"ഊഹാപോഹങ്ങളിൽ മുഴുകരുത്"; കർണാടകയിലെ നേതൃത്വമാറ്റ അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് രൺദീപ് സിങ് സുർജേവാല
നേതൃത്വമാറ്റം സംബന്ധിച്ച് പാര്‍ട്ടി യോഗം വിളിച്ചിട്ടില്ലെന്ന് സുർജേവാല, ഊഹോപോഹങ്ങളില്‍ മുഴുകരുതെന്ന് പ്രതികരണം.

Published : May 28, 2026 at 7:17 AM IST
ബെംഗളൂരു: കർണാടകയിൽ നേതൃത്വമാറ്റം നടക്കുമെന്ന അഭ്യൂഹങ്ങൾ പൂർണമായി തള്ളിക്കളഞ്ഞ് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല. നേതൃത്വമാറ്റം സംബന്ധിച്ച് കോൺഗ്രസ് പാർട്ടി, ഒരു യോഗവും വിളിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടും പാർട്ടി പ്രവർത്തകരോടും ഊഹാപോഹങ്ങളിൽ മുഴുകരുതെന്നും സുർജേവാല അഭ്യർത്ഥിച്ചു.
ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതൃത്വം എടുക്കുന്ന ഏതൊരു തീരുമാനവും വ്യക്തികളുടെ താൽപ്പര്യത്തിനല്ല, മറിച്ച് കർണാടകയുടെ താൽപ്പര്യത്തിനായിരിക്കും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും പാർട്ടിക്കും സർക്കാരിനും നൽകിയ സംഭാവനകൾക്ക് അദ്ദേഹം പ്രശംസിച്ചു.“പ്രതിപക്ഷ നേതാവായും രണ്ടുതവണ മുഖ്യമന്ത്രിയായും വളരെയധികം സംഭാവനകൾ നൽകിയ പരിചയസമ്പന്നനും ബഹുമാന്യനുമായ നേതാവാണ് സിദ്ധരാമയ്യ. യൂത്ത് കോൺഗ്രസിൽ നിന്ന് പി.സി.സി പ്രസിഡന്‍റായി ഡി.കെ. ശിവകുമാർ ഉയർന്നുവന്നിട്ടുണ്ട്, പാർട്ടിയെയും സർക്കാരിനെയും ഫലപ്രദമായി സേവിക്കുന്നത് തുടരുന്നു” സുർജേവാല പറഞ്ഞു.
കര്‍ണാടകയില്‍ നേതൃത്വ മാറ്റമോ ?
കര്‍ണാടകയില്‍ സിദ്ധരാമയ്യ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്ന ഊഹാപോഹങ്ങള്‍ ഉടലെടുത്തു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്ന് അനുയായികള്‍ ആവര്‍ത്തിച്ച് പറഞ്ഞു.
ചൊവ്വാഴ്‌ച സിദ്ധരാമയ്യയും ശിവകുമാറും ന്യൂഡൽഹിയിലേക്ക് പോയതോടെ ഊഹപോഹങ്ങള്‍ വര്‍ധിച്ചു. ഖാർഗെ, രാഹുൽ ഗാന്ധി, സുർജേവാല, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവര്‍ ചര്‍ച്ച നടത്തി. എന്നാല്‍ ചര്‍ച്ചകള്‍ വരാനിരിക്കുന്ന രാജ്യസഭ, നിയമസഭ തെരഞ്ഞെടുപ്പുകളെ സംബന്ധിച്ചുള്ളതാണെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
യോഗം പൂർണമായും തെരഞ്ഞെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും നേതൃമാറ്റത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. സംസ്ഥാനങ്ങളിൽ നിന്നുള്ള നോമിനികൾക്കൊപ്പം രാജ്യസഭ, കൗൺസിൽ തെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർഥികളെ അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, ഔദ്യോഗിക ചർച്ചകൾക്ക് ശേഷം സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും തമ്മിൽ 30 മിനിറ്റിലധികം പ്രത്യേക കൂടിക്കാഴ്‌ച നടന്നതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ഒരു മാറ്റത്തിന് തയ്യാറെടുക്കാൻ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് മറ്റൊരു ചർച്ച കൂടി പ്രതീക്ഷിക്കുന്നു.
ഗവർണറുടെ സമയം തേടി സിദ്ധരാമയ്യ
അതേസമയം, വ്യാഴാഴ്‌ച ഉച്ചയ്ക്ക് കർണാടക ഗവർണർ തവാർചന്ദ് ഗെലോട്ടിനെ കാണാൻ സിദ്ധരാമയ്യ സമയം തേടിയതായി മുതിർന്ന കോൺഗ്രസ് എംഎൽഎയും നിയമസഭാ ചീഫ് വിപ്പുമായ അശോക് പട്ടാൻ പറഞ്ഞു. നിയമസഭാ പാർട്ടി യോഗത്തെക്കുറിച്ച് ഒരു വിവരവും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വമാറ്റം മന്ത്രിസഭാ പുനഃസംഘടനയിലേക്ക് നയിച്ചേക്കാമെന്നും അതിൽ ഏകദേശം 15 മന്ത്രിമാർക്ക് സ്ഥാനങ്ങൾ നഷ്‌ടപ്പെടുമെന്നും പട്ടാൻ പറഞ്ഞു. “ആ ഒഴിവുകൾ ഉണ്ടായതിനുശേഷം മാത്രമേ മറ്റുള്ളവർക്ക് അവസരങ്ങൾ തുറക്കൂ” അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read:കർണാടക മുഖ്യമന്ത്രി നാളെ രാജി വച്ചേക്കും; ഗവർണറുടെ സമയം തേടി സിദ്ധരാമയ്യ

