പാർലമെൻ്റ് ശീതകാല സമ്മേളനം; വന്ദേമാതരത്തിൻ്റെ 150-ാം വാർഷികത്തില്‍ പ്രത്യേക ചർച്ച
മോദി ഉൾപ്പെടെ കേന്ദ്ര മന്ത്രിമാരും എംപിമാരും പ്രതിപക്ഷവും ചർച്ചയിൽ പങ്കെടുക്കും. നാളെ രാജ്യസഭയിലും ചർച്ച നടക്കും.

Published : December 8, 2025 at 11:04 AM IST
ന്യൂഡൽഹി: വന്ദേമാതരത്തിൻ്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് ലോക്‌സഭയിൽ പ്രത്യേക ചർച്ച. നാളെ (ഡിസംബർ 9) രാജ്യസഭയിലും ചർച്ച നടക്കും. ഉച്ചക്ക് 12 മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോടെ ചർച്ചക്ക് തുടക്കമാകും. ചർച്ചയുടെ അവസാനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സംസാരിക്കും.
കേന്ദ്ര മന്ത്രിമാർ, എംപിമാർ, പ്രതിപക്ഷം എന്നിവർ ചർച്ചയിൽ പങ്കെടുക്കും. കോൺഗ്രസിനായി എൽപി ഗൗരവ് ഗൊഗോയ്, പ്രിയങ്ക ഗാന്ധി, ദീപേന്ദർ ഹൂഡ, ബിമാൾ അകോയിജാം, പ്രണതി ഷിൻഡെ, പ്രശാന്ത് പഡോലെ, ചമല റെഡ്ഡി, ജ്യോത്സ്‌ന മഹന്ത് എന്നിവർ സംസാരിക്കും. വന്ദേമാതരത്തിൻ്റെ 150-ാം വാർഷികവും പാരമ്പര്യവും അനുസ്‌മരിക്കുന്നതിനായുള്ള പ്രത്യേക പാർലമെൻ്ററി ശ്രദ്ധാകേന്ദ്രത്തിൻ്റെ ഭാഗമായാണ് ഈ ചർച്ചകൾ. വന്ദേമാതരത്തെ കുറിച്ച് ചർച്ച ചെയ്യാനായി 10 മണിക്കൂർ സമയമാണ് അനുവദിച്ചിരിക്കുന്നത്. നാളെ രാജ്യസഭയിൽ നടക്കുന്ന ചർച്ചക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ഷാ തുടക്കമിടും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡിസംബർ 1 മുതലാണ് പാർലമെൻ്റ് ശീതകാല സമ്മേളനം തുടങ്ങുന്നത്. രണ്ടാം ദിവസവമായ ചൊവ്വാഴ്‌ച (ഡിസംബര്‍ 2) തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്‍റ് മുടങ്ങിയിരുന്നു. എസ് ഐ ആര്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്‍റിന്‍റെ മകര്‍ ദ്വാറിന് മുന്നില്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. സമ്മേളനത്തിൻ്റെ മൂന്നാം ദിവസം ധനമന്ത്രി നിർമല സീതരാമൻ കേന്ദ്ര എക്‌സൈസ് ബിൽ അവതരിപ്പിച്ചിരുന്നു. 1944 ലെ സെൻട്രൽ എക്സൈസ് ആക്‌ടിൽ ഭേദഗതി വരുത്തിക്കൊണ്ട് പുകയില ഉത്‌പന്നങ്ങളുടെ എക്സൈസ് തീരുവയും സെസും ഉയർത്തുക എന്നതാണ് ബില്ലിൻ്റെ ഉദ്ദേശം.
നാലാം ദിവസം ദേശീയ സുരക്ഷയ്‌ക്കും പൊതുജനാരോഗ്യത്തിനുമുള്ള ചെലവുകൾ നിറവേറ്റുന്നതിനുള്ള 'ആരോഗ്യ സുരക്ഷാ ദേശീയ സുരക്ഷാ സെസ്' ബിൽ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. ദേശീയ സുരക്ഷയ്‌ക്കും പൊതുജനാരോഗ്യത്തിനും പുറമേ രാജ്യത്തെ വിഭവങ്ങൾ വർധിപ്പിക്കുന്നതിനും നിർദിഷ്‌ട വസ്‌തുക്കളുടെ നിർമാണത്തിനോ ഉത്‌പാദനത്തിനോ വേണ്ടിയുള്ള യന്ത്രങ്ങൾക്കും മറ്റ് പ്രക്രിയകൾക്കും ആവശ്യമായ സെസ് ചുമത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ബിൽ ലക്ഷ്യമിടുന്നത്.
ഡല്‍ഹിയിലെ വായു മലിനീകരണം, വിലക്കയറ്റം, തൊഴിലില്ലായ്‌മ, പുതിയ തൊഴില്‍ നയം, സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതം എന്നിവയാണ് സഭയില്‍ ചർച്ചയാക്കുക. കൂടാതെ ആണവോർജ ഭേദഗതി ബിൽ, ഉന്നതവിദ്യാഭ്യാസ കമ്മിഷൻ ബിൽ, ജൻവിശ്വാസ് ബിൽ, പാപ്പർ ചട്ട ഭേദഗതി ബിൽ, മണിപ്പൂർ ജിഎസ്‌ടി ബിൽ, ഇൻഷുറൻസ് ഭേദഗതി ബിൽ, ദേശീയപാത ഭേദഗതി ബിൽ, കോർപ്പറേറ്റ് നിയമ ഭേദഗതി ബിൽ തുടങ്ങി 13 ബില്ലുകളാണ് സഭയില്‍ പരിഗണിക്കുക.
ഡിസംബർ 19 നാണ് ശീതകാല സമ്മേളനം അവസാനിക്കുക. 15 സിറ്റിങ്ങുകളാണ് പ്രതീക്ഷിക്കുന്നത്. 20 ൽ നിന്ന് 15 ദിവസത്തേക്ക് സമ്മേളനം വെട്ടിക്കുറച്ചതോടെ സർക്കാർ ജനാധിപത്യത്തെ ഇല്ലാതക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

