ETV Bharat / bharat

എഥനോൾ അളവ് പരസ്യപ്പെടുത്തണം: ഹർജി സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

ഹർജിക്കാരന് ആവശ്യമെങ്കിൽ ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി

Disclosure Of Ethanol Content  SC Dismisses Ethanol Plea  e20 ethanol  ethanol policy
Representational Image (IANS)
author img

By ETV Bharat Kerala Team

Published : August 31, 2026 at 12:24 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: രാജ്യത്തെ പെട്രോള്‍-ഡീസല്‍ പമ്പുകളിൽ വിൽക്കുന്ന പെട്രോളിലെ എഥനോളിൻ്റെ അളവ് നിർബന്ധമായും രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച ഈ ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്. എന്നാൽ, ഹർജിക്കാരന് ആവശ്യമെങ്കിൽ ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

അഭിഭാഷകനായ നരേന്ദ്ര കുമാർ ഗോസ്വാമിയാണ് ഈ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്. രാജ്യത്ത് വിൽക്കുന്ന പെട്രോളിലെ എഥനോൾ മിശ്രിതത്തിൻ്റെ കൃത്യമായ ശതമാനം ഓരോ ഉപഭോക്താവിനും ലഭിക്കുന്ന ഇന്ധന ബില്ലുകളിൽ വ്യക്തമായി രേഖപ്പെടുത്താൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നതായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.

രാജ്യത്തെ നിലവിലുള്ള ഓരോ വാഹനത്തിലും എത്ര ശതമാനം എഥനോൾ അടങ്ങിയ പെട്രോൾ ഉപയോഗിക്കാം എന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക ഡാറ്റാബേസ് കേന്ദ്ര സർക്കാർ പ്രസിദ്ധീകരിക്കണം. നിർമാതാക്കൾ, മോഡൽ, എഞ്ചിൻ ടൈപ്പ്, നിർമിച്ച വർഷം എന്നിവ നൽകി പൊതുജനങ്ങൾക്ക് ഇത് സെർച്ച് ചെയ്യാൻ സാധിക്കണം.

പെട്രോളിയം മന്ത്രാലയം, ഉപരിതല ഗതാഗത മന്ത്രാലയം, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്, ഓട്ടോമൊബൈൽ എഞ്ചിനീയർമാർ എന്നിവരടങ്ങുന്ന ഒരു സ്വതന്ത്ര സമിതി രൂപീകരിച്ച് E20 (20% എഥനോൾ അടങ്ങിയ പെട്രോൾ) ഇന്ധനം നിലവിലുള്ള വാഹനങ്ങളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ച് പൊതു റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എഥനോൾ മിശ്രിതം ഉപയോഗിക്കാൻ അനുയോജ്യമല്ലാത്ത പഴയ വാഹനങ്ങൾക്കായി കുറഞ്ഞ അളവിൽ എഥനോൾ ചേർത്ത പെട്രോൾ ലഭ്യമാക്കുന്നതിനുള്ള വ്യക്തമായ ചട്ടക്കൂട് സർക്കാർ തയ്യാറാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍, ഇത്തരമൊരു പൊതുതാൽപ്പര്യ ഹർജിയുമായി ആദ്യമേ തന്നെ രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിക്കുന്നതിന് പകരം, എന്തുകൊണ്ട് ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിച്ചുകൂടാ എന്ന് സുപ്രീം കോടതി ഹർജിക്കാരനോട് ചോദിച്ചു. ഹൈക്കോടതിക്ക് മുൻപാകെ ഈ വാദങ്ങൾ ഉന്നയിക്കാനും അവിടുന്ന് ഉചിതമായ പരിഹാരം തേടാനുമുള്ള പൂർണ സ്വാതന്ത്ര്യം കോടതി ഹർജിക്കാരന് നൽകിയിട്ടുണ്ട്.

കേന്ദ്ര സർക്കാരിൻ്റെ എഥനോൾ മിശ്രിത നയത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള മുൻ ഹർജികൾ സുപ്രീം കോടതി നേരത്തെ തന്നെ തള്ളിക്കളഞ്ഞിട്ടുള്ളതാണ് എന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി ചൂണ്ടിക്കാണിച്ചു. താൻ നയത്തെയല്ല, മറിച്ച് ഉപഭോക്താക്കളുടെ അറിയാനുള്ള അവകാശത്തെയാണ് ചോദ്യം ചെയ്യുന്നതെന്ന് ഹർജിക്കാരൻ വ്യക്തമാക്കിയെങ്കിലും, ഈ ഘട്ടത്തിൽ നേരിട്ട് ഇടപെടാൻ സുപ്രീം കോടതി തയ്യാറായില്ല. നിലവിൽ രാജ്യത്ത് എഥനോൾ ചേർത്ത പെട്രോൾ വിതരണം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഈ ഹർജി സമർപ്പിക്കപ്പെട്ടതെങ്കിലും, സുപ്രീം കോടതി ഇത് ഫയലിൽ സ്വീകരിക്കാതെ ഹൈക്കോടതിയെ സമീപിക്കാൻ ഉത്തരവിടുകയായിരുന്നു.

Also Read: മോഹൻ ഭാഗവതിൻ്റെ പരിപാടിക്കിടെ ദേശീയ പതാകയെ അപമാനിച്ചു; പ്രതിഷേധക്കാർക്ക് മന്ത്രിയുടെ മുന്നറിയിപ്പ്