2020 ഡൽഹി കലാപം:ജയില്‍ തൻ്റെ ജീവിതമായി മാറിയെന്ന് ഉമര്‍ ഖാലിദ്; പ്രതികരണം സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ
ഉമര്‍ ഖാലിദിൻ്റെ പ്രതികരണം സുഹൃത്തായ ബനോജ്യോത്സ്ന ലാഹിരിയാണ് സമൂഹമാധ്യമമായ എക്‌സിലൂടെ പുറത്ത് വിട്ടത്.

Published : January 5, 2026 at 6:40 PM IST
ന്യൂഡൽഹി: ജയിൽ ഇപ്പോൾ തൻ്റെ ജീവിതമായി മാറിയെന്ന് 2020 ഡൽഹി കലാപ ഗൂഢാലോചന കേസിലെ പ്രതി ഉമർ ഖാലിദ്. മറ്റുള്ളവര്‍ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഉമര്‍ ഖാലിദ് വ്യക്തമാക്കി. ഡൽഹി കലാപ കേസുമായി ബന്ധപ്പെട്ട് ഉമർ ഖാലിദിനും ഷര്‍ജീല്‍ ഇമിനും ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ഉമര്‍ ഖാലിദിൻ്റെ പ്രതികരണം. സുഹൃത്തായ ബനോജ്യോത്സ്ന ലാഹിരിയാണ് സമൂഹമാധ്യമമായ എക്‌സിലൂടെ പ്രതികരണം പുറത്ത് വിട്ടത്.
ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി തിങ്കളാഴ്‌ച ജാമ്യം നൽകാൻ വിസമ്മതിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം പ്രഥമദൃഷ്ട്യാ ഇവർക്കെതിരെ കേസ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് വീണ്ടും ജാമ്യം നിഷേധിച്ചത്. അതേസമയം ഗൂഡലോചനയില്‍ ഉള്‍പ്പെട്ടുവെന്ന് ആരോപിച്ച് ജയിലടച്ച ആക്‌ടിവിസ്റ്റുകളായ ഗൾഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.
''നിയമപരമായ ചട്ടക്കൂടും ഭരണഘടനയും യുഎപിഎയും പരിഗണിച്ച്, കേസുമായി ബന്ധമുള്ള സംരക്ഷിത രഹസ്യ സാക്ഷികൾക്ക് മുന്നോട്ട് വരാൻ ഒരു വർഷം കൂടി കോടതി അനുവദിച്ചിട്ടുണ്ട്. അങ്ങനെ ആരും വന്നില്ലെങ്കിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഒരു വർഷത്തിനുശേഷം വീണ്ടും ജാമ്യത്തിന് അപേക്ഷിക്കാം'' - അഭിഭാഷകൻ സരിം ജാവേദ് വ്യക്തമാക്കി.
കലാപ ഗൂഢാലോചനയില്‍ പങ്കില്ലെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും പ്രതികൾ കഴിഞ്ഞ ദിവസം നടന്ന വാദത്തിൽ പറഞ്ഞിരുന്നുവെങ്കിലും ഫലമുണ്ടായില്ല. അഞ്ച് വര്‍ഷത്തിലധികമായി ഇവർ റിമാന്‍ഡിലാണ്. വിചാരണ നീളുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നായിരുന്നു ഹർജിയിൽ ആവശ്യം ഉന്നയിച്ചിരുന്നത്. ഡിസംബർ പത്തിനായിരുന്നു ജാമ്യാപേക്ഷയിൽ വാദം നടന്നത്.
കേസിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്‌ജി) എസ് വി രാജു, മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് സിംഗ്വി, സിദ്ധാർത്ഥ ദവേ, സൽമാൻ ഖുർഷിദ്, സിദ്ധാർത്ഥ് ലുത്ര എന്നിവരുടെ വാദങ്ങളും ബെഞ്ച് കേട്ടിരുന്നു.
2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ നടത്തിയ പ്രസംഗങ്ങളുടെ പേരിൽ 2020 ജനുവരി 28 ന് ഇമാമിനെ അറസ്റ്റ് ചെയ്‌തു. 2020 സെപ്റ്റംബർ 13 ന് ഖാലിദിനെ അറസ്റ്റ് ചെയ്‌തു. കലാപത്തിൻ്റെ "സൂത്രധാരന്മാർ" എന്നാരോപിച്ചായിരുന്നു അറസ്റ്റ്. ഭീകരവിരുദ്ധ യുഎപിഎയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വ്യവസ്ഥകളും ചുമത്തിയാണ് ഏഴുപ്രതികള്‍ക്കെതിരെയും കേസെടുത്തത്.

