"അവളൊരു കുട്ടിയാണ്, പഠിക്കേണ്ട കാലത്ത് എന്തിന് ഗര്‍ഭം ധരിക്കണം?" 15 വയസുകാരിയുടെ ഗർഭഛിദ്ര കേസില്‍ നിയമം മാറ്റണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി
ബലാത്സംഗത്തെത്തുടർന്നുണ്ടാകുന്ന അനാവശ്യ ഗർഭധാരണങ്ങൾ 20 ആഴ്ച കഴിഞ്ഞും അവസാനിപ്പിക്കാൻ അനുമതി നൽകുന്ന രീതിയിൽ നിയമം ഭേദഗതി ചെയ്യുന്ന കാര്യം പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി

Published : April 30, 2026 at 4:28 PM IST
ന്യൂഡൽഹി: ബലാത്സംഗത്തിനിരയായ 15 വയസ്സുകാരിയുടെ 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവ് റദ്ദാക്കണമെന്ന എയിംസിൻ്റെ ഹർജിയിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി സുപ്രീം കോടതി. ബലാത്സംഗത്തെത്തുടർന്നുണ്ടാകുന്ന അനാവശ്യ ഗർഭധാരണങ്ങൾ 20 ആഴ്ച കഴിഞ്ഞും അവസാനിപ്പിക്കാൻ അനുമതി നൽകുന്ന രീതിയിൽ നിയമം ഭേദഗതി ചെയ്യുന്ന കാര്യം പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. ബലാത്സംഗം മൂലമുണ്ടാകുന്ന ഗർഭധാരണത്തിന് കൃത്യമായ സമയപരിധി നിശ്ചയിക്കരുത്. മാറുന്ന കാലത്തിനനുസരിച്ച് നിയമങ്ങൾ പരിഷ്കരിക്കപ്പെടണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഇതൊരു ബാലപീഡന കേസാണെന്നും, ഗർഭഛിദ്രം അനുവദിച്ചില്ലെങ്കിൽ ആ പെൺകുട്ടിക്ക് അത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന മാനസികാഘാതവും വേദനയും നൽകുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അമ്മയ്ക്ക് സ്ഥിരമായ വൈകല്യങ്ങൾ ഉണ്ടാകില്ലെങ്കിൽ ഗർഭഛിദ്രം നടത്തണമെന്നും കോടതി പറഞ്ഞു. ഈ വിഷയത്തിൽ അതിജീവിതയുടെ മാതാപിതാക്കൾക്ക് കൗൺസിലിങ് നൽകാൻ എയിംസിനോട് കോടതി ആവശ്യപ്പെട്ടു. തീരുമാനം എടുക്കേണ്ടത് ബന്ധപ്പെട്ട വ്യക്തിയാണെന്നും കോടതി വ്യക്തമാക്കി.
"ദത്തെടുക്കാൻ കുട്ടികളുണ്ട്. ഈ രാജ്യത്ത് നിരവധി അനാഥരുണ്ട്... തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളുണ്ട്, മാഫിയകൾ പോലുമുണ്ട്. നമ്മൾ അവരെ കൂടി നോക്കണം. ഇതൊരു 15 വയസ്സുകാരിയുടെ അനാവശ്യ ഗർഭധാരണമാണ്. ഒരാളുടെ മേൽ അനാവശ്യമായ ഗർഭം അടിച്ചേൽപ്പിക്കാൻ കഴിയില്ല. അവൾ ഒരു കുട്ടിയാണെന്ന് ഓർക്കുക. പഠിക്കേണ്ട പ്രായമാണവൾക്ക്, പക്ഷേ നമ്മൾ അവളെ ഒരു അമ്മയാക്കാൻ ആഗ്രഹിക്കുന്നു. അവൾ അനുഭവിച്ച വേദനയും അപമാനവും ഒന്ന് സങ്കൽപ്പിക്കൂ," ബെഞ്ച് പറഞ്ഞു.
അതേസമയം, ഗർഭഛിദ്രം സാധ്യമല്ലെന്ന് എയിംസിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി വാദിച്ചു. "കുഞ്ഞ് ജനിച്ചാൽ ഗുരുതരമായ വൈകല്യങ്ങൾ ഉണ്ടാകാം. പ്രായപൂർത്തിയാകാത്ത അമ്മയ്ക്ക് ജീവിതകാലം മുഴുവൻ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം, പിന്നീട് പ്രസവിക്കാൻ കഴിഞ്ഞെന്നു വരില്ല. ഈ കുഞ്ഞിനെ ദത്തെടുക്കാൻ നൽകാം. ഇപ്പോൾ 30 ആഴ്ചയായി. അതൊരു ജീവനായി മാറിക്കഴിഞ്ഞു," അവർ പറഞ്ഞു. ഗർഭത്തിന് 30 ആഴ്ച പ്രായമായതിനാൽ അത് കുഞ്ഞിൻ്റെ ജീവന് അപകടമാണെന്നും പ്രസവിക്കുന്നതാണ് നല്ലതെന്നുമുള്ള എയിംസ് (AIIMS) മെഡിക്കൽ ബോർഡിൻ്റെ നിർദ്ദേശം.
എന്നാൽ ഗർഭഛിദ്രം വേണമെന്ന തീരുമാനം അതിജീവിതയുടെയും മാതാപിതാക്കളുടെയും താല്പര്യമാണെന്നും ശരിയായ തീരുമാനമെടുക്കാൻ എയിംസ് അവരെ സഹായിക്കണമെന്നും കോടതി പറഞ്ഞു. ഏപ്രിൽ 24-ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് പെൺകുട്ടിയുടെ 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയിരുന്നു.
Also Read: നെറ്റ്‌വർക്ക് മാപ്പിൽ ജമ്മു കശ്‌മീർ പാകിസ്ഥാൻ്റെ ഭാഗം; ക്ഷമാപണം നടത്തി നേപ്പാൾ എയർലൈൻസ്

