സംഘ കാലഘട്ടത്തിലെ ജലസ്രോതസ്; തെങ്കാശിയിൽ അതിപുരാതനമായ കിണർ കണ്ടെത്തി ഗവേഷകർ
സംഘകാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന കൽപ്പടവുകളുള്ള കിണറാണ് കണ്ടെത്തിയത്. കിണറിൻ്റെ പടികൾ കല്ലുകൊണ്ടും ചുവരുകൾ ഇഷ്‌ടികകൾക്കൊണ്ടുമാണ് നിർമ്മിച്ചിരിക്കുന്നത്.

Published : July 7, 2026 at 5:57 PM IST
ചെന്നൈ: ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പുരാതന കാലഘട്ടമായ സംഘ കാലത്തിലേതെന്ന് കരുതുന്ന കിണർ കണ്ടെത്തി ഗവേഷകർ. തമിഴ്‌നാട്ടിലെ കരിവാലംവന്തനല്ലൂരിലാണ് തെങ്കാശി ജില്ലാ പുരാവസ്‌തു വകുപ്പിലെ ഗവേഷകർ ഖനന പ്രവർത്തനത്തിനിടയിൽ കിണർ കണ്ടെത്തിയത്. തമിഴ്‌നാട്ടിൽ ആദ്യമായാണ് സംഘം കാലഘട്ടത്തിലെ ഇത്തരമൊരു കണ്ടെത്തൽ നടക്കുന്നത്.
സംസ്ഥാന സർക്കാരിൻ്റെ പുരാവസ്‌തു വകുപ്പിന് കീഴിൽ ഈ വർഷം എട്ട് സ്ഥലങ്ങളിലായി ഖനന പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇതിലൊരു പ്രദേശമാണ് തെങ്കാശി ജില്ലയിലെ കരിവാലംവന്തനല്ലൂർ ഖനന മേഖല. കാരിച്ചത്തോൺ പഞ്ചായത്തിലെ മലയടിപ്പട്ടി പ്രദേശത്തെ വൈപ്പാരു നദീതടത്തിന് സമീപം കഴിഞ്ഞ മൂന്ന് മാസമായി ഖനനം നടക്കുന്നു. ഇതിനിടയിലാണ് ചരിത്രാവശേഷിപ്പ് കണ്ടെത്തിയത്.
സംഘം കാലഘട്ടത്തിലെ നിർമ്മിതി
സംഘകാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന കൽപ്പടവുകളുള്ള കിണറാണ് കണ്ടെത്തിയത്. ഇത് ഉത്ഖനന സ്ഥലത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. ഇവിടുത്തെ ഉത്‌ഖനനം നടക്കുന്ന സ്ഥലങ്ങളിൽ രണ്ട് പ്രദേശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒന്ന് സംഘകാലഘട്ടത്തിലെ ജനവാസ മേഖലയും മറ്റൊന്ന് ഈമ പ്രദേശം എന്നറിയപ്പെടുന്ന ശ്‌മശാനവുമാണ്. ഇത് രണ്ടും കേന്ദ്രീകരിച്ച് ഖനനം നടന്നുകൊണ്ടിരിക്കുകയാണ്. സംഘകാലഘട്ടത്തിൽ നിലനിന്നിരുന്ന കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങളും ഇവിടുത്തെ ജനവാസ മേഖലയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട് എന്ന് സ്ഥലത്തെ പുരാവസ്‌തു ഗവേഷകനായ കാളീശ്വരൻ പറഞ്ഞു.
കീഴടി, അലഗംകലം, കാവേരിപൂംപട്ടണം, പണ്ഡിതം മേട് തുടങ്ങിയ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇഷ്‌ടിക ഘടനകൾ ഇവിടെ കാണപ്പെടുന്നവയുമായി പൊരുത്തപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇവിടുത്തെ ഇഷ്‌ടികകൾക്ക് 40 സെൻ്റിമീറ്റർ നീളവും 20 സെൻ്റിമീറ്റർ വീതിയും എഴ് കിലോ ഭാരവും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പുരാതന ജനതയുടെ ജലസ്രോതസ്
സംഘകാലഘട്ടത്തിലെ നിർമ്മാണ സമ്പ്രദായത്തിന് അനുസൃതമായാണ് കണ്ടെത്തിയ കിണർ നിർമ്മിച്ചിരിക്കുന്നതെന്ന് വ്യക്തമായിരിക്കുകയാണ്. കിണറിൻ്റെ പടികൾ കല്ലുകൊണ്ടും ചുവരുകൾ ഇഷ്‌ടികകൾക്കൊണ്ടുമാണ് പണിതിരിക്കുന്നത്. പടികൾക്ക് തേയ്‌മാനവുമുണ്ട്. ഇത് അക്കാലത്തെ ആളുകൾ വളരെക്കാലം കിണർ ഉപയോഗിച്ചിരുന്നു എന്നതിൻ്റെ തെളിവാണ്.
കിണറിൻ്റെ ഉൾഭാഗത്ത് ഉയർന്ന ജലനിരപ്പിൻ്റെ ലക്ഷണങ്ങൾ കാണാം. ഇത് പുരാതന കാലത്ത് ജനങ്ങൾക്ക് വേനൽക്കാലത്തെ പ്രധാന ജലസ്രോതസായിരുന്നിരിക്കാം എന്നാണ് സൂചിപ്പിക്കുന്നത്. ഇതുവരെ കിണറിൻ്റെ ആഴം രണ്ട് മീറ്റർ വരെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ഖനനം ചെയ്‌താൽ മാത്രമേ യഥാർഥ ആഴം തിരിച്ചറിയാൻ സാധിക്കൂ എന്ന് ഗവേഷകർ പറയുന്നു.
കൂടുതൽ തെളിവുകൾ കണ്ടെത്തി
തമിഴ്‌നാട്ടിൽ നടത്തിയ ഖനനത്തിനിടെ ഇത്തരത്തിലുള്ള ആദ്യ കണ്ടെത്തലായതിനാൽ ഈ കിണർ ഏറെ പ്രാധാന്യമർഹിക്കുന്നു. കൂടാതെ, ഗ്ലാസ് ബീഡ് ഫാക്‌ടറികൾ നിലവിലുണ്ടായിരുന്നു എന്നതിൻ്റെ തെളിവുകളും ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.
അയ്യായിരം വർഷങ്ങൾക്ക് മുൻപ് നവീന ശിലായുഗം മുതൽ സാംസ്‌ക്കാരിക കാലഘട്ടം വരെ ആളുകൾ ഈ പ്രദേശങ്ങളിൽ താമസിച്ചിരുന്നതായി കണ്ടെത്തിയ ശ്രോതസുകൾ വ്യക്താമാക്കുന്നു. നവീന ശിലായുഗം, ഇരുമ്പു യുഗം, ആദ്യകാല ചരിത്ര കാലഘട്ടം, ചരിത്ര കാലഘട്ടം എന്നിവയുൾപ്പെടെ എല്ലാ സാംസ്‌ക്കാരിക കാലഘട്ടത്തിലും ഈ പ്രദേശത്ത് ആളുകൾ താമസിച്ചിരുന്നതായാണ് പുരാവസ്‌തു തെളിവുകൾ ചൂണ്ടിക്കാട്ടുന്നത്.
ഇതേത്തുടർന്ന്, തെങ്കാശി ജില്ലയിലെ വൈപ്പാരു നദീതടത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഖനന സ്ഥലം വളരെ പ്രാധാന്യമുള്ളതാണെന്ന് പുരാവസ്‌തു ഗവേഷകർ അവകാശപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിൽ ജില്ലയിലെ തിരുമലപുരം, വെമ്പക്കോട്ടൈ എന്നിവിടങ്ങളിൽ നടത്തിയ ഖനനത്തിന് ശേഷം കരിവാലംവന്തനല്ലൂർ പ്രദേശത്തും കൂടുതൽ ഖനന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ഗവേഷകൻ കാളീശ്വരൻ പറഞ്ഞു. ഇവ കൂടാതെ പ്രദേശങ്ങളിൽ നിന്ന് കറുപ്പും ചുവപ്പും നിറങ്ങളിലുള്ള മൺപാത്രങ്ങൾ, ചായം പൂശിയ മൺപാത്രങ്ങൾ, ചായം പൂശിയ ടൈലുകൾ, കളിപ്പാട്ടത്തിൻ്റെ കഷണങ്ങൾ, കമ്മലുകൾ, അമ്യൂലറ്റുകൾ എന്നിവയും കണ്ടെത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

