ട്രെയിനുകളിലെ വൃത്തിഹീനമായ പാന്‍ട്രികള്‍; ക്ലീനിങ് പ്രോട്ടോക്കോളുകൾ കർശനമാക്കി റെയിൽവേ
കീടങ്ങളെയും എലിശല്യത്തെയും വൃത്തിഹീനമായ അവസ്ഥകളെയും സംബന്ധിച്ച് വിവിധ കോണുകളിൽ നിന്ന് റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് റെയിൽവേ മന്ത്രാലയത്തിൻ്റെ നടപടി.

By PTI
Published : July 8, 2026 at 8:30 PM IST
ന്യൂഡൽഹി: ട്രെയിനുകളിൽ പാചകം ചെയ്യുന്ന സ്ഥലങ്ങളിൽ (പാൻട്രി) ശുചിത്വമില്ലായ്‌മ ചൂണ്ടിക്കാട്ടി കർശന നിർദേശവുമായി റെയിൽവേ മന്ത്രാലയം. 2010 മുതൽ ആവർത്തിച്ച് പുറപ്പെടുവിച്ച ക്ലീനിങ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം എല്ലാ സോണുകൾക്കും മുന്നറിയിപ്പ് നൽകി.
പ്രാഥമിക ഡിപ്പോകളിലെ പാചകം ചെയ്യുന്ന സ്ഥലങ്ങളിൽ വൃത്തിയാക്കൽ, പുകയില സംസ്‌ക്കരണം, അണുവിമുക്തമാക്കൽ, കീട നിയന്ത്രണം എന്നിവ സംബന്ധിച്ച് കാലാകാലങ്ങളിൽ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ നിർദേശങ്ങൾ ഉണ്ടായിരുന്നിട്ടും കീടങ്ങളെയും എലിശല്യത്തെയും വൃത്തിഹീനമായ അവസ്ഥകളെയും സംബന്ധിച്ച് വിവിധ കോണുകളിൽ നിന്ന് റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് റെയിൽവേ മന്ത്രാലയത്തിൻ്റെ നടപടി. തുടർന്ന് എല്ലാ സോണൽ റെയിൽവേകൾക്കും മന്ത്രാലയം നിർദേശങ്ങൾ ഉൾക്കൊള്ളുന്ന കത്തുകൾ നൽകി.

ട്രെയിനിൽ നടക്കുന്ന ഇത്തരം സംഭവങ്ങൾ യാത്രക്കാരുടെ സുഖസൗകര്യങ്ങളെയും ശുചിത്വത്തെയും ഇന്ത്യൻ റെയിൽവേയുടെ പ്രതിച്ഛായയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അതിനാൽ അടിയന്തരവും സ്ഥിരവുമായ ശ്രദ്ധ ആവശ്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
നിർദേശങ്ങൾ പാലിക്കണമെന്ന് ആവർത്തിച്ച് മന്ത്രാലയം
ട്രെയിനുകളിലെ പാചകം ചെയ്യുന്ന സ്ഥലം വൃത്തിയാക്കൽ, അറ്റകുറ്റപ്പണി, പുകയില സംസ്‌ക്കരണം, അണുവിമുക്തമാക്കൽ, കീട നിയന്ത്രണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി റെയിൽവേ ബോർഡ് പുറപ്പെടുവിച്ച നിർദേശങ്ങൾ എല്ലാ സോണൽ റെയിൽവേകളും പതിവായി പാലിക്കണമെന്ന് ഒരിക്കൽ കൂടി മന്ത്രാലയം ആവർത്തിച്ചു.
2024 ൽ നേരത്തെ മന്ത്രാലയം ശുചിത്വ നിർദേശങ്ങളുടെ സമാനമായ ലംഘനങ്ങൾ കണ്ടെത്തി കർശനമായ മുന്നറിയിപ്പ് നൽകിയിരുന്നു. ചില ഡിപ്പോകളിൽ ഈ നിർദേശങ്ങൾ നടപ്പിലാക്കുന്നത് നിർത്തലാക്കിയിട്ടുണ്ടെന്നും അവ പതിവായി പാലിക്കുന്നില്ലെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഗൗരവമായി കണ്ട് മന്ത്രാലയം മുൻപോട്ട് വന്നിരുന്നു.

അതേസമയം, 2010 ലും 2011 ലും മന്ത്രാലയം കർശന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം പാചകം ചെയ്യുന്ന സ്ഥലത്തിൻ്റെ അറ്റകുറ്റപ്പണിയും സുരക്ഷയും ഒപ്പം എലി നിയന്ത്രണവും ഓരോ 15 ദിവസം കഴിയുമ്പോഴും കീട നിയന്ത്രണവും ഉറപ്പാക്കണമെന്ന് അറിയിച്ചിരുന്നു. അതുപോലെ, കേറ്ററിങ് ജോലികൾക്കായി കരാർ പ്രകാരം നിയമിച്ച കമ്പനികളിൽ ജോലി ചെയ്യുന്ന ജീവനക്കാർ കോച്ചുകളുടെ വെസ്‌റ്റിബ്യൂൾ ഭാഗങ്ങളിൽ അവശിഷ്‌ടങ്ങൾ, പേപ്പർ/പ്ലാസ്‌റ്റിക് പ്ലേറ്റുകൾ ഉൾപ്പെടെ വലിച്ചെറിയുന്ന ശീലമുണ്ടെന്ന് മന്ത്രാലയം ശ്രദ്ധിച്ചിരുന്നു.

നിരവധി കേസുകളിൽ ലൈസൻസുള്ള കമ്പനികളുടെ ജീവനക്കാർ ടെർമിനൽ സ്‌റ്റേഷനുകളിലേയ്‌ക്ക് എത്തുമ്പോൾ ഭക്ഷണാവശിഷ്‌ടങ്ങൾ വലിച്ചെറിയുന്നതായി റെയിൽവേ ഉദ്യോഗസ്ഥർ കണ്ടെത്തി. ചിലർ കാരിയേജ് ആൻഡ് വാഗൺ (സി & ഡബ്ല്യു) ഡിപ്പോകൾക്കും വാഷിങ് ലൈനുകൾക്കും സമീപം ഭക്ഷണാവശിഷ്‌ടങ്ങൾ വലിച്ചെറിയുന്നതായും സ്ഥിരീകരിച്ചു.
തുടർന്ന് നിരവധി പരാതികൾക്ക് ശേഷം മാലിന്യ നിർമാർജനം സംബന്ധിച്ച് 2011 ൽ മന്ത്രാലയം മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. ഇതിൻ്റെ ഭാഗമായി കാറ്റിറിങ് സ്ഥാപനങ്ങൾ, സ്‌റ്റേഷൻ മാനേജർ, മറ്റ് ജീവനക്കാർ എന്നിവർക്ക് നിരവധി നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ഒരു റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.

മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി
എന്നിരുന്നാലും, ലൈസൻസുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ ട്രെയിനുകൾ ഓടിക്കൊണ്ടിരിക്കുമ്പോൾ മാനദണ്ഡങ്ങൾ ലംഘിച്ചുവരുന്നതായി മന്ത്രാലയത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർ ട്രെയിനുകൾക്കുള്ളിലോ പുറത്തോ ഭക്ഷണാവശിഷ്‌ടമോ പേപ്പർ പ്ലേറ്റുകളോ അശ്രദ്ധമായി വലിച്ചെറിയുന്ന കേസുകൾ തുടർന്നും ഉയർന്നുവരുന്നു. ഇതിനെതിരെ മന്ത്രാലയവും ബന്ധപ്പെട്ട മേഖലകളും കേസെടുത്ത് പോരുന്നുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
അതേസമയം, സോണൽ റെയിൽവേകളുടെയും കാറ്ററിങ് കരാർ നൽകുന്ന കമ്പനികൾ ഈ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തമുള്ള ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ്റെ (ഐആർസിടിസി) ഭാഗത്തുനിന്നുള്ള അശ്രദ്ധ കാരണം മന്ത്രാലയത്തിൻ്റെ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചു.
Also Read: മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: മുഖ്യപ്രതിയായ സൗരഭ് ചന്ദ്രകർ ഒമാൻ പൊലീസ് കസ്‌റ്റഡിയിൽ

