ETV Bharat / bharat

ഭക്ഷ്യവിഷബാധയില്‍ വൈദ്യസഹായം അടക്കം സന്ദർഭോചിതമായ ഇടപെടല്‍; റെയില്‍വേയ്‌ക്ക് നന്ദി പറഞ്ഞ് തൃശൂർ ഹോളി ഫാമിലി സ്‌കൂൾ

അടിയന്തര സാഹചര്യത്തിൽ അതിവേഗത്തിൽ സഹായമെത്തിച്ച ഭാരതീയ റെയിൽവേ, മെഡിക്കൽ സംഘം, പൊലീസ്, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർക്ക് സ്‌കൂൾ നന്ദി പറഞ്ഞു.

HOLLY SCHOOL THRISSUR STUDENTS  THRISSUR STUDENTS FOOD POISONING  RAILWAY SCHOOL THRISSUR STUDENTS  MANGALA EXPRESS
ഖാണ്ഡവ റെയിൽവേ സ്റ്റേഷൻ (ETV Bharat)
author img

By ETV Bharat Kerala Team

Published : September 1, 2026 at 8:16 PM IST

2 Min Read
Choose ETV Bharat

തൃശൂർ/ഭോപ്പോൽ: ഭക്ഷ്യവിഷബാധയേറ്റ വിദ്യാർഥികൾക്ക് വൈദ്യസഹായം ഉറപ്പാക്കിയ റെയില്‍വേയ്‌ക്ക് നന്ദി പറഞ്ഞ് സ്‌കൂൾ. ട്രെയിനിൽ യാത്രക്കിടെ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ട വിദ്യാർഥികൾക്ക് ചികിത്സ ഉറാപ്പാക്കിയ റെയിൽവേ അധികൃതർക്ക് തൃശൂർ ഹോളി ഫാമിലി സ്‌കൂൾ പ്രിൻസിപ്പൽ നന്ദി അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ അതിവേഗത്തിൽ സഹായമെത്തിച്ച ഭാരതീയ റെയിൽവേ, മെഡിക്കൽ സംഘം, പൊലീസ്, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർക്കും പ്രിൻസിപ്പൽ നന്ദി പറഞ്ഞു.

റെയിൽവേ കാണിച്ച ജാഗ്രതയെയും സഹകരണത്തെയും സന്ദർഭോചിതമായ ഇടപെടലിനെയും അവർ പ്രത്യേകം പ്രശംസിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന നൽകുമെന്നും ഏത് അടിയന്തര ഘട്ടത്തിലും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ മധ്യ റെയിൽവേ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി. മധ്യ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. സ്വപ്‌നിൽ നിലയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

ഓഗസ്റ്റ് 31-ന് ദില്ലിയിലെ പഠനയാത്രയ്ക്ക് ശേഷം 12618-ാം നമ്പർ ട്രെയിൻ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിൽ നാട്ടിലേയ്‌ക്ക്‌ മടങ്ങുകയായിരുന്ന ഹോളി ഫാമിലി സി.ജി.എച്ച്.എസ്. സ്‌കൂളിലെ സംഘത്തിനാണ് യാത്രയ്ക്കിടെ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടത്. 80 വിദ്യാർത്ഥികളും 10 ജീവനക്കാരും സംഘത്തിലുണ്ടായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

യാത്ര ചെയ്യുന്നതിനിടെ ചില കുട്ടികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടക്കത്തിൽ കുറച്ച് കുട്ടികളിൽ മാത്രമായിരുന്നു ലക്ഷണങ്ങൾ കണ്ടത്. പിന്നീട് ഇത് കൂടുതൽ പേരിലേക്ക് പടരുകയായിരുന്നു. വിവരം ലഭിച്ചയുടൻ സജ്ജരായ റെയിൽവേ അധികൃതർ ട്രെയിൻ ഖണ്ഡ്‌വ ജങ്ഷനിൽ നിർത്തുകയും അടിയന്തര മെഡിക്കൽ സംഘത്തെ വിവരം അറിയിക്കുകയും ചെയ്‌തു. തുടർന്ന് വിദ്യാർത്ഥികൾക്ക് മധ്യ റെയിൽവേ ട്രെയിനിൽ അടിയന്തര വൈദ്യസഹായം ലഭ്യമാക്കി.

ഡോക്‌ടർമാർ, നഴ്‌സുമാർ, റെയിൽവേ ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന വിദഗ്‌ധ സംഘം സ്റ്റേഷനിൽ നേരത്തെ തന്നെ തയ്യാറായി നിന്നിരുന്നു. കുട്ടികളെ പരിശോധിച്ച സംഘം ആവശ്യമായ പ്രാഥമിക ചികിത്സയും മരുന്നുകളും നൽകി. ആരോഗ്യനില നിരീക്ഷിക്കുന്നതിനായി മെഡിക്കൽ ടീം കുട്ടികളോടൊപ്പം ട്രെയിനിൽ യാത്ര തുടരുകയും ചെയ്‌തു.

തുടർന്ന് ബെർഹാംപൂർ സ്റ്റേഷനിലും ട്രെയിൻ നിർത്തി വിദ്യാർത്ഥികൾക്ക് കൂടുതൽ വൈദ്യസഹായം ഉറപ്പാക്കി. കുട്ടികൾക്ക് ആവശ്യമായ ദഹ്യഭക്ഷണമായി ചോറ്, തൈര്, അച്ചാർ, പഴങ്ങൾ എന്നിവ റെയിൽവേ പ്രത്യേകം ക്രമീകരിച്ചു നൽകി. ശാരീരികക്ഷീണം അനുഭവപ്പെട്ട കുട്ടികൾക്ക് ഡ്രിപ്പ് ഉൾപ്പെടെയുള്ള പരിചരണം നൽകി. ട്രെയിൻ തൃശൂരിൽ എത്തുന്നതുവരെ ഡോക്‌ടർമാരുടെയും നഴ്‌സുമാരുടെയും സംഘം തുടർ യാത്രയിലുടനീളം കുട്ടികളുടെ ആരോഗ്യം കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരുന്നു.

യാത്രക്കാരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ റെയിൽവേ ഉദ്യോഗസ്ഥർ, മെഡിക്കൽ ടീമുകൾ, ആർപിഎഫ്/ജിആർപി, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവരുടെ ഏകോപിത ശ്രമങ്ങൾ ഇനിയും തുടരും.

ALSO READ: പപ്പു യാദവിൻ്റെ ഉറപ്പ്; നീതി തേടി പൊലീസിനെതിരെ പ്രതിഷേധിച്ച് ശ്രദ്ധനേടിയ ആറുവയസുകാരൻ ആദിത്യ കുമാർ സമരം അവസാനിപ്പിച്ചു