വോട്ടെണ്ണല്‍ ഏകീകരിക്കാന്‍ എവിമ്മുകളില്‍ ടോട്ടലൈസറുകൾ; കേന്ദ്രത്തിൻ്റെ അഭിപ്രായം തേടി സുപ്രീം കോടതി
ടോട്ടലൈസർ സംവിധാനം നടപ്പിലാക്കുന്നതിൽ എന്തെങ്കിലും തരത്തിലുള്ള പ്രായോഗിക തടസ്സങ്ങളോ നിയമപരമായ ബുദ്ധിമുട്ടുകളോ ഉണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്

By PTI
Published : September 1, 2026 at 4:15 PM IST
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണലിനായി 'ടോട്ടലൈസർ സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സുപ്രീം കോടതി കേന്ദ്ര സർക്കാരിൻ്റെ അഭിപ്രായം തേടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്‌ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയത്തിൽ കേന്ദ്രത്തിൻ്റെ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്. വോട്ടർമാരുടെ സുരക്ഷിതത്വവും രഹസ്യസ്വഭാവവും മുൻനിർത്തി അഡ്വ. അശ്വിനി കുമാർ ഉപാധ്യായ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിലാണ് കോടതിയുടെ ഈ നടപടി.
ഏകദേശം 14 പോളിംഗ് ബൂത്തുകളിൽ രേഖപ്പെടുത്തിയ വോട്ടുകൾ ഒരുമിച്ച് എണ്ണാൻ അനുവദിക്കുന്ന ഒരു ഉപകരണമാണ് ടോട്ടലൈസർ. ഇവിഎമ്മുകളിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണുന്നതിനായി ടോട്ടലൈസറുകൾ അവതരിപ്പിക്കുന്നതിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തുന്ന കാര്യം ഇന്ത്യൻ യൂണിയൻ പരിശോധിക്കേണ്ടതാണ് എന്ന് കോടതി വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ എന്തൊക്കെയാണെന്നും അത്തരമൊരു സംവിധാനം അവതരിപ്പിക്കുന്നത് മൂലം എന്തെങ്കിലും പ്രതികൂല ഫലങ്ങൾ ഉണ്ടാകുമോ എന്നും ഞങ്ങൾക്ക് അറിയാൻ താൽപ്പര്യമുണ്ടെന്നും ബെഞ്ച് പറഞ്ഞു. തിരഞ്ഞെടുപ്പ് നിയമങ്ങളും ഇന്ത്യൻ നിയമ കമ്മീഷൻ നൽകിയ ശുപാർശയും, അതിൽ ടോട്ടലൈസേഷനുള്ള നിർദ്ദിഷ്‌ട വ്യവസ്ഥയും ഉൾപ്പെടുന്നുണ്ട്. ഇവയും പരിശോധിക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു.
"സ്വകാര്യതയ്ക്കുള്ള അവകാശം ഉറപ്പാക്കാനും വോട്ടെടുപ്പിന് ശേഷമുള്ള അക്രണങ്ങൾ ഒഴിവാക്കാനും മാത്രമാണ് പല രാജ്യങ്ങളും ഈ ടോട്ടലൈസർ ഉപയോഗിക്കുന്നതെന്ന് അഡ്വ. അശ്വിനി കുമാർ ഉപാധ്യായ പറഞ്ഞു. 2007 മുതൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ എല്ലായ്‌പ്പോഴും ടോട്ടലൈസറിനെ പിന്തുണച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണലിനായി ടോട്ടലൈസറുകൾ ഉപയോഗിക്കാൻ നടപടികൾ സ്വീകരിക്കാൻ അധികാരികളോട് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ വ്യവസ്ഥകളെക്കുറിച്ചും ഹർജിയിൽ പരാമർശിക്കുന്നുണ്ട്.
എന്താണ് ടോട്ടലൈസർ സംവിധാനം?
നിലവിലെ തിരഞ്ഞെടുപ്പ് രീതി അനുസരിച്ച്, ഓരോ പോളിംഗ് ബൂത്തിലെയും വോട്ടുകൾ പ്രത്യേകം പ്രത്യേകമായാണ് ഇവിഎമ്മുകളിൽ നിന്ന് എണ്ണി തിട്ടപ്പെടുത്തുന്നത്. ഇത് കാരണം ഏത് പ്രദേശത്തുള്ള വോട്ടർമാരാണ് തങ്ങൾക്ക് അനുകൂലമായും പ്രതികൂലമായും വോട്ട് ചെയ്തതെന്ന് കൃത്യമായി മനസ്സിലാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കുന്നു. ഇത് പലപ്പോഴും വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പിന് ശേഷം ചില പ്രദേശങ്ങളെ വികസന കാര്യങ്ങളിൽ അവഗണിക്കുന്നതിനും കാരണമാകുന്നുവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ടോട്ടലൈസർ എന്നത് ഏകദേശം 14 പോളിംഗ് ബൂത്തുകളിലെ ഇവിഎം കൺട്രോൾ യൂണിറ്റുകളെ ഒരേസമയം കേബിൾ വഴി ബന്ധിപ്പിക്കാൻ സാധിക്കുന്ന ഒരു ഉപകരണമാണ്. ഇത് എല്ലാ മെഷീനുകളിലെയും വോട്ടുകൾ ഒരുമിച്ച് ചേർത്ത്ആകെ ലഭിച്ച വോട്ടുകളുടെ എണ്ണമാണ് പുറത്തുവിടുക. ഇതിലൂടെ ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് രീതികൾ പൂർണ്ണമായും മറച്ചുവെക്കാനും വോട്ടറുടെ ചോയ്‌സ് അതീവ രഹസ്യമായി സൂക്ഷിക്കാനും സാധിക്കും.

