ETV Bharat / bharat

അപ്പെൻഡിസൈറ്റിസിന് ചികിത്സ തേടിയ 9-ാം ക്ലാസുകാരി പ്രസവിച്ചു; പോക്സോ കേസെടുത്ത് പൊലീസ്

കുട്ടിയുടെ ഗർഭധാരണത്തെക്കുറിച്ച് അറിയില്ല എന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. ഇതുവരെ, പ്രതിയെ തിരിച്ചറിയാനോ കണ്ടെത്താനോ സാധിച്ചിട്ടില്ല. കുട്ടി ഇതുവരെ ആരുടേയും പേര് വെളിപ്പെടുത്തിയിട്ടില്ല.

പെൺകുഞ്ഞിന് ജന്മം നൽകി  പോക്സോ  ഉത്തരാഖണ്ഡ്  ഒൻപതാം ക്ലാസ്‌ വിദ്യാർഥിനി
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : February 27, 2026 at 7:03 PM IST

2 Min Read
Choose ETV Bharat

ഡെറാഡൂൺ: ഒൻപതാം ക്ലാസുകാരി പെൺകുഞ്ഞിന് ജന്മം നൽകി. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ ഒൻപതാം ക്ലാസ്‌ വിദ്യാർഥിനിയായ 16 വയസുകാരിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി പൊലീസ് സംശയിക്കുന്നു. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

കുട്ടിയുടെ ഗർഭധാരണത്തെക്കുറിച്ച് അറിയില്ല എന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. "കുട്ടിക്ക് അപ്പെൻഡിസൈറ്റിസ് ഉണ്ടെന്ന സംശയത്തെ തുടർന്ന് രുദ്രപ്രയാഗിലെ ജില്ലാ ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി കൊണ്ടുപോയി. അവിടെ വച്ച് ഡോക്‌ടർമാർ കുട്ടിയെ പരിശോധിച്ചു. അങ്ങനെയാണ് അവൾ ഗർഭിണിയാണെന്ന് കണ്ടെത്തിയത്. കൂടുതൽ പരിശേധനയ്‌ക്കായി ശ്രീനഗറിലെ ബേസ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നെന്ന്" കുടുംബാഗങ്ങൾ പറഞ്ഞു.

ശ്രീനഗറിലെ ബേസ് ആശുപത്രിയിൽ കുട്ടിയെ സ്‌കാനിങിന് വിധേയയാക്കി. അവിടെ നിന്ന് ഗർഭം സ്ഥിരീകരിച്ച റിപ്പോർട്ട് ലഭിച്ചു. തുടർന്ന് അവിടെ വച്ച് പെൺകുഞ്ഞിന് ജന്മം നൽകി. ആശുപത്രി മാനേജ്മെൻ്റ് ഉടൻ തന്നെ സംഭവത്തെക്കുറിച്ച് ശിശുക്ഷേമ സമിതിയെ അറിയിച്ചു. കമ്മിറ്റിയുടെ നിർദേശപ്രകാരം, നവജാത ശിശുവിനെ രുദ്രപ്രയാഗിലെ പ്രത്യേക ദത്തെടുക്കൽ ഏജൻസിക്ക് കൈമാറുകയും ചെയ്‌തിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജനിച്ച് പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം, പ്രൊബേഷൻ ഓഫിസർ ഡോ. അഖിലേഷ് മിശ്ര, സ്പെഷ്യൽ അഡോപ്ഷൻ ഏജൻസി, ചൈൽഡ് വെൽഫെയർ കമ്മിറ്റി, വൺ സ്റ്റോപ്പ് സെൻ്റർ, ചൈൽഡ് ഹെൽപ്പ് ലൈൻ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഹിന്ദു ആചാരങ്ങൾക്കനുസൃതമായി കുഞ്ഞിന് പേരിടൽ ചടങ്ങ് നടത്തിയതായും അധികൃതർ വ്യക്തമാക്കി.

"കുഞ്ഞ് നിലവിൽ ഏജൻസിയുടെ സംരക്ഷണയിൽ സുരക്ഷിതയാണ്. രണ്ട് മാസത്തിന് ശേഷം ഇന്ത്യാ ഗവൺമെൻ്റ് നടത്തുന്ന സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റി (സിഎആർഎ) പോർട്ടൽ വഴി നിയമപരമായ ദത്തെടുക്കൽ പ്രക്രിയ ആരംഭിക്കും," സ്പെഷ്യൽ അഡോപ്ഷൻ ഏജൻസി മാനേജർ പുനീത് ചൗക്കിയാൽ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന സംശയത്തെത്തുടർന്ന് കേസ് എല്ലാ ഗൗരവത്തോടെയും പരിഗണിക്കുന്നു. ഇതുവരെ, പ്രതിയെ തിരിച്ചറിയാനോ കണ്ടെത്താനോ സാധിച്ചിട്ടില്ല. വിദ്യാർഥിനി ഇതുവരെ ആരുടേയും പേര് വെളിപ്പെടുത്തിയിട്ടില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു. എന്നിരുന്നാലും, പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

സംഭവം ജില്ലയിൽ ചർച്ചാ വിഷയമായി മാറിയതിനാൽ, ഭരണതലത്തിലും ഈ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. അക്രമവും ദുരിതവും അനുഭവിക്കുന്ന സ്ത്രീകൾക്ക് 24x7 സംയോജിത പിന്തുണ നൽകുന്ന സർക്കാർ ഏജൻസിയായ വൺ സ്റ്റോപ്പ് സെൻ്ററിൽ ബന്ധപ്പെടാമെന്ന് മാനേജർ രഞ്ജന ഗൈറോള പറഞ്ഞു.

Also Read: ആത്മഹത്യയെ കുറിച്ച് സെർച്ച് ചെയ്‌താൽ രക്ഷിതാക്കളെ അറിയിക്കും: കൗമാരക്കാർക്ക് മുന്നറിയിപ്പുമായി ഇൻസ്റ്റാഗ്രാം