ഒ പനീർസെൽവം ഡിഎംകെയിൽ ചേർന്നു; തീരുമാനം സ്‌റ്റാലിനെ സന്ദർശിച്ച ശേഷം
അണ്ണാഡിഎംകെ മുൻ കോ-ഓർഡിനേറ്ററുമായിരുന്ന ഒ പനീർസെൽവം ഡിഎംകെയിൽ ഔദ്യോഗികമായി ചേർന്നു..

Published : February 27, 2026 at 11:02 AM IST
ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ മുൻ കോ-ഓർഡിനേറ്ററുമായിരുന്ന ഒ പനീർസെൽവം (ഒപിഎസ്) ഔദ്യോഗികമായി ദ്രാവിഡ് മുന്നേറ്റ കഴകത്തിൽ (ഡിഎംകെ) ചേർന്നു. മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. നിലവിലുള്ള എംഎൽഎ സ്ഥാനം രാജിവയ്‌ക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അന്തരിച്ച എഐഎഡിഎംകെ മുൻ അധ്യക്ഷ ജയലളിതയുടെ കടുത്ത അനുയായി ആയിരുന്നു പനീർസെൽവം. എന്നാൽ കുറച്ച് നാളായി പാർട്ടിക്ക് പുറത്തായിരുന്നു അദ്ദേഹം. ചെന്നൈയിലെ പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ വച്ചാണ് സ്‌റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തിയത്. അതേസമയം പാർട്ടിയുടെ നിലവിലെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ ഭാഗമായി 2026ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നിൽക്കവേയാണ് പനീർസെൽവത്തിൻ്റെ അപ്രതീക്ഷിത നയമാറ്റം. ഫെബ്രുവരി അഞ്ചിനാണ് എൻഡിഎയുമായുണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മുന്നണി വിട്ട് സ്‌റ്റാലിനൊപ്പം ചേരുമോ, തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ തുടങ്ങിയ ചർച്ചകൾ അന്നുമുതല്‍ ഉടലെടുത്തിരുന്നു. എല്ലാ സംശയങ്ങൾക്കുള്ള ഉത്തരമാണ് ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ ലഭിച്ചത്. വരും ദിവസങ്ങളിൽ ഈ മാറ്റം രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നത് തീർച്ചയാണ്.
പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പനീർസെൽവം രാഷ്ട്രീയ തിരിച്ചുവരവിനായി 'എഐഎഡിഎംകെ പുരട്‌ചി തലൈവി അമ്മ' എന്ന പേരിൽ സ്വന്തം ഗ്രൂപ്പ് ആരംഭിച്ചു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമായി രാമനാഥപുരത്ത് നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബിജെപി തന്നെ അവഗണിക്കുകയും മാറ്റിനിർത്തുകയും ചെയ്‌തെന്ന് തുടർച്ചയായി പരാതികള്‍ ഉന്നയിച്ചെങ്കിലും ഇതൊന്നും പരിഗണിക്കപ്പെട്ടില്ല. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കാണാനുള്ള അവസരങ്ങളും നിഷേധിക്കപ്പെട്ടു.
ഇതിനിടെ ജൂലൈ 31ന് ഒപിഎസ് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ഒന്നിലധികം കൂടിക്കാഴ്‌ചകള്‍ നടത്തിയതായി റിപ്പോർട്ടുകള്‍ പുറത്തുവന്നു. സ്റ്റാലിൻ്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കാൻ നടത്തിയ കൂടിക്കാഴ്‌ച തികച്ചും വ്യക്തിപരം മാത്രമായിരുന്നു എന്നായിരുന്നു ഒപിഎസിൻ്റെ പ്രതികരണം. മുന്നണി വിടൽ പ്രഖ്യാപനത്തോടെ ഒപിഎസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപിയും രംഗത്തെത്തി. അവസരവാദം എന്നാണ് ഈ നീക്കത്തെ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് കരു നാഗരാജൻ വിശേഷിപ്പിച്ചത്.
Also Read: റിങ്കു സിങ്ങിന്‍റെ പിതാവ് അന്തരിച്ചു; ഇന്ത്യന്‍ ക്യാമ്പ് വിട്ട് താരം

