കർണാടകയിൽ മുഖ്യമന്ത്രി മാറുന്നു? സിദ്ധരാമയ്യ സ്ഥാനം ഒഴിഞ്ഞേക്കും, പകരം ശിവകുമാർ?
സിദ്ധരാമയ്യക്ക് രാജ്യസഭാ സീറ്റും ദേശീയ തലത്തിൽ മികച്ച സ്ഥാനവുമാണ് കേന്ദ്ര നേതൃത്വം വാഗ്‌ദാനം ചെയ്‌തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. വിഷയത്തിൽ ഉടൻ തന്നെ തീരുമാനം അറിയാക്കാമെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.

Published : May 27, 2026 at 10:49 AM IST
ബെംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി കസേരക്കായുള്ള തർക്കത്തിന് ശമനമായെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകുമാറിന് കൈമാറാൻ സിദ്ധരാമയ്യ സമ്മതിച്ചതായാണ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. രാജ്യസഭാ സീറ്റും ദേശീയ തലത്തിൽ മികച്ച സ്ഥാനവുമാണ് കേന്ദ്ര നേതൃത്വം സിദ്ധരാമയ്യയ്‌ക്ക് പകരം വാഗ്‌ദാനം ചെയ്‌തതെന്നുമാണ് റിപ്പോർട്ടുകൾ.
എന്നാൽ വിഷയത്തെ കുറിച്ച് ആലോചിക്കാൻ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉടൻ തന്നെ തീരുമാനം അറിയിക്കാമെന്നുമാണ് സിദ്ധരാമയ്യ പറഞ്ഞത്. നേതൃമാറ്റം സംബന്ധിച്ച് സിദ്ധരാമയ്യ, ഡി കെ ശിവകുമാർ, കോൺഗ്രസ് നേതൃത്വം എന്നിവരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല.
കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി, എഐസിസി പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ശിവകുമാർ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർ ചേർന്ന് ഡൽഹയിൽ നടത്തിയ ആറ് മണിക്കൂർ നീണ്ട യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി തർക്കത്തെ കുറിച്ചുള്ള വിഷയത്തിൽ ശമനമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം രാജ്യസഭാ സീറ്റുകളെ കുറിച്ചാണ് ചർച്ച നടത്തിയതെന്നും മറ്റ് രീതിയിലുള്ള ഊഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കെ സി വേണുഗോപാൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വരാനിരിക്കുന്ന രാജ്യസഭാ, എംഎൽസി തെരഞ്ഞെടുപ്പുകളെ കുറിച്ചാണ് ചർച്ച നടന്നത്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും സിദ്ധരാമയ്യയും ശിവകുമാറും താനും ചേർന്നാണ് ചർച്ചകൾ നടത്തിയത്. പ്രചരിക്കുന്ന ഊഹാപോഹങ്ങളൾ ഒന്നും തന്നെ സത്യമല്ലെന്നും കെ സി പറഞ്ഞു.
വിഷയത്തെ കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ തൻ്റെ അടുത്ത അനുനായികളുമായി ചർച്ച നടത്തിയതായും ഹൈക്കമാൻഡിൻ്റെ തീരുമാനങ്ങൾ അനുസരിക്കുമെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം സിദ്ധരാമയ്യ ബെംഗളൂരുവിലേക്ക് മടങ്ങിയതായും അടുത്ത മന്ത്രിമാരുമായി ചർച്ച നടത്തിയതായും വൃത്തങ്ങൾ അറിയിച്ചു.
അതേസമയം നേതൃമാറ്റം ഉണ്ടായാൽ ഡി കെ ശിവകുമാറിനെ പുതിയ നിയസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തേക്കാമെന്നും നിയസഭാ കക്ഷി യോഗം ഉടൻ വിളിച്ചേക്കാമെന്നും സൂചനകളുണ്ട്. എഐസിസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കർണാടകയും ചുമതലയുള്ള രൺദീപ് സിങ് സുർജേവാലയും ഉടൻ ബെംഗളൂരുവിൽ എത്തുമെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്.
കോൺഗ്രസ് നേതൃത്വം പുറത്ത് വരുന്ന റിപ്പോർട്ടുകൾ നിഷേധിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കും തർക്കങ്ങൾക്കും രണ്ട് ദിവസത്തിനുള്ളിൽ പരിഹാരമുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.
Also Read: അഞ്ച് രൂപയ്ക്ക് മീനും ചോറും പദ്ധതി, മദ്യശാലകൾക്കും നിയന്ത്രണം; ക്ഷേമപദ്ധതികളുമായി സുവേന്ദു അധികാരി

