ETV Bharat / bharat

'ബിജെപിയുടെ ആൾക്കൂട്ട ആക്രമണം'; കല്ലേറിൽ തൃണമൂൽ എംപി കല്യാൺ ബാനർജിക്ക് പരിക്ക്

സംഘർഷത്തിനിടെയുണ്ടായ കല്ലേറിൽ ശ്രീരാംപൂരിൽ നിന്നുള്ള തൃണമൂൽ എംപി കല്യാൺ ബാനർജിക്ക് തലയ്‌ക്ക് പരിക്കേറ്റു.

TMC MP KALYAN BANERJEE  TMC MP  KALYAN BANERJEE ATTACK  HOOGHLY POLICE STATION PROTEST
TMC MP Kalyan Banerjee injured in attack (ETV Bharat)
author img

By ETV Bharat Kerala Team

Published : May 31, 2026 at 3:32 PM IST

|

Updated : May 31, 2026 at 4:09 PM IST

3 Min Read
Choose ETV Bharat

കൊൽക്കത്ത: ടിഎംസി അനുയായികൾ നടത്തിയ പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ ടിഎംസി (തൃണമൂൽ കോൺഗ്രസ്) എംപി കല്യാൺ ബാനർജിക്ക് പരിക്കേറ്റു. സംഘർഷത്തിനിടെയുണ്ടായ കല്ലേറിലാണ് ശ്രീരാംപൂരിൽ നിന്നുള്ള തൃണമൂൽ എംപിക്ക് തലയ്‌ക്ക് ഗുരുതര പരിക്കേറ്റത്. ചണ്ഡിതല പൊലീസ് സ്റ്റേഷന് പുറത്ത് വച്ച് ഞായറാഴ്‌ച ആയിരുന്നു സംഭവം.

അറസ്റ്റിലായ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമർപ്പിക്കാൻ പൊലീസ് സ്റ്റേഷനിൽ ഒത്തുകൂടിയ ടിഎംസി അനുയായികളും ബിജെപി പ്രവർത്തകരും തമ്മിലായിരുന്നു സംഘർഷം. ബിജെപി പ്രവർത്തകർ ടിഎംസി വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും പ്രതിഷേധക്കാരെ കള്ളന്മാരെന്ന് വിളിക്കുകയും ചെയ്‌തത് സ്ഥിതിഗതികൾ വഷളായി സംഘർഷത്തിലേക്ക് നീങ്ങാൻ കാരണമായി. ആക്രമം ഒഴിവാക്കാൻ കേന്ദ്രസേനയും പൊലീസും ഇടപെട്ടു.

"ബിജെപി പ്രവർത്തകർ എന്നെ ആക്രമിച്ചു. കാവി നിറത്തിലുള്ള ബാൻഡ് തലയിൽ ധരിച്ച പത്തോളം ബിജെപി അംഗങ്ങൾ ഞങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചു. അവർ എന്നെ പോലും അടിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തു. ബിജെപി ഞങ്ങളെ പൂർണമായും തുടച്ചുനീക്കാനാണ് ശ്രമിക്കുന്നത്. അവർ ഞങ്ങളെ ഏത് വിധേനയും കൊലപ്പെടുത്താൻ വരെ ശ്രമിക്കും എന്നത് ഉറപ്പാണ്. ദയവായി ജാഗ്രത പാലിക്കാൻ ബംഗാളിലെ ജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു," ജനങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് കല്യാൺ ബാനർജി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇതാണോ നിങ്ങൾ ആഗ്രഹിച്ച മാറ്റമെന്നും സുവേന്ദു അധികാരി ഒരു കൊലപാതക മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു. "അയാൾ ഒരു സ്വേച്ഛാധിപതിയാണ്. ഈ തന്ത്രങ്ങൾ സാമിക് ഭട്ടാചാര്യയുടെ ആശയമാണ്. തൃണമൂൽ നിലനിൽക്കുന്നിടത്തോളം കാലം ഞങ്ങളെ ഏത് വിധേനയും കൊല്ലാൻ അവർ പദ്ധതിയിടും. മമത ബാനർജി ഇവിടെയുള്ളിടത്തോളം കാലം ഞങ്ങൾ ശക്തമായ പോരാട്ടം തുടരും. പ്രാദേശിക ഇൻസ്പെക്ടർ-ഇൻ-ചാർജ് (ഐസി) എന്നെ മനഃപൂർവം ആക്രമിക്കാൻ അനുമതി നൽകിയെന്നും കല്യാൺ ബാനർജി പറഞ്ഞു.

അഭിഷേക് ബാനർജിക്ക് എക്‌സ് കാറ്റഗറി സുരക്ഷ

സോണാർപൂരിൽ സന്ദർശനത്തിനിടെ ആക്രമണം നേരിട്ടതിനെ തുടർന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും ഡയമണ്ട് ഹാർബർ എംപിയുമായ അഭിഷേക് ബാനർജിക്ക് എക്‌സ് കാറ്റഗറി സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സോണാർപൂരിലെ സംഭവത്തെത്തുടർന്നാണ് അദ്ദേഹത്തിൻ്റെ സുരക്ഷ മുന്നിൽകണ്ട് തീരുമാനം എടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സന്ദർശന വേളയിൽ എംപിക്ക് നൽകിയ സുരക്ഷാ ക്രമീകരണങ്ങളുടെ പര്യാപ്‌തതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതുവരെ, രണ്ട് സുരക്ഷാ ഗാർഡുകളായിരുന്നു അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത്. എന്നാൽ പുതിയ ഉത്തരവ് പ്രകാരം, മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എല്ലായ്‌പ്പോഴും അഭിഷേക് ബാനർജിക്കൊപ്പം ഉണ്ടാകും. തൃണമൂൽ കോൺഗ്രസിൻ്റെ രണ്ടാമത്തെ കമാൻഡറായി കണക്കാക്കപ്പെടുകയും പാർട്ടിയുടെ പ്രധാന നേതാവായി പ്രവർത്തിക്കുകയും ചെയ്യുന്ന ബാനർജിക്ക്, മുൻ സർക്കാരിൻ്റെ ഭരണകാലത്ത് ഇസഡ്-പ്ലസ് കാറ്റഗറി സുരക്ഷ ലഭിച്ചിരുന്നു.

എന്നാൽ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടർന്ന് സർക്കാർ മാറിയതോടെ അഭിഷേക് ബാനർജിയുടെ ഇസഡ്-പ്ലസ് സുരക്ഷാ പുതിയ സർക്കാർ പിൻവലിച്ചു. ഹരീഷ് മുഖർജി റോഡിലെ അദ്ദേഹത്തിൻ്റെ വസതിക്ക് പുറത്തെ പൊലീസ് സംരക്ഷണവും പിൻവലിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്‌തതായി റിപ്പോർട്ടുകൾ പറയുന്നു. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അഭിഷേകിന് പിന്നാലെ കല്യാൺ ബാനർജി

ഇന്നലെയാണ് അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ട തൃണമൂൽ പ്രവർത്തകൻ്റെ വീട് സന്ദർശിക്കാനെത്തിയ വേളയില്‍ അഭിഷേക് ബാനർജിയെ കൈയേറ്റം ചെയ്‌ത അക്രമികൾ കള്ളൻ, കള്ളൻ എന്ന മുദ്രാവാക്യം വിളിച്ച് കല്ലുകൾ, ഷൂസുകൾ, മുട്ടകൾ എന്നിവ അഭിഷേക് ബാനർജിക്ക് നേരെ വലിച്ചെറിയുകയാണ് ചെയ്‌തത്. സൗത്ത് 24 പർഗാനസിലെ സോനാർപുരിലായിരുന്നു സംഭവം.

ഇതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രവർത്തകൻ്റെ വീട്ടിലേക്ക് നടക്കുന്നതിനിടെ ഒരുകൂട്ടം ആളുകൾ അദ്ദേഹത്തെ കൈയേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് കൂടുതൽ പൊലീസുകാരെത്തിയാണ് അക്രമികളിൽ നിന്ന് അഭിഷേകിനെ രക്ഷപ്പെടുത്തിയത്. തെരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ നേതാക്കന്‍മാര്‍ക്ക് നേരയെും പ്രവർത്തകര്‍ക്ക് നേരയും ബിജെപി ഇത്തരം ആക്രമണങ്ങള്‍ അഴിച്ച് വിട്ടിരുന്നുവെന്നും ആരോപണമുണ്ട്. ഇതുസംബന്ധിച്ചുള്ള കേസുകളുടെ വാദം ഇപ്പോഴും തുടരുന്നു. ശേഷമാണ് പ്രമുഖ പ്രതിനിധികൾക്ക് നേരെ ആള്‍ക്കൂട്ടം അക്രമം അഴിച്ച് വിട്ടത്.

Also Read: "ഭരണാധികാരികള്‍ കൊലപാതകികളാകുന്നു", അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മമതയും പ്രതിപക്ഷവും

Last Updated : May 31, 2026 at 4:09 PM IST