികിത്സയ്ക്കായി ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് അടിയന്തര ചികിത്സ നൽകിവരികയാണ്. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

കുടുംബത്തിൻ്റെ അത്താണികൾ
മരിച്ച യുവാക്കൾ എല്ലാവരും സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. പഠനത്തോടൊപ്പം കുടുംബം പോറ്റുന്നതിനായാണ് ഇവർ സ്വിഗ്ഗിയിൽ പാർട്ട് ടൈം ഡെലിവറി ജീവനക്കാരായി ജോലി ചെയ്തിരുന്നത്. സുഹൃത്തുക്കളായ ഇവർ ഏറെ നാളത്തെ ആഗ്രഹത്തിനൊടുവിലാണ് പണം സ്വരൂപിച്ച് അവധിക്കാലം ആഘോഷിക്കാൻ യാത്ര തിരിച്ചത്. എന്നാൽ, വിനോദയാത്ര തുടങ്ങി മണിക്കൂറുകൾക്കകം തന്നെ മരണം ഇവരെ തേടിയെത്തുകയായിരുന്നു. അപകടവാർത്ത അറിഞ്ഞതിൻ്റെ ഞെട്ടലിലാണ് ധാർവാഡിലെ ഇവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും.

രക്ഷാപ്രവർത്തനവും അന്വേഷണവും
അപകടവിവരം അറിഞ്ഞയുടൻ യെല്ലാപുർ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വാഹനത്തിൽ കുടുങ്ങിക്കിടന്നവരെ നാട്ടുകാരുടെ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വളവുകൾ നിറഞ്ഞ അർബയിൽ ഘാട്ട് മേഖലയിൽ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. തീരദേശ മേഖലയെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായതിനാൽ ഇവിടെ വലിയ ചരക്കുലോറികളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്.

അമിതവേഗതയാണോ അതോ രാത്രിയിലെ കാഴ്ചക്കുറവാണോ അപകടത്തിന് കാരണമായതെന്ന് വ്യക്തമല്ല. സംഭവത്തിൽ യെല്ലാപുർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വാഹനങ്ങളുടെ അമിതവേഗത ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് മുതിർന്ന പൊലീസ് ഓഫിസർമാർ അറിയിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. പിന്നീട് ക്രെയിൻ ഉപയോഗിച്ച് തകർന്ന വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Also Read: ഐസ്ക്രീം പാർലറിൽ എലിപ്പാച്ചിൽ; മുംബൈക്കാരുടെ പ്രിയപ്പെട്ട 'റുസ്തം' അടപ്പിച്ചു