''വീട് നിർമാണത്തിനിടെ ചെമ്പ് കുടം നിറയെ സ്വർണം''; നിധി കുംഭം കണ്ട് അമ്പരന്ന് നാട്ടുകാർ
നിധി നിയമ പ്രകാരം സ്വർണ ശേഖരം ട്രഷറിക്ക് കൈമാറും. വീട്ടുകാരുടെ സത്യസന്ധതയെ ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.

Published : January 11, 2026 at 3:50 PM IST
ബെംഗളൂരു: വീട് നിർമാണത്തിനിടെ വീട്ട് മുറ്റത്ത് നിന്ന് നിധി കണ്ടെത്തി. തൊഴിലാളികൾ വീടിന് അടിത്തറ പാകാൻ മുറ്റം കുഴിക്കുന്നതിനിടെയാണ് ചെമ്പ് കുടവും സ്വർണവും കണ്ടെത്തിയത്. ശനിയാഴ്‌ച (ജനുവരി 10) ഗഡഗ് താലൂക്കിലെ ലക്കുണ്ടി ഗ്രാമത്തിലെ കസ്‌തുരവ്വ റിട്ടിയുടെ വീട്ടുമുറ്റത്ത് നിന്നുമാണ് നിധി ലഭിച്ചത്.
മണ്ണിനടിയിൽ നിന്നും ലഭിച്ച ചെമ്പ് കുടം തുറന്ന് പരിശോധിച്ചപ്പോൾ അതിനുള്ളിൽ സ്വർണ വളകൾ, ചങ്ങലകൾ, മോതിരങ്ങൾ, മറ്റ് ആഭരണങ്ങൾ എന്നിവ കണ്ടെത്തി. വാർത്ത ഗ്രാമത്തിന് പുറത്തേയ്‌ക്ക് വ്യാപിച്ചതോടെ നിരവധി ആളുകൾ സ്ഥലത്തേയ്‌ക്ക് ഒഴുകിയെത്തി.
നിധി ജില്ലാ ഭരണകൂടത്തിന് കൈമാറി
നിധി വീട്ട് മുറ്റത്ത് നിന്ന് കണ്ടെത്തിയ ഉടൻ തന്നെ വീട്ടുകാർ അധികാരികളെ വിവരം അറിയിച്ചു. തുടർന്ന് ജില്ലയിലെ മന്ത്രിയുടെയും ഡപ്യൂട്ടി കമ്മിഷണറുടെയും നിർദേശപ്രകാരം നിധി കണ്ടെത്തിയ സ്ഥലത്തേയ്‌ക്ക് അന്വേഷണാർഥം ഒരു സംഘത്തെ അയയ്‌ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
"കസ്‌തൂർവ്വ റിട്ടിയുടെയും മകൻ പ്രജ്വൽ റിട്ടിയുടെയും വീടിൻ്റെ അടിത്തറ കുഴിക്കുന്നതിനിടെ ഒരു ചെമ്പ് കണ്ടെത്തി. ആ കലത്തിൽ നിന്ന് പുരാതന കമ്മലുകൾ, മോതിരങ്ങൾ, മാലകൾ എന്നിവയുൾപ്പെടെ 470 ഗ്രാം സ്വർണം കണ്ടെത്തി. നിയമ പ്രകാരം ഞങ്ങൾ ഇത് ട്രഷറിക്ക് കൈമാറും. തുടർന്ന്, ഡപ്യൂട്ടി കമ്മീഷണറുടെ നിർദേശ പ്രകാരം, സർക്കാരിന് വിവരങ്ങൾ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യും. പുരാവസ്‌തു വകുപ്പ് ഈ ആഭരണങ്ങളുടെ കാലാവധി പരിശോധിക്കും. ഡിസിയുടെയും നിയമത്തിൻ്റെയും നിർദേശപ്രകാരം കുടുംബത്തിന് നഷ്‌ട പരിഹാരം നൽകും" - പൊലീസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം വീട്ടുകാരുടെ സത്യസന്ധതയെ ഗഡാഗ് എസ്‌പി റോഹൻ ജഗദീഷ് പ്രശംസിച്ചു. പ്രജ്വൽ റിട്ടി വീട്ട് മുറ്റത്ത് നിന്ന് കിട്ടിയ നിധിയെക്കുറിച്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങളെയും അധികാരികളെയും അറിയിച്ചു. വീട്ടുകാരുടെയും കുട്ടിയുടെയും ഈ സത്യസന്ധതയെ അഭിനന്ദിക്കുന്നു. പൊലീസ് സുരക്ഷയും നിയമപരമായ നടപടിക്രമങ്ങളും വീഡിയോ റെക്കോർഡിംഗും അനുസരിച്ച് നിധി എടുത്തുവെന്നും എന്ന് അദ്ദേഹം പറഞ്ഞു.
ലക്കുണ്ടിയിൽ അതിശയകരമായ ക്ഷേത്രങ്ങൾ, പടിക്കിണറുകൾ, ലിഖിതങ്ങൾ, കല്യാണ ചാലൂക്യ കാലഘട്ടത്തിലെ ചരിത്രപരമായ അവശേഷിപ്പുകളായ രത്നങ്ങൾ, വജ്രങ്ങൾ എന്നിവ മുൻപും കണ്ടെത്തിയിട്ടുണ്ട്. പുരാവസ്‌തു ഗവേഷണ സംഘം ഇവിടെ പഠനം നടത്തി വരികയുമാണ്. അതിനിടയിലാണ് ഒരു നിധി കൂടി പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. ഖനന ഗവേഷണത്തിനും പഠനത്തിനും ഏറെ സാധ്യതകളാണ് ഇതിലൂടെ തുറക്കുന്നത്.
Also Read: സോമനാഥ് ക്ഷേത്രം ആക്രമിക്കപ്പെട്ടതിന്‍റെ ആയിരം വര്‍ഷങ്ങള്‍, ശൗര്യ യാത്രയുമായി പ്രധാനമന്ത്രി

