ETV Bharat / bharat

ഹൈദരാബാദിൽ ഇനി 'ക്യുവർ' ഭരണം; 71 വർഷം പഴക്കമുള്ള നിയമം പൊളിച്ചെഴുതാൻ തെലങ്കാന

ജിഎച്ച്എംസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കരട് ബില്ലിൻ്റെ പകർപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ബില്ലിൻ്റെ പകർപ്പ് തുറക്കുമ്പോൾ വെബ്പേജിന് താഴെയായി 'പ്രൊസീഡ് ടു ഫീഡ്ബാക്ക്' (Proceed to Feedback) എന്ന വെബ് ലിങ്ക് കാണാൻ സാധിക്കും

CURE 2026 ACT HYDERABAD  INVITE FEEDBACK OF CURE 2026 ACT  GHMC ACT TELENGANA  NEW LEGAL FRAMEWORK HYDERABAD
hyderabadh (ETV Bharat)
author img

By ETV Bharat Kerala Team

Published : July 6, 2026 at 11:05 AM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: തെലങ്കാനയിലെ നഗരഭരണ സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. ഏഴ് പതിറ്റാണ്ട് പഴക്കമുള്ള ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ (ജിഎച്ച്എംസി) നിയമത്തിന് പകരമായി 'കോർ അർബൻ റീജിയൻ ഇൻ്റഗ്രേറ്റഡ് ഗവേണൻസ് ബിൽ' അഥവാ 'ക്യുവർ-2026' (CURE-2026) നിയമത്തിൻ്റെ കരട് സർക്കാർ പുറത്തിറക്കി. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. കരട് നിയമത്തിൽ പൊതുജനങ്ങൾക്കും വിദഗ്ധർക്കും ഈ മാസം 24 വരെ അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം.

അഭിപ്രായങ്ങൾ അറിയിക്കാൻ
ഇതിനായി ജിഎച്ച്എംസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കരട് ബില്ലിൻ്റെ പകർപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ബില്ലിൻ്റെ പകർപ്പ് തുറക്കുമ്പോൾ വെബ്പേജിന് താഴെയായി 'പ്രൊസീഡ് ടു ഫീഡ്ബാക്ക്' (Proceed to Feedback) എന്ന വെബ് ലിങ്ക് കാണാൻ സാധിക്കും. ഇതിൽ ക്ലിക്ക് ചെയ്താൽ നിർദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്താനുള്ള പ്രത്യേക ഫോം ലഭിക്കും. ഇതിൽ വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാരിലേക്ക് അയക്കാവുന്നതാണ്. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് പാസാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനങ്ങളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച ശേഷമായിരിക്കും അന്തിമ നിയമം രൂപീകരിക്കുക.

കാലോചിതമായ മാറ്റം
നിലവിൽ പ്രാബല്യത്തിലുള്ള 1955ലെ ഹൈദരാബാദ് മെട്രോപൊളിറ്റൻ കോർപറേഷൻ നിയമത്തിന് പകരമായാണ് പുതിയ ബിൽ കൊണ്ടുവരുന്നത്. 71 വർഷങ്ങൾക്ക് മുൻപ് കേവലം 15 ലക്ഷം ജനസംഖ്യയുണ്ടായിരുന്ന സമയത്താണ് എംസിഎച്ച് (മുനിസിപ്പൽ കോർപറേഷൻ ഓഫ് ഹൈദരാബാദ്) നിയമം രൂപീകരിച്ചത്. പിന്നീട് ജിഎച്ച്എംസി രൂപീകരിച്ചപ്പോഴും ഈ നിയമം തന്നെ തുടർന്നു. അടുത്തിടെ ജിഎച്ച്എംസിയെ വിഭജിച്ച് മൂന്ന് കോർപറേഷനുകൾ രൂപീകരിച്ചിരുന്നു. നിലവിൽ ഈ മൂന്ന് കോർപറേഷനുകളുടെയും ഭരണം പഴയ നിയമപ്രകാരമാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ഭാവിയിലെയും നിലവിലെയും ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തി ക്യുവർ-2026 ബിൽ കൊണ്ടുവന്നിരിക്കുന്നത്.

തുടരുന്നവയും പുതിയ മാറ്റങ്ങളും
കോർപറേഷനുകൾ, സ്റ്റാൻഡിങ് കമ്മിറ്റികൾ, കമ്മിഷണർമാർ, വാർഡ് കമ്മിറ്റികൾ, തെരഞ്ഞെടുപ്പ് നടത്തിപ്പ്, വസ്തുനികുതി നിർണയം, കടം പിരിച്ചെടുക്കാനുള്ള അധികാരങ്ങൾ, മൃഗസംരക്ഷണം തുടങ്ങിയ പ്രധാന കാര്യങ്ങൾ പഴയ ജിഎച്ച്എംസി നിയമത്തിലേതുപോലെ തന്നെ തുടരും. എന്നാൽ കോർപറേഷനുകളിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രാതിനിധ്യം നൽകാനുള്ള സുപ്രധാന വ്യവസ്ഥ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കോർപറേറ്റർമാരുടെ അയോഗ്യത സംബന്ധിച്ച വ്യവസ്ഥകൾ ഒഴിവാക്കുകയും ചെയ്തു.

വസ്തുനികുതിയിൽ മാറ്റം
പഴയ ഗ്രേറ്റർ ഹൈദരാബാദ് മേഖലയിൽ നിലവിൽ വീട്ടുവാടകയുടെ അടിസ്ഥാനത്തിലാണ് വസ്തുനികുതി കണക്കാക്കുന്നത്. എന്നാൽ സംസ്ഥാനത്തെ മറ്റ് മുനിസിപ്പാലിറ്റികളിൽ ഭൂമിയുടെ മൂല്യാധിഷ്ഠിത നികുതി സമ്പ്രദായമാണ് നിലവിലുള്ളത്. പുതിയ ക്യുവർ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഈ മേഖലയിലെ മുനിസിപ്പാലിറ്റികളിലും ഭൂമിയുടെ മൂല്യത്തിൻ്റെ അടിസ്ഥാനത്തിലുള്ള നികുതി സമ്പ്രദായം നടപ്പിലാക്കാനാണ് നിർദേശിക്കുന്നത്. ഇതോടെ വസ്തുനികുതിയിൽ വർധന ഉണ്ടായേക്കും.

സമഗ്ര ഭരണത്തിനായി
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ക്യുവർ അപെക്സ് ഗവേണൻസ് കൗൺസിലും എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കും. ഹൈഡ്ര (HYDRA), ദുരന്തനിവാരണം, ഗതാഗത നിയന്ത്രണം, കാലാവസ്ഥ വ്യതിയാനം, പൈതൃക സംരക്ഷണം, ഭക്ഷ്യസുരക്ഷ, ലിംഗസമത്വം, തൊഴിലാളി ക്ഷേമം എന്നിവയ്ക്കായി പ്രത്യേക സ്ഥാപനങ്ങൾ പ്രവർത്തിക്കും.

ഡിജിറ്റൽ സേവനങ്ങളും ആസൂത്രിത വികസനവും
ദുരന്തസമയങ്ങളിൽ വേഗത്തിൽ പ്രതികരിക്കുന്നതിനായി എല്ലാ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി 'ക്യുവർ സ്മാർട്ട് ഗവേണൻസ് സെൻ്റർ' സ്ഥാപിക്കും. പരാതികൾ പരിഹരിക്കുന്നതിനായി 'ക്യുവർ അപ്പലേറ്റ് അതോറിറ്റി' രൂപീകരിക്കും. അനധികൃത നിർമാണങ്ങൾക്ക് കനത്ത പിഴ ഈടാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. വേഗത്തിലുള്ള നിർമാണ അനുമതികൾ, എല്ലാത്തരം ബിസിനസുകൾക്കും ഒറ്റ ട്രേഡ് ലൈസൻസ്, രാത്രികാല സമ്പദ്‌വ്യവസ്ഥ (നൈറ്റ് ഇക്കോണമി) മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ എന്നിവയും ക്യുവർ ബില്ലിൻ്റെ ഭാഗമായി രൂപീകരിച്ചിട്ടുണ്ട്.

Also Read:31 കിലോമീറ്റർ സഞ്ചരിക്കാൻ രണ്ടര മണിക്കൂർ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ വലഞ്ഞ് ക്രിസ് ഗോപാലകൃഷ്ണൻ