ETV Bharat / bharat

തമിഴ്‌നാട്ടിലെ ടാസ്‌മാക് ജീവനക്കാർക്ക് വൻ ശമ്പളവർധനവ്: നിയമസഭയിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി മന്ത്രി വിഘ്നേഷ്

ശമ്പളവർധനവിന് പുറമെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാനും വ്യാജമദ്യ നിർമ്മാണം തടയാനുമായി 12 പ്രധാന പ്രഖ്യാപനങ്ങളാണ് മന്ത്രി നടത്തിയത്.

TAMIL NADU TASMAC  MINISTER VIGNESH ANNOUNCEMENTS  EMPLOYEE PAY SCALE UPDATE  SALARY HIKE AND WELFARE SCHEMES
മന്ത്രി വിഘ്നേഷ് (ETV Bharat)
author img

By ETV Bharat Kerala Team

Published : August 31, 2026 at 4:04 PM IST

2 Min Read
Choose ETV Bharat

ചെന്നൈ: തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷനിലെ (TASMAC) ജീവനക്കാർക്ക് ആശ്വാസമായി മാസശമ്പളം വർധിപ്പിച്ചതായി എക്സൈസ് വകുപ്പ് മന്ത്രി വിഘ്നേഷ് നിയമസഭയിൽ അറിയിച്ചു. 23 വർഷമായി കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ക്ഷേമം മുൻനിർത്തിയാണ് സെപ്റ്റംബർ 1 മുതൽ പുതിയ വേതന ഘടന പ്രാബല്യത്തിൽ വരുന്നത്. ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതിനൊപ്പം മേഖലയിലെ ക്രമക്കേടുകൾ തടയുന്നതിനുമുള്ള 12 സുപ്രധാന പ്രഖ്യാപനങ്ങളാണ് മന്ത്രി നടത്തിയത്.

പുതിയ തിരുമാനം അനുസരിച്ച് ടാസ്‌മാക് സൂപ്പർവൈസർമാർക്ക് പ്രതിമാസം 33,023 രൂപയും സെയിൽസ്‌മാന്മാർക്ക് 30,284രൂപയും അസിസ്റ്റൻ്റ് സെയിൽസ്‌മാന്മാർക്ക് 28,680 രൂപയും ശമ്പളമായി ലഭിക്കും. മുൻപ് 2,000 രൂപ മുതൽ 14,000 രൂപ വരെ മാത്രം ലഭിച്ചിരുന്ന സ്ഥാനത്താണിത്. ഈ ശമ്പള വർധനവ് വഴി സംസ്ഥാന സർക്കാരിന് പ്രതിവർഷം 486.90 കോടിയുടെ അധിക ചെലവ് വരും.

ജീവനക്കാർക്കുള്ള മറ്റ് ക്ഷേമ പദ്ധതികൾ

  • ഉത്സവ അഡ്വാൻസ്: ജീവനക്കാർക്ക് 20,000 രൂപ ഫെസ്റ്റിവൽ അഡ്വാൻസ് നൽകും.
  • യൂണിഫോം അലവൻസ്: 3 സെറ്റ് യൂണിഫോമുകൾക്കായി പ്രതിവർഷം 6,000 രൂപ നൽകും.
  • കടകളുടെ പരിപാലനം: അടിസ്ഥാന സൗകര്യങ്ങൾക്കായി നഗരങ്ങളിലെ ഷോപ്പുകൾക്ക് പ്രതിമാസം 5,000 രൂപയും മുനിസിപ്പാലിറ്റി/പഞ്ചായത്തുകൾക്ക് 4,000 രൂപയും, ഗ്രാമീണ മേഖലകൾക്ക് 3,000 രൂപയും ചില്ലറ ചെലവുകൾക്കായി അനുവദിക്കും.
  • ജോലി സമയ ക്രമീകരണം: 8 മണിക്കൂർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി, ആഴ്‌ചയിലൊരിക്കൽ അവധി, മാസത്തിൽ 2 ദിവസത്തെ പെയ്‌ഡ് കാഷ്വൽ ലീവ് എന്നിവ ഉറപ്പാക്കും.
  • ജൂനിയർ അസിസ്റ്റൻ്റ് തസ്‌തിക: യോഗ്യരായ 250 ജീവനക്കാരെ പ്രത്യേക പരീക്ഷയിലൂടെ ജൂനിയർ അസിസ്റ്റൻ്ററുമാരായി നിയമിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വ്യാജമദ്യ നിർമ്മാണം തടയാൻ പുനരധിവാസ സഹായം 50,000-രൂപയിൽ നിന്ന് 1,00,000 രൂപയായി ഉയർത്തി 10 കോടി രൂപയുടെ പുനരധിവാസ ഫണ്ട് രൂപീകരിക്കും. മെഥനോൾ ദുരുപയോഗം തടയാൻ പുതിയ നയം കൊണ്ടുവരും. 'ഇ-കലാൽ' പ്ലാറ്റ്‌ഫോം വഴി ലൈസൻസ് റദ്ദാക്കൽ, പുതുക്കൽ, പെർമിറ്റുകൾ എന്നിവ പൂർണമായും ഡിജിറ്റലാക്കും (₹1.69 കോടി ചെലവിൽ). പ്രൊഹിബിഷൻ എൻഫോഴ്‌സ്‌മെൻ്റ് വിഭാഗത്തിനായി 10 ഓൾ ടെറൈൻ വാഹനങ്ങളും 10 ഡ്രോണുകളും 2.58 കോടി ചെലവിൽ വാങ്ങും. മദ്യവർജ്ജന ബോധവത്‌കരണ ഫണ്ട് 5 കോടിയിൽ നിന്ന് 10 കോടിയായും സോഷ്യൽ മീഡിയ പ്രചാരണം 2 കോടിയായും വർധിപ്പിച്ചു.

ശമ്പളവർദ്ധനവിന് പിന്നാലെ ജീവനക്കാർ അധികവില ഈടാക്കിയാൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വിഘ്നേഷ് മുന്നറിയിപ്പ് നൽകി. മുൻപ് 1 രൂപ മുതൽ 9 രൂപ വരെ അധികം വാങ്ങിയാൽ പിഴ മാത്രമാണ് ഈടാക്കിയിരുന്നതെങ്കിൽ, പുതിയ നിർദ്ദേശപ്രകാരം 1 രൂപ അധികം വാങ്ങിയാൽ പോലും താത്‌ക്കാലികമായി ജോലിയിൽ നിന്ന് നീക്കം ചെയ്യും. അടുത്ത 3 മാസത്തിനുള്ളിൽ ആവർത്തിച്ചാൽ സ്ഥിരമായി ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read: തമിഴ്‌നാട്ടിൽ വികസനക്കുതിപ്പ്; 33,066 കോടിയുടെ ഊർജ പദ്ധതികളും ഫിൻടെക് ഹബ്ബും പ്രഖ്യാപിച്ച് സർക്കാർ