ETV Bharat / bharat

പൈലറ്റ് മദ്യപിച്ച് ജോലിക്ക് എത്തിയ സംഭവം; എയർ ഇന്ത്യക്ക് മുന്നറിയിപ്പുമായി ട്രാൻസ്‌പോർട്ട് കാനഡ

ഡിസംബർ 23 നായിരുന്നു മദ്യപിച്ച് ജോലിക്കെത്തിയ എയർ ഇന്ത്യ പൈലറ്റിനെ വാൻകൂവർ വിമാനത്താവളത്തിൽ വച്ച് പിടിയിലാവുന്നത്

AIR INDIA PILOT ARRESTED  AIR INDIA CANADA CONTROVERSY  TRANSPORT CANADA  AIR INDIA EXPRESS
Air India Airbus A350 (ANI)
author img

By ETV Bharat Kerala Team

Published : January 3, 2026 at 12:17 PM IST

2 Min Read
Choose ETV Bharat

വാൻകൂവർ: മദ്യപിച്ച് ജോലിക്കെത്തിയ പൈലറ്റ് പിടിയിലായതിനെ തുടർന്ന് മദ്യപാന നിയമങ്ങൾ കർശനമാക്കുമെന്ന മുന്നറിയിപ്പുമായി ട്രാൻസ്‌പോർട്ട് കാനഡ. നിയമം പാലിച്ചില്ലെങ്കിൽ വിമാനം പറത്താനുള്ള അനുമതി നഷ്‌ടപ്പെടുമെന്നും കാനഡയുടെ ഗതാഗത ഏജൻസി എയർ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി.

ഡിസംബർ 23 ന് നടന്ന സംഭവത്തിൽ ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ എയർ ഇന്ത്യയുമായും ഇന്ത്യൻ വ്യോമയാന അധികൃതരുമായും ബന്ധപ്പെടുമെന്ന് ട്രാൻസ്‌പോർട്ട് കാനഡ പ്രസ്‌താവനയിൽ പറഞ്ഞു.

പൈലറ്റുമാരെയോ മറ്റ് ക്രൂ അംഗങ്ങളെയോ മദ്യപിച്ചതിന് ശേഷം 12 മണിക്കൂർ വരെ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്ന് കനേഡിയൻ വ്യോമയാന ചട്ടങ്ങൾ വിലക്കിയിട്ടുണ്ട്. ഡ്യൂട്ടിക്ക് അനുയോജ്യമല്ലാത്ത ജീവനക്കാരെ എയർലൈനുകൾ നിയോഗിക്കാൻ പാടില്ലെന്നും പ്രസ്‌താവനയിൽ പറയുന്നു.

അതേസമയം നിയന്ത്രണങ്ങൾ പാലിക്കാത്തത് എയറോനോട്ടിക്‌സ് ആക്‌ടിന് കീഴിലുള്ള കനേഡിയൻ എവിയേഷൻ ഡോക്യൂമെൻ്റ് നിർത്തിവെക്കുന്നതിനോ റദ്ദാക്കുന്നതിനോ ഇടയാക്കുമെന്നും വിമാനക്കമ്പനികൾക്ക് ജുഡീഷ്യൽ, മറ്റ് പിഴകള്‍ തുടങ്ങിയവ നേരിടേണ്ടിവരുമെന്നും പ്രസ്‌താവനയിൽ പറയുന്നുണ്ട്.

മദ്യപിച്ച് ജോലിക്കെത്തിയ എയർ ഇന്ത്യ പൈലറ്റ് ഡിസംബർ 23 നാണ് വാൻകൂവർ വിമാനത്താവളത്തിൽ വച്ച് പിടിയിലായത്. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ജീവനക്കാരൻ നൽകിയ വിവരത്തെ തുടർന്നാണ് നടപടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇയാൾ മദ്യം കഴിക്കുന്നത് കണ്ടെന്നായിരുന്നു ജീവനക്കാരൻ്റെ മൊഴി. തുടർന്ന് അധികൃതർ പൈലറ്റിനെ ബ്രീത്ത് അനലൈസർ ടെസ്‌റ്റിന് വിധേയനാക്കുകയും മദ്യപിച്ചിട്ടുണ്ടെന്ന് തെളിയുകയുമായിരുന്നു.

സംഭവത്തിൽ എയർ ഇന്ത്യ കോക്‌പിറ്റ് ക്രൂവിന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും രണ്ട് ആഴ്‌ചക്കകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.

സംഭവത്തെ തുടർന്ന് വാൻകൂവറിൽ നിന്ന് ഡൽഹിയിലേക്കുള്ള AI186 വിമാനം രണ്ടു മണിക്കൂറുകളോളം വൈകി. പിന്നീട് മറ്റൊരു പൈലറ്റിനെ നിയോഗിച്ചതിന് ശേഷമാണ് വിമാനം സർവീസ് നടത്തിയത്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിക്കുകയും അന്വേഷണവുമായി കമ്പനി സഹകരിക്കുമെന്നും അറിയിച്ചു.

കുറ്റം ചെയ്‌ത പൈലറ്റിനെ താത്കാലികമായി ജോലിയിൽ നിന്ന് സസ്‌പെൻ്റ് ചെയ്‌തിരിക്കുകയാണ്. കമ്പനിയുടെ ചട്ടങ്ങൾ ലംഘിച്ചെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ പൈലറ്റിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

സുരക്ഷയില്ലാതെ വിമാനം പറത്തിയതിന് ഡിജിസിഎയുടെ നോട്ടീസ്

അതേസമയം മതിയായ സുരക്ഷയില്ലാതെ വിമാനം പറത്തിയ എയർ ഇന്ത്യ പൈലറ്റുമാർക്ക് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടിസ് നൽകിയിട്ടുണ്ട്.നാല്‌ പൈലറ്റുമാർക്കാണ് ഡിജിസിഎ നോട്ടിസ് നൽകിയത്. AI-358, AI-357 എന്നീ വിമാനങ്ങളുടെ എയർക്രാഫ്‌റ്റ് ഡിസ്‌പാച്ച്, മിനമം എക്യൂപ്‌മെൻ്റ് ലിസ്‌റ്റ് പാലിക്കൽ, ഫ്ലൈറ്റ് ക്രൂ എന്നിവയിൽ വീഴ്‌ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൈലറ്റുമാർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.

Also Read: പോര്‍മുഖം തുറന്ന് വീണ്ടും ബിഹാര്‍ രാഷ്‌ട്രീയം; ഇക്കുറി എന്‍ഡിഎയിലും ഇന്ത്യാ സഖ്യത്തിലും ഭിന്നത