സെപ്റ്റിക് ടാങ്കിൽ വീണയാളെ രക്ഷിക്കാൻ ശ്രമം; ബിഹാറില്‍ നാല് പേർ വിഷവാതകം ശ്വസിച്ച് മരിച്ചു
ടാങ്കിൻ്റെ ആഴവും വായുസഞ്ചാരത്തിൻ്റെ അഭാവവും കാരണവുമാണ് ശ്വാസമുട്ടൽ അനുഭവപ്പെട്ടതെന്ന് ആശുപത്രി അധികൃതർ

Published : March 4, 2026 at 6:08 PM IST
പട്‌ന: സെപ്റ്റിക് ടാങ്കിൽ വീണയാളെ രക്ഷിക്കാൻ ഇറങ്ങിയ നാല് പേർ മരിച്ചു. അപകടത്തില്‍പെട്ട മൂന്ന് പേർ ചികിത്സയിലാണെന്നും അധികൃതര്‍ അറിയിച്ചു. ബിഹാറിലെ സീതാമർഹി ജില്ലയിലാണ് സംഭവം. രാജീവ് സാഹ്നി (40),രവി സാഹ്നി (30), വിനയ് സാഹ്നി (26), കൃഷ്‌ണ കുമാർ (12) എന്നിവരാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. രക്ഷിക്കുന്നതിനിടിയിൽ ശ്വാസമുട്ടലുണ്ടായതാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു.
ഒരാൾ അബദ്ധത്തിൽ സെപ്റ്റിക് ടാങ്കിൽ വീഴുകയായിരുന്നു. പിന്നാലെ ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മറ്റുള്ളവരും അപകടത്തിൽപെടുകയായിരുന്നു. സെപ്റ്റിക് ടാങ്കിനുള്ളിൽ വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് ഏഴ് പേർ ബോധരഹിതരായി. ഉടനടി ഇവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. ഇതിൽ നാല് പേർ പിന്നീട് ചികിത്സയ്ക്കിടെ മരിച്ചുവെന്ന് സീതാമർഹി പൊലീസ് സൂപ്രണ്ട് (എസ്പി) അമിത് രഞ്ജൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രഥമശുശ്രൂഷയ്ക്ക് ശേഷം ഗുരുതരാവസ്ഥയിലായ നാല് പേരെ സീതാമർഹി സദർ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഇവരെ രക്ഷിക്കാൻ സാധിച്ചില്ലെന്നും ബാക്കിയുള്ളവരുടെ നില തൃപ്‌തികരമാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. ടാങ്കിൻ്റെ ആഴവും വായുസഞ്ചാരത്തിൻ്റെ അഭാവവും കാരണവുമാണ് ശ്വാസമുട്ടൽ അനുഭവപ്പെട്ടതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അടുത്തുള്ള ഗ്രാമവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൃത്യമായ അന്വേഷണത്തിന് ശേഷമേ സംഭവിച്ചതെന്താണെന്ന് പറയാൻ സാധിക്കൂ. ശരിയായ സുരക്ഷാ ഉപകരണങ്ങളില്ലാതെ സെപ്റ്റിക് ടാങ്കുകളിലോ അടച്ചിട്ട സ്ഥലങ്ങളിലോ പ്രവേശിക്കരുതെന്ന് ജില്ലാ ഭരണകൂടം ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്‌തു. സാധാരണ മൂന്ന് വർഷം കൂടുമ്പോൾ ടാങ്ക് ക്ലീൻ ചെയ്യേണ്ടതാണ്. ടാങ്കിനുള്ളിൽ വിഷവാതകങ്ങൾ ഉണ്ടാകാം. അതിനാൽ ഇറങ്ങുന്നതിന് മുമ്പ് സുരക്ഷാ ഗിയറുകളും മറ്റും ധരിക്കേണ്ടത് അത്യാവശ്യമാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Also Read: ഗാസിയാബാദിൽ വൻ തീപിടിത്തം: രണ്ട് പേർ വെന്തുമരിച്ചു, നിരവധി പേർക്ക് പരിക്ക്

