'പേടിയുള്ളവരെ നായ്ക്കൾ തിരിച്ചറിയും'; തെരുവുനായ്ക്കളെ പൂർണമായി നീക്കം ചെയ്യാൻ ഉത്തരവിട്ടിട്ടില്ല, ചട്ടങ്ങൾ പാലിക്കണമെന്ന് സുപ്രീം കോടതി.
തെരുവുനായ്ക്കളെ അശാസ്ത്രീയമായി മാറ്റുന്നത് എലി വർഗങ്ങളുടെ വർധനവിനും മറ്റു ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് മുതിർന്ന അഭിഭാഷകർ കോടതിയില്‍

Published : January 8, 2026 at 8:58 PM IST
|Updated : January 8, 2026 at 9:11 PM IST
ന്യൂഡൽഹി: തെരുവുനായ്ക്കളെ തെരുവിൽ നിന്ന് പൂർണമായും നീക്കം ചെയ്യാൻ തങ്ങൾ ഉത്തരവിട്ടിട്ടില്ലെന്നും അനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടങ്ങൾക്കനുസൃതമായി മാത്രമേ അവയോട് പെരുമാറാവൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി.
രാജ്യത്തെ തെരുവുനായ ശല്യം സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി അഞ്ചാരിയ എന്നിവരടങ്ങിയ മൂന്നംഗ പ്രത്യേക ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളെ ഭയപ്പെടുന്നവരെയോ നേരത്തെ നായയുടെ കടിയേറ്റവരെയോ തിരിച്ചറിയാനുള്ള പ്രത്യേക കഴിവ് നായ്ക്കൾക്കുണ്ടെന്നും അത്തരക്കാരെയാണ് അവ സാധാരണയായി ആക്രമിക്കാറുള്ളതെന്നും കോടതി നിരീക്ഷിച്ചു.
തെരുവുനായ്ക്കളെ അശാസ്ത്രീയമായി മാറ്റുന്നത് എലി വർഗങ്ങളുടെ വർധനവിനും മറ്റു ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് മുതിർന്ന അഭിഭാഷകർ കോടതിയിൽ വാദിച്ചു. നായ്ക്കളെ തിരക്കേറിയ ഷെൽട്ടറുകളിൽ പാർപ്പിക്കുന്നത് പകർച്ചവ്യാധികൾ പടരുന്നതിനും അവയോടുള്ള ക്രൂരതയ്ക്കും വഴിവെക്കുമെന്ന് പിഇടിഎയ്ക്ക് (PETA) വേണ്ടി ഹാജരായ ശ്യാം ദിവാൻ ചൂണ്ടിക്കാട്ടി.
തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കുന്നതിനും പ്രതിരോധ കുത്തിവെപ്പുകൾക്കും വന്ധ്യംകരണത്തിനുമായി മൈക്രോ ചിപ്പിംഗ് സംവിധാനം ഏർപ്പെടുത്തണമെന്നും ഈ വിഷയം പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു.
ലഡാക്കിലെ അപൂർവ ജീവിവർഗങ്ങളെ കാട്ടുനായ്ക്കൾ വേട്ടയാടുന്നത് സംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ട കോടതി, ഈ വിഷയത്തിൽ കൂടി പഠനം നടത്തി വരാൻ അഭിഭാഷകർക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ നവംബർ ഏഴിന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ, വിദ്യാലയങ്ങൾ, ആശുപത്രികൾ, കായിക സമുച്ചയങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റാൻ കോടതി നിർദ്ദേശിച്ചിരുന്നു.
ഇത്തരം സ്ഥലങ്ങളിൽ നായ്ക്കൾ പ്രവേശിക്കാതിരിക്കാൻ വേലി കെട്ടണമെന്നും പിടികൂടുന്ന നായ്ക്കളെ അതേ സ്ഥലത്തേക്ക് തിരിച്ചുവിടരുതെന്നും കോടതി അന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് എല്ലാ തെരുവുനായ്ക്കളെയും പൂർണ്ണമായി നീക്കം ചെയ്യാനുള്ള ഉത്തരവല്ലെന്നാണ് കോടതി ഇപ്പോൾ വിശദീകരിച്ചിരിക്കുന്നത്. പ്രാദേശിക ഭരണകൂടങ്ങൾ ഇത്തരം നായ്ക്കളെ പിടികൂടി വാക്സിനേഷനും വന്ധ്യംകരണവും നടത്തി സുരക്ഷിതമായ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നാണ് കോടതിയുടെ നിലപാട്. കേസിലെ വിശദമായ വാദം കേൾക്കൽ വെള്ളിയാഴ്ചയും തുടരും.
നേരത്തേ, തെരുവ് നായ ശല്യത്തിൽ പരിഹാസവുമായി സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. മനുഷ്യരെ കടിക്കരുതെന്ന് നായകൾക്ക് ഉപദേശം നൽകാമെന്നും മൃഗങ്ങളുടെ മനസ് വായിക്കാൻ കഴിയില്ലെന്നും കോടതിയുടെ വിമർശനം. തെരുവ് നായ്ക്കളുടെ കേസ് പരിഗണിക്കുന്നതിനിടെയാണ് മൃഗസ്‌നേഹികളെ രൂക്ഷ ഭാഷയിൽ കോടതി വിമർശിച്ചത്.
കടിക്കാതിരിക്കാന്‍ നായകള്‍ക്ക് കൗണ്‍സിലിങ് ചെയ്യാന്‍ മാത്രമേ ബാക്കിയുള്ളൂവെന്നും മൃഗങ്ങളുടെ മനസ് വായിക്കാൻ കഴിയില്ലെന്നും കോടതി വിമർശിച്ചിരുന്നു.
Also Read: 'മനുഷ്യർ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നത്': സൗമ്യ സ്വാമിനാഥ്

