മമതയ്ക്ക് കനത്ത തിരിച്ചടി; തൃണമൂല്‍ ബംഗാള്‍ അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു
എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവച്ചതോടെ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.

Published : July 4, 2026 at 3:03 PM IST
|Updated : July 4, 2026 at 3:31 PM IST
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രതിപക്ഷ കക്ഷിയായ തൃണമൂൽ കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞ് പോക്ക്. പാർട്ടിയിലെ പ്രധാന നേതാവും ബംഗാള്‍ തൃണമൂല്‍ അധ്യക്ഷയും മമത ബാനർജിയുടെ അടുത്ത സഹായിയുമായ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു. പാർട്ടിക്കുള്ളിൽ ആഭ്യന്തര കലഹം തുടരുന്നതിനിടയിലാണ് രാജി.
എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവച്ചതോടെ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്. മമത ബാനർജിക്ക് രാജി കത്ത് സമർപ്പിക്കുകയും ചെയ്‌തു. പാർട്ടി അതോറിറ്റി എന്ന സ്ഥാനവും മറ്റ് ഉത്തരവാദിത്തങ്ങളിൽ നിന്നും ചന്ദ്രിമ ഭട്ടാചാര്യ പിന്മാറിയതായി കത്തിൽ പറയുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ത്യണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ കൂട്ടരാജിയും മറ്റും പ്രതിസന്ധിയിലാഴ്‌ത്തിയിരിക്കുകയാണ്.
മമത ബാനർജിയെ ടിഎംസി ചെയർപേഴ്‌സൺ എന്നല്ല, മുൻ മുഖ്യമന്ത്രി എന്നാണ് അവർ അഭിസംബോധന ചെയ്‌തത്. “ജൂൺ 3 ന് നടന്ന യോഗത്തിൽ എനിക്ക് നൽകിയ അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് ഞാൻ ഇതിനാൽ രാജിവയ്ക്കുന്നു. നിലവിൽ ഞാൻ വഹിക്കുന്ന മറ്റ് എല്ലാ സ്ഥാനങ്ങളും ഇതിനാൽ രാജിവയ്ക്കുന്നുവെന്നാണ്,” ഭട്ടാചാര്യ തൻ്റെ രാജിക്കത്തിൽ എഴുതിയത്.
ഇതിന് മുമ്പ് മറ്റ് രണ്ട് പ്രമുഖ നേതാക്കളും രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. പാർട്ടിക്കുള്ളിലെ ഭിന്നതകൾ പരസ്യമാക്കിക്കൊണ്ട് പ്രമുഖ രാജ്യസഭാ എംപി സുഖേന്ദു ശേഖർ റോയ് പാർലമെൻ്റിലെ ഉപരിസഭാംഗത്വവും ത്യണമൂൽ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വവും രാജിവച്ചു. അതിന് മുമ്പ് ജൂൺ പത്തിന് മുതിർന്ന നേതാവ് സുഷ്മിത ദേവും തൻ്റെ എംപി സ്ഥാനം രാജിവച്ചിരുന്നു. തുടർച്ചയായുള്ള ഈ രാജികൾ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും അഴിമതി ആരോപണങ്ങളുമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്കിന് കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതേസമയം മമത ബാനർജിയുടെ വിശ്വസ്‌തരിൽ ഒരാളായിരുന്നു ചന്ദ്രിമ ഭട്ടാചാര്യ. അതിനാലാണ് അവരുടെ രാജി ഒരു രാഷ്‌ട്രിയ തിരിച്ചടിയായി കണക്കാക്കുന്നത്. നോർത്ത് 24 പർഗാനാസിലെ ഉത്തർ നിയമസഭാ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ആ നീക്കം. 76,880 വോട്ടുകൾ മാത്രമാണ് അവർക്ക് ലഭിച്ചത്.
അതേസമയം എതിർകക്ഷിയായ ബിജെപിയുടെ സൗരവ് സിക്ദാറിനോട് 26,404 വോട്ടുകൾക്കാണ് ചന്ദ്രിമ ഭട്ടാചാര്യ തോൽവി ഏറ്റുവാങ്ങിയത്. തുടർച്ചയായ രാജി പാർട്ടിയുടെ തകർച്ചയെയാണ് സൂചിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദേശീയ തലത്തിൽ പ്രതിപക്ഷ നിരയിൽ നിർണായക സ്വാധീനമുള്ള തൃണമൂൽ കോൺഗ്രസിന് രാജ്യസഭയിലെ അംഗബലം കുറയുന്നത് വലിയ ക്ഷീണമുണ്ടാക്കും. അതിനിടയിൽ വിമത നേതാക്കളുടെ നേതൃത്വത്തിൽ പാർട്ടി പിളർപ്പിലേക്ക് നീങ്ങുകയാണെന്നും, ഇവർ കോൺഗ്രസുമായി ലയിക്കാൻ സാധ്യതയുണ്ടെന്നും അഭ്യൂഹങ്ങളും ശക്തമായി ഉയരുന്നുണ്ട്.

