വസുധൈവ കുടുംബകം; ന്യൂയോര്‍ക്കിലെ 'സാർവത്രിക ഏകത്വം' പരിപാടിയിൽ പങ്കെടുക്കാൻ ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത്
ആർഎസ്‌എസ് മേധാവി ഇന്ന് മാഡിസൺ സ്‌ക്വയർ ഗാർഡനിൽ 5,000-ത്തിലധികം പേരെ അഭിസംബോധന ചെയ്യും. ആർഎസ്‌എസ് ശതാബ്‌ദി വാർഷിക പരിപാടികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Published : August 29, 2026 at 5:27 PM IST
ന്യൂഡൽഹി: ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടക്കുന്ന 'സാർവത്രിക ഏകത്വം' പരിപാടിയിൽ പങ്കെടുക്കാൻ ഒരുങ്ങി രാഷ്ട്രീയ സ്വയംസേവക് സംഘം (ആർഎസ്‌എസ്) മേധാവി മോഹൻ ഭാഗവത്. ആർഎസ്‌എസ് ശതാബ്‌ദി വാർഷിക പരിപാടികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് ഇന്ത്യൻ സമയം രാത്രി 11:30യ്‌ക്ക് (യുഎസിൽ ഉച്ചയ്ക്ക് രണ്ട് മണി) ആരംഭിക്കുന്ന ഒത്തുചേരലിൽ 85 നഗരങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുക്കുമെന്ന് പരിപാടിയുടെ സംഘാടക പ്രിയ സാമന്ത് പറഞ്ഞു. 200ലധികം സംഘടനകൾ പരിപാടിയിൽ പങ്കാളികളായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 39 യുഎസ് സംസ്ഥാനങ്ങളിൽ നിന്നായി 5,000-ത്തിലധികം ആളുകൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ വിശ്വസിക്കുന്നത്.
"'വസുധൈവ കുടുംബകം' (ലോകം ഒരു കുടുംബം) എന്ന ഇന്ത്യൻ തത്ത്വചിന്തയുടെ ആഘോഷമാണ് ഈ പരിപാടി. നമ്മുടെ ഇടയിൽ പലതരത്തിലുള്ള വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും നമുക്ക് സമാധാനത്തിലും ഐക്യത്തിലും ജീവിക്കാൻ കഴിയും" പ്രിയ സാമന്ത് പറഞ്ഞു. സംസ്‌കാരികവും ആത്മീയവുമായ ഘടകങ്ങളുടെ ഒരു സർവമത സമ്മേളനമായിരിക്കും ഈ പരിപാടിയെന്നും അവർ കൂട്ടിച്ചേർത്തു.
#WATCH | RSS Sarsanghchalak Mohan Bhagwat paid a visit to the ISKCON temple in New York during his US trip. As part of the visit, he also took part in a food distribution initiative aimed at helping homeless people in the city. pic.twitter.com/TsIg8HXcAT
— ANI (@ANI) August 28, 2026
ഇന്ത്യൻ-അമേരിക്കൻ യുവാക്കളുടെ ഒരു കാപ്പെല്ല പ്രകടനവും സ്‌തുതിഗീതങ്ങളുടെ ആലാപനവും പരിപാടിയിൽ ഉൾപ്പെടുത്തുമെന്നും പ്രിയ സാമന്ത് പറഞ്ഞു. പരിപാടിയുടെ രജിസ്ട്രേഷൻ പ്രക്രിയയ്ക്ക് വലിയ പ്രതികരണമാണ് ലഭിച്ചതെന്നും ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനുവേണ്ടി നിരവധിയാളുകളിൽ നിന്ന് അഭ്യർത്ഥനകൾ ലഭിച്ചുവെന്നും പ്രിയ അവർ കൂട്ടിച്ചേർത്തു. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് പരിപാടി ഓൺലൈനിലൂടെ കാണാൻ കഴിയുമെന്നും പ്രിയ സാമന്ത് വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അമേരിക്ക, കാനഡ, യുകെ എന്നീ രാജ്യങ്ങളിലെ ത്രിരാഷ്‌ട്ര പര്യടനത്തിൻ്റെ ഭാഗമായി ചൊവ്വാഴ്‌ചയാണ് ആർഎസ്‌എസ് മേധാവി ന്യൂയോർക്കിൽ എത്തിയത്. വെള്ളിയാഴ്‌ച ഭാഗവത് യുഎസ് പര്യടനത്തിനിടെ ന്യൂയോർക്കിലെ ഇസ്‌കോൺ ക്ഷേത്രം സന്ദർശിക്കുകയും ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്‌തു, ക്ഷേത്രത്തിൽ ഭക്തരെ അഭിസംബോധന ചെയ്‌തുകൊണ്ട് ലോകത്തിലെ സംഘർഷങ്ങളെയും ഭിന്നതകളെയും മറികടക്കാൻ കൃഷ്‌ണബോധം സഹായിക്കുമെന്ന് ഭാഗവത് ഊന്നിപ്പറഞ്ഞു. വ്യത്യാസങ്ങളും സംഘർഷങ്ങളും ഉണ്ടെങ്കിലും ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ കൃഷ്‌ണബോധം വഹിക്കുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
"ഇന്നത്തെ ലോകത്ത് നിരവധി സംഘർഷങ്ങളുണ്ട്, നിരവധി ദ്വന്ദ്വങ്ങളുണ്ട്. എല്ലാവരേയും ഒന്നിപ്പിക്കുന്ന ഒരേയൊരു കാര്യം അവബോധമാണ്. ആ ബോധം കൃഷ്‌ണബോധമാണ് - നമ്മൾ ഒന്നാണ്, ഈ ലോകത്തിലെ ഈ ദ്വന്ദ്വങ്ങളിലൂടെ നമുക്ക് അത് അനുഭവിക്കാൻ കഴിഞ്ഞു, നിരവധി വൈവിധ്യങ്ങളും ദ്വന്ദ്വങ്ങളും സംഘർഷങ്ങളും ഉണ്ടെങ്കിലും വാസ്‌തവത്തിൽ എല്ലാം കൃഷ്‌ണനാണ്" ഭാഗവത് പറഞ്ഞു.
"എല്ലാം കൃഷ്‌ണൻ്റെ ഭാഗമാണ് എന്ന ധാരണ ആളുകളുടെ ഹൃദയങ്ങളിൽ എത്തിയാൽ, അത് മികച്ച സഹകരണബോധമുള്ള ഒരു ലോകം സൃഷ്‌ടിക്കാൻ സഹായിക്കും. എല്ലാം കൃഷ്ണനാണ് - ആ വാക്ക് എല്ലാ ഹൃദയങ്ങളിലും എത്തിയാൽ, ലോകം തീർച്ചയായും മികച്ച ഒരു ലോകമായിരിക്കും; അത് ഇന്ന് നമ്മൾ കാണുന്ന ഭൗതിക ലോകമായിരിക്കില്ല, ഓരോ മനുഷ്യനും അത് ഒരു സ്വർഗീയ വാസസ്ഥലമായിരിക്കും" അദ്ദേഹം കൂട്ടിച്ചേർത്തു.
#WATCH | US: RSS Sarsanghchalak Mohan Bhagwat today paid a visit to 26 2nd Avenue in New York City, where Swami Prabhupada founded the first ISKCON Temple. As part of the visit, he also took part in a food distribution initiative aimed at helping homeless people in the city.… pic.twitter.com/3zWTZvyrmt
— ANI (@ANI) August 29, 2026
പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന ആചാര്യ മഹാമണ്ഡലേശ്വർ ശ്രീ സ്വാമി അവധേശാനന്ദ് ഗിരി ജി മഹാരാജ്, പരിപാടിയിൽ പ്രതിഷേധിക്കുന്നവർക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും അതിനെ വിമർശിക്കാനും അവകാശമുണ്ടെന്ന് പറഞ്ഞു. ലോകം ഒരു കുടുംബമാണെന്ന ഇന്ത്യൻ സംസ്‌കാരത്തെ ഊന്നിപ്പറയുന്ന, സാർവത്രിക സാഹോദര്യത്തിൻ്റേയും ഐക്യത്തിൻ്റേയും സന്ദേശം ഈ പരിപാടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
വൈവിധ്യമാർന്ന, ബഹുസ്വര സദസിനെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു മതാന്തര സംഗമമാണ് 'സാർവദേശികമായ ഏകത്വ ആഘോഷമെ'ന്ന് ആർഎസ്‌എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനിൽ അംബേക്കർ വിശേഷിപ്പിച്ചു. പരിപാടിക്ക് മുന്നോടിയായി പങ്കെടുക്കുന്നവരോട് ജാഗ്രത പാലിക്കാനും സാഹചര്യ അവബോധം നിലനിർത്താനും സിവിൽ ഇടപെടലുകൾ നിലനിർത്താനും അഭ്യർത്ഥിച്ചുകൊണ്ട് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ഒരു സുരക്ഷാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
1925ൽ നാഗ്‌പൂരിൽ ആർഎസ്‌എസ് സ്ഥാപിതമായതിൻ്റെ 100ാം വാർഷികമാണ് ഇപ്പോൾ ആഘോഷിക്കുന്നത്. സ്വഭാവ രൂപീകരണം, സാമൂഹിക സേവനം, ദേശീയ വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സന്നദ്ധസേവന അധിഷ്‌ഠിത സംസ്‌കാരിക സംഘടനയായിട്ടാണ് ആർഎസ്‌എസിനെ സ്വയം വിശേഷിപ്പിക്കുന്നത്. 2009 മുതൽ ഭഗവത് ആർഎസ്‌എസ് സർസംഘചാലക് ആയി സേവനമനുഷ്‌ഠിച്ചുവരികയാണ്.
ഈ ആഴ്‌ച ആദ്യം, ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി ആർഎസ്‌എസ് പരിപാടിയെ പിന്തുണയ്ക്കുന്നില്ലെന്ന് പറഞ്ഞിരുന്നു, എന്നാൽ സ്വകാര്യമായി സംഘടിപ്പിച്ച ഒരു സമ്മേളനം റദ്ദാക്കാൻ നഗര ഭരണകൂടത്തിന് അധികാരപരിധിയുണ്ടോ എന്ന് തനിക്ക് ഉറപ്പില്ലെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്‌തു.
ALSO READ: മണ്‍സൂണ്‍ മഴയിൽ 'പൊള്ളി' ഇന്ത്യ; വിവിധയിടങ്ങളിൽ വെള്ളപ്പൊക്കവും മരണങ്ങളും

