ചാർ ധാം യാത്ര; ഇതുവരെ മരണം 104, സന്ദർശനത്തിന് എത്തിയത് 24 ലക്ഷം ഭക്തർ
കുറഞ്ഞ ഓക്‌സിജൻ്റെ അളവ്, കഠിനമായ തണുപ്പ്, ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവ കാരണമാണ് മരണങ്ങൾ കൂടുന്നത് എന്നാണ് റിപ്പോർട്ട്.

Published : May 28, 2026 at 2:57 PM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചാർ ധാം യാത്ര ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ഇതുവരെ 104 ഭക്തരാണ് ആരോഗ്യപ്രശ്‌നങ്ങൾ മൂലം മരിച്ചത്. ഇന്നലെ (മെയ് 27) മാത്രം ഏഴ് ഭക്തരാണ് ഹൃദയാഘാതം മൂലം മരിച്ചത്. കുറഞ്ഞ ഓക്‌സിജൻ്റെ അളവ്, കഠിനമായ തണുപ്പ്, ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവ കാരണമാണ് മരണങ്ങൾ കൂടുന്നത് എന്നാണ് റിപ്പോർട്ട്.
ഉത്തരാഖണ്ഡ് സ്‌റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെൻ്ററിൻ്റെ കണക്ക് പ്രകാരം കേദാർനാഥ് റൂട്ടിൽ 49 പേരും ബദരീനാഥ് ധാമിൽ 30 പേരും യമുനോത്രി ധാമിൽ 15 പേരും ഗംഗോത്രി ധാമിൽ 10 പേരുമാണ് മരിച്ചത്. ചാർ ധാം യാത്രയിൽ തീർഥാടകരുടെ എണ്ണം വർധിക്കുന്നത് അനുസരിച്ച് മരണസംഖ്യയും വർധിച്ചു കൊണ്ടിരിക്കുകയാണ്. മുൻ വർഷങ്ങളിലും ഇതുപോലെ നിരവധി ഭക്തരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്.
ഭക്തരുടെ തിരക്കും ഉയർന്ന പ്രദേശങ്ങളിലെ കുറഞ്ഞ ഓക്‌സിജൻ്റെ അളവും ആരോഗ്യ പ്രശ്‌നങ്ങളുമാണ് ഇത്തരത്തിൽ മരണത്തിന് കാരണമാകുന്നത്. യാത്രക്കായി എത്തുന്ന ഭക്തർ ആവശ്യാനുസരണം വിശ്രമിക്കാനും യാത്രക്കിടെ മുൻകരുതലുകൾ എടുക്കാനും വൈദ്യസഹായം തേടാനും നിർദേശമുണ്ട്.
ഏപ്രിൽ 19 നാണ് ചാർ ധാം യാത്രക്ക് തുടക്കമായത്. ഇതുവരെ 24 ലക്ഷം ഭക്തരാണ് ഇവിടെയെത്തിയത്. ഇത്തവണെ ക്രമീകരണങ്ങളെല്ലാം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് പറയുന്നത്. ഭക്തരുടെ സുരക്ഷക്കും ക്ഷേമത്തിനും ആവശ്യമായ എല്ലാ മുൻകരുതലുകളും നടപ്പിലാക്കാൻ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
യാത്ര മധ്യേ 47 മെഡിക്കൽ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി സുബോധ് ഉനിയാൽ പറഞ്ഞു. കൂടാതെ രക്തസമർദ്ദം, പ്രമേഹം മുതലായവ ചികിത്സിക്കുന്നതിനായി 180 ഡോക്‌ടർമാർക്ക് വിദഗ്‌ധ പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യാത്രയിൽ സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
- യാത്രയ്ക്ക് മുൻപ് ആരോഗ്യ പരിശോധന നടത്തുക. 50 വയസിന് മുകളിലുള്ളവർക്ക് ഉത്തരാഖണ്ഡ് സർക്കാർ മെഡിക്കൽ സ്ക്രീനിംഗ് നിർബന്ധമാക്കിയിട്ടുണ്ട്.
- ഉയർന്ന പ്രദേശങ്ങളിലേക്ക് പെട്ടെന്ന് പോകാതെ, ശരീരത്തിന് കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ സമയം നൽകുക.
- ഹൃദ്രോഗം, ശ്വാസകോശ പ്രശ്‌നങ്ങൾ, അല്ലെങ്കിൽ മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവർ ഡോക്‌ടറുടെ ഉപദേശം തേടിയ ശേഷം മാത്രം യാത്ര ചെയ്യുക. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെട്ടാൽ യാത്ര നിർത്തിവെക്കുക.
- യാത്ര ആരംഭിക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാർ പുറപ്പെടുവിക്കുന്ന സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കുക.

