മഴയത്ത് കയറി നിന്നത് ഹനുമാൻ ക്ഷേത്രത്തിൽ, പിന്നീട് അവിടെവച്ച് നമസ്കാരം; 3 പേർക്കെതിരെ എഫ്ഐആർ
ഹൈന്ദവ സമൂഹത്തിൻ്റെ മതവികാരങ്ങളെ വ്രണപ്പെടുത്താനും ആരാധനാലയത്തിൻ്റെ പവിത്രത തകർക്കാനും ലക്ഷ്യമിട്ടുള്ളതാണ് പ്രതികളുടെ നടപടിയെന്ന് പൊലീസ്

By PTI
Published : June 4, 2026 at 11:00 AM IST
ബുലന്ദ്ഷഹർ (ഉത്തർപ്രദേശ്): ക്ഷേത്രത്തിനുള്ളിൽ നമസ്കരിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ഉത്തർപ്രദേശിൽ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. ബുലന്ദ്ഷഹറിലെ ഹനുമാൻ ക്ഷേത്രത്തിൽ നടന്ന സംഭവത്തിലാണ് ഔറംഗാബാദ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. പൂർണമായും മതവികാരം വ്രണപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ഔറംഗാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മാസം മുപ്പത്തിയൊന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശവാസിയായ രാജ്കുമാർ എന്നയാളുടെ വീട്ടിൽ നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിയതായിരുന്നു പ്രതികൾ. അസർ മുഹമ്മദ്, നസർ മുഹമ്മദ് എന്നിവരും മറ്റ് ചില തൊഴിലാളികളുമാണ് ഇവിടെയെത്തിയത്. ജോലി പുരോഗമിക്കുന്നതിനിടെ ഉച്ചയ്ക്ക് തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ വിശ്രമിക്കുന്ന സമയത്തായിരുന്നു സംഭവം. അപ്രതീക്ഷിതമായി ചെറിയ തോതിൽ മഴ പെയ്തതോടെ അസർ മുഹമ്മദ് അടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ കയറി നമസ്കരിക്കുകയായിരുന്നു. ഈ സമയം നസർ മുഹമ്മദും ഇയാൾക്കൊപ്പം ക്ഷേത്രത്തിലുണ്ടായിരുന്നു.
ക്ഷേത്രത്തിനുള്ളിൽ നമസ്കരിക്കുന്നതിൻ്റെ ദൃശ്യങ്ങൾ ഇതിനിടെ ചിലർ പകർത്തി. ഇത് വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രദേശവാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു.
ഹൈന്ദവ സമൂഹത്തിൻ്റെ മതവികാരങ്ങളെ വ്രണപ്പെടുത്താനും ആരാധനാലയത്തിൻ്റെ പവിത്രത തകർക്കാനും ലക്ഷ്യമിട്ടുള്ളതാണ് പ്രതികളുടെ നടപടിയെന്ന് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നും കുറ്റക്കാർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും ഔറംഗാബാദ് പൊലീസ് ഇൻസ്പെക്ടർ മുഹമ്മദ് അസ്ലം വ്യക്തമാക്കി.
കർശന നടപടിയുമായി പൊലീസ്
പ്രതികൾക്കെതിരെ മതസ്പർധ വളർത്തൽ, ആരാധനാലയത്തെ അപമാനിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ പ്രദേശത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതേത്തുടർന്ന് ബുലന്ദ്ഷഹർ പൊലീസ് പ്രദേശത്ത് സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ പരമാവധി ഒഴിവാക്കുന്നതിൻ്റെ ഭാഗമായി കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രദേശത്തെ പ്രമുഖരുമായി ചേർന്ന് യോഗങ്ങൾ വിളിച്ചുചേർക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. രാജ്കുമാറിൻ്റെ വീട്ടിൽ നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിയ മറ്റ് തൊഴിലാളികളെയും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ക്ഷേത്രത്തിനുള്ളിൽ കയറി നമസ്കരിക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് പൊലീസ് ശാസ്ത്രീയമായി പരിശോധിക്കുന്നുണ്ട്. ബോധപൂർവം മതവികാരം വ്രണപ്പെടുത്താൻ ആരുടെയെങ്കിലും നിർദേശപ്രകാരം ശ്രമിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. കൃത്യസമയത്ത് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങൾ വഴി ബോധപൂർവം പ്രചരിപ്പിച്ചവരെ കണ്ടെത്താനും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ നിരീക്ഷണം
ഉത്തർപ്രദേശിൽ ഇത്തരം സംഭവങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ കർശന നടപടികളാണ് എപ്പോഴും സ്വീകരിക്കുന്നത്. ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ മുൻപും പൊലീസ് കടുത്ത നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൊലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ കർശന നിരീക്ഷണമാണ് പൊലീസ് ഏർപ്പെടുത്തിയിട്ടുള്ളത്.
പ്രകോപനപരമായ ദൃശ്യങ്ങളോ വിദ്വേഷ സന്ദേശങ്ങളോ ഓൺലൈനായി പങ്കുവയ്ക്കുന്നവർക്കെതിരെ ഐടി ആക്ട് ഉൾപ്പെടെയുള്ള കർശന വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ബുലന്ദ്ഷഹറിലെ എല്ലാ പ്രമുഖ ആരാധനാലയങ്ങൾക്കും സുരക്ഷ വർധിപ്പിക്കാനും പ്രാദേശിക ഭരണകൂടം നിലവിൽ തീരുമാനിച്ചിട്ടുണ്ട്.
Also read:- ബിഹാറിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; ഐസിയു വാർഡിലുണ്ടായ അപകടത്തിൽ നാല് മരണം

