ETV Bharat / bharat

കുളിപ്പിക്കല്‍ മുതല്‍ അടിവസ്‌ത്രം ഒരുക്കാൻ വരെ ഉദ്യോഗസ്ഥര്‍ വേണം; ബിഎസ്എൻഎൽ ഡയറക്‌ടറെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി

ഉദ്യോഗസ്ഥൻ്റെ പെരുമാറ്റം അനുചിതവും അസ്വീകാര്യവുമെന്നായിരുന്നു മന്ത്രിയുടെ വിമർശനം. ബിഎസ്എൻഎൽ ഡയറക്‌ടറുടെ സമീപത്തു നിന്ന് ഉണ്ടായ സംഭവ വികാസങ്ങൾ ഞെട്ടിയ്ക്കുന്നതായിരുന്നു എന്ന് മന്ത്രി കൂട്ടിച്ചേർത്തു.

PRAYAGRAJ VISIT BY BSNL DIRECTOR  JYOTIRADITYA SCINDIA  PRAYAGRAJ VISIT ROW  BSNL DIRECTOR VIVEK BANZAL
Union Minister Jyotiraditya Scindia reacts to controversy over BSNL protocol arrangements for Prayagraj visit. (IANS)
author img

By ETV Bharat Kerala Team

Published : February 25, 2026 at 6:25 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: ബി‌എസ്‌എൻ‌എൽ ഡയറക്‌ടറുടെ പ്രയാഗ്‌രാജ് സന്ദർശനത്തിന് മുന്നോടിയായുണ്ടായ വിവാദത്തിൽ കടുത്ത വിമർശനവുമായി കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഉദ്യോഗസ്ഥൻ്റെ പെരുമാറ്റം അനുചിതവും അസ്വീകാര്യവുമെന്നായിരുന്നു മന്ത്രിയുടെ വിമർശനം. ബിഎസ്എൻഎൽ ഡയറക്‌ടറുടെ സമീപത്തു നിന്ന് ഉണ്ടായ സംഭവ വികാസങ്ങൾ ഞെട്ടിയ്ക്കുന്നതായിരുന്നു എന്ന് മന്ത്രി കൂട്ടിച്ചേർത്തു.

പ്രയാഗ്‌രാജ് സന്ദർശനത്തെ സംബന്ധിച്ച് ബിഎസ്എൻഎൽ ഡയറക്‌ടർ കീഴ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ അടങ്ങിയ സർക്കുലർ നൽകിയത് വിവാദമായതോടെയാണ് മന്ത്രി വിമർശനവുമായി രംഗത്ത് എത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബിഎസ്എൻഎൽ ഡയറക്‌ടറുടെ ഇത്തരം പെരുമാറ്റം ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. " ഉദ്യോഗസ്ഥൻ്റെ പ്രവൃത്തി അനുചിതവും സ്ഥാപിത നിയമങ്ങളുടെ ലംഘനവുമാണ്. ഇത് എനിക്ക് അസ്വീകാര്യമാണ്. ഇത് 21-ാം നൂറ്റാണ്ടാണ്. ആരും ഇങ്ങനെ പെരുമാറുന്നത് ഉചിതമല്ല," കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേർത്തു.

ഫെബ്രുവരി 25 നാണ് ബി‌എസ്‌എൻ‌എൽ ഡയറക്‌ടർ വിവേക് ​​ബൻസാൽ പ്രയാഗ്‌രാജ് സന്ദർശിക്കാൻ നിശ്ചയിച്ചിരുന്നത്. സന്ദർശനത്തിന് മുന്നോടിയായി 50 ഓളം ഉദ്യോഗസ്ഥരെയും ജീവനക്കാരെയും വിന്യസിച്ചുകൊണ്ട് വിപുലമായ ഒരുക്കങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഡയറക്‌ടർക്കായി അടിവസ്ത്രം അടക്കമുള്ളവ തയാറാക്കി വയ്ക്കണമെന്നായിരുന്നു കീഴ് ഉദ്യോഗസ്ഥർക്കുള്ള നിർദേശത്തിൽ ഉണ്ടായിരുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് ബിഎസ്എൻഎൽ ഡയറക്‌ടറുടെ പ്രയാഗ്‌രാജ് സന്ദർശനം താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. ബിഎസ്എൻഎൽ ഡയറക്‌ടറുടെ ആഢംബര പൂര്‍ണമായ ഔദ്യോഗിക ഉത്തരവ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഡയറക്‌ടറുടെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഏകദേശം 50 ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരെയാണ് വിവിധ ജോലികൾക്കായി നിയോഗിച്ചിരുന്നത്. ഇതിൽ എഞ്ചിനീയർമാരും ജൂനിയർ ടെക്നിക്കൽ ഓഫീസർമാരും ഉൾപ്പെട്ടിരുന്നു. ഡയറക്‌ടറുടെ കുളിക്കായി 'സ്നാൻ കിറ്റുകൾ' ഒരുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.

ഈ കിറ്റിൽ തോർത്ത്, ചീപ്പ്, കണ്ണാടി, എണ്ണ എന്നിവയ്ക്ക് പുറമെ അടിവസ്ത്രങ്ങൾ വരെ ഉൾപ്പെടുത്തണമെന്ന് ഉത്തരവിൽ പ്രത്യേകം പറഞ്ഞിരുന്നു. ത്രിവേണി സംഗമത്തിലെ സ്‌നാനം, ക്ഷേത്ര ദർശനങ്ങൾ, ബോട്ട് യാത്ര എന്നിവയ്ക്കായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. കൂടാതെ വാഹനങ്ങളിൽ ഡ്രൈ ഫ്രൂട്ട്‌സ്, ചോക്ലേറ്റ്, ചിപ്‌സ്, വെള്ളം എന്നിവ കരുതണമെന്നും നിർദേശമുണ്ടായിരുന്നു.

കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ആവശ്യം

ബിഎസ്എൻഎൽ മുതിർന്ന ഉദ്യോഗസ്ഥൻ്റെ ചട്ടലംഘനപരമായ പെരുമാറ്റത്തെ തുടർന്ന് ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം ആവശ്യപ്പെട്ട് ഡയറക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും വിഷയത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബിഎസ്എൻഎൽ മുതിർന്ന ഉദ്യോഗസ്ഥൻ പുറപ്പെടുവിപ്പിച്ച നിർദേശങ്ങളുടെ രേഖകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതിനെ തുടർന്ന് സർക്കാർ ഉദ്യോഗസ്ഥരുടെ ധാർഷ്‌ട്യം ചർച്ചാ വിഷയമായിരിക്കുകയാണ്. ഔദ്യോഗിക ജോലികൾക്കപ്പുറം സർക്കാർ ഉദ്യോഗസ്ഥരെ ഇത്തരം ദാസ്യ ജോലികൾക്കും നിയമിക്കുന്നുണ്ടോ എന്ന തരത്തിലുള്ള ചോദ്യവും പൊതുജനങ്ങളുടെ ഭാഗത്തു നിന്നും ഉയരുന്നുണ്ട്.

പൊതുജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്നാണ് പ്രയാഗ്‌രാജിലേക്കുള്ള സന്ദർശനം ബിഎസ്എൻഎൽ മുതിർന്ന ഉദ്യോഗസ്ഥൻ താത്കാലികമായി നിർത്തിവച്ചത്. ഇത്തരം സംഭവം സ്ഥാപനത്തിൻ്റെ മൂല്യങ്ങളെയും മാനദണ്ഡങ്ങളെയും സാരമായി ബാധിക്കുമെന്ന് മറ്റ് ഉദ്യോസ്ഥർ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർ ഭാവിയിൽ പെരുമാറ്റച്ചട്ടങ്ങളും സ്ഥാപിത നടപടിക്രമങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉചിതമായ നടപടി ആരംഭിച്ചതായും പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായും പൊതുമേഖലാ സ്ഥാപനം (പി‌എസ്‌യു) അറിയിച്ചു.

ALSO READ: ഇന്ത്യൻ സോളാർ കമ്പനികള്‍ക്ക് വൻ തിരിച്ചടി, ഉത്പ്പന്നങ്ങൾക്ക് തീരുവ കൂട്ടി അമേരിക്ക, ഓഹരി വിപണിയിലും കുത്തനെ ഇടിവ്