അയോധ്യ രാമക്ഷേത്ര ട്രസ്‌റ്റിൻ്റെ ആദ്യ സിഇഒ ആരെന്ന് നാളെ അറിയാം; മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയാര്‍
ബുധനാഴ്‌ച നടക്കുന്ന യോഗത്തിൽ രണ്ട് അംഗങ്ങളെയും പാനലിലെ ജനറൽ സെക്രട്ടറിയെയും പ്രഖ്യാപിക്കുമെന്ന് ക്ഷേത്ര വൃത്തങ്ങൾ അറിയിച്ചു. 5,500 അപേക്ഷകളാണ് ട്രസ്‌റ്റിന് ലഭിച്ചത്.

By PTI
Published : September 1, 2026 at 8:14 PM IST
ലക്‌നൗ: ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്രത്തെ സംബന്ധിച്ച് വിവാദങ്ങൾ നിലനിൽക്കെ, നാളെ (സെപ്‌തംബർ 2) നടക്കുന്ന ട്രസ്‌റ്റിൻ്റെ യോഗത്തിൽ രാമക്ഷേത്രത്തിൻ്റെ ആദ്യ സിഇഒയെ തെരഞ്ഞെടുക്കും. മൂന്ന് പേരുടെ ചുരുക്കപ്പട്ടികയിൽ നിന്നാവും തെരഞ്ഞെടുപ്പ്. ബുധനാഴ്‌ച നടക്കുന്ന യോഗത്തിൽ രണ്ട് അംഗങ്ങളെയും പാനലിലെ ജനറൽ സെക്രട്ടറിയെയും പ്രഖ്യാപിക്കുമെന്ന് ക്ഷേത്ര വൃത്തങ്ങൾ അറിയിച്ചു.
വഴിപാടുകൾ മോഷ്‌ടിച്ചുവെന്ന ആരോപണത്തെയും ക്ഷേത്ര ട്രസ്‌റ്റിൻ്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായിയുടെ രാജിയെയും കുറിച്ചുള്ള വിവാദത്തിൻ്റെ പശ്ചാത്തലത്തിലാണ് യോഗം. രാമമന്ദിർ ട്രസ്‌റ്റ് പ്രസിഡൻ്റ് നൃത്യ ഗോപാൽ ദാസിൻ്റെ മണിരാംദാസ് ചവാനിയിലെ വസതിയിലാണ് യോഗം നടക്കുക. ട്രസ്‌റ്റിൻ്റെ ആദ്യ സിഇഒയ്‌ക്കായി ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്‌റ്റിന് മൂന്ന് ചുരുക്കപ്പട്ടികകൾ സെലക്ഷൻ കമ്മിറ്റി സമർപ്പിക്കുമെന്നും വൃത്തങ്ങൾ പറഞ്ഞു.
യോഗത്തിൽ പങ്കെടുക്കുന്നതിനായി സെലക്ഷൻ കമ്മിറ്റി ഉദ്യോഗസ്ഥരായ വിരമിച്ച ജസ്‌റ്റിസ് പ്രമോദ് കോഹ്‌ലി, വിരമിച്ച ലെഫ്‌റ്റനൻ്റ് ജനറൽ വിഷ്‌ണുകാന്ത് ചതുർവേദി, വിദഗ്‌ധ അംഗം സുരേഷ് ഹവ്‌ഡെ എന്നിവർ അയോധ്യയിലെത്തിയിട്ടുണ്ട്. ട്രസ്‌റ്റ് അംഗം വിമലേന്ദ്ര മോഹൻ പ്രതാപ് മിശ്രയുടെ മരണത്തെത്തുടർന്ന് മൂന്ന് ഒഴിവുകൾ സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, ക്ഷേത്ര ട്രസ്‌റ്റിൻ്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ്, അനിൽ മിശ്ര എന്നിവരുടെ രാജിയെത്തുടർന്ന് വഴിപാടുകൾ മോഷ്‌ടിക്കപ്പെട്ടതായും ആരോപണമുയർന്നിട്ടുണ്ട്.
ജഗദീഷ് ആഫ്ലെ ക്ഷേത്ര ട്രസ്‌റ്റിൻ്റെ ആദ്യ സെക്രട്ടറി
ബുധനാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ ട്രസ്‌റ്റിൻ്റെ സെക്രട്ടറി സ്ഥാനങ്ങളെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും. അതേസമയം, ജഗദീഷ് ആഫ്ലെ ക്ഷേത്ര ട്രസ്‌റ്റിൻ്റെ ആദ്യ സെക്രട്ടറിയായിരിക്കും. മഹാരാഷ്ട്രയിൽ നിന്നുള്ള ആഫ്ലെ, രാഷ്ട്രീയ സ്വയംസേവക് സംഘവുമായി (ആർഎസ്‌എസ്) അടുത്ത ബന്ധം പുലർത്തിപ്പോരുന്നു. രാമക്ഷേത്ര നിർമ്മാണ പ്രോജക്‌ട് മാനേജരുമാണ് ഇദ്ദേഹം.
പൂനെയിൽ താമസിക്കുന്ന ആഫ്ലെ, ഇലക്ട്രിക്കൽ എഞ്ചിനിയറിങിൽ ബി.ടെക്കും ഐഐടി ബോംബെയിൽ നിന്ന് എം.ടെക്കും നേടിയിട്ടുണ്ട്. വിരമിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുൻപ് ഇന്ത്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ ജോലി ചെയ്‌തിട്ടുണ്ട്. സ്രോതസുകൾ പ്രകാരം, ആർഎസ്‌എസിൻ്റെ ശുപാർശയിൽ ആഫ്ലെ രാമ മന്ദിർ നിർമ്മാണ പദ്ധതിയിൽ ഓണററി പ്രോജക്‌ട് മാനേജരായി ചേരുകയായിരുന്നു. അതിന് ശേഷം കുടുംബമായി അയോധ്യയിൽ താമസിച്ചുവരുന്നു.
വിഎച്ച്പി അന്താരാഷ്ട്ര ജനറൽ സെക്രട്ടറി ബജ്രംഗ് ലാൽ ബംഗ്‌ഡയെയും ട്രസ്‌റ്റിൽ ഉൾപ്പെടുത്തിയേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, പുതിയ സിഇഒയെ ബുധനാഴ്‌ച പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന്, ക്ഷേത്ര ട്രസ്‌റ്റ് ട്രഷറർ ഗോവിന്ദ് ദേവിൻ്റെ മറുപടി അത് തീരുമാനിക്കേണ്ടത് ട്രസ്‌റ്റാണെന്നായിരുന്നു. അത് സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്രയും വലിയ, ലോകപ്രശസ്‌തമായ ഒരു ക്ഷേത്രത്തിൻ്റെ സുരക്ഷയും മികച്ച മാനേജ്‌മെൻ്റും ഉറപ്പാക്കാൻ ഒരു മികച്ച സിഇഒയെ ആവശ്യമാണ്. അതിനാലാണ് മൂന്ന് അംഗ സെലക്ഷൻ പാനലിൽ നിന്ന് മാർഗനിർദേശം തേടിയത്. പാനൽ ഏകദേശം 5,500 അപേക്ഷകൾ പരിശോധിച്ചുവെന്നും ഒടുവിൽ 16 വ്യക്തികളുമായി അഭിമുഖങ്ങൾ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യ രാമക്ഷേത്രത്തിനായുള്ള മൂന്നംഗ സിഇഒ സെലക്ഷൻ ടീമിനെ നയിച്ച ജസ്‌റ്റിസ് പ്രമോദ് കോഹ്‌ലി, അവർ തെരഞ്ഞെടുത്ത പാനൽ മികച്ചതാണെന്നും ഒരു ദർശനം ഉള്ളതും പ്രശ്‌നങ്ങൾ മനസിലാക്കുന്നതുമാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സങ്കീർണമായ തെരഞ്ഞെടുപ്പ് പ്രക്രിയ
ഈ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർണമായും സുതാര്യവും നീതിയുക്തവുമായിരുന്നു എന്ന് ജസ്‌റ്റിസ് പ്രമോദ് കോഹ്‌ലി പറഞ്ഞു. മൂന്ന് വ്യക്തികളിൽ ആരാണ് സിഇഒ ആയി സേവനമനുഷ്‌ഠിക്കേണ്ടതെന്ന് ട്രസ്‌റ്റ് തീരുമാനിക്കും. സിഇഒ സ്ഥാനത്തേയ്‌ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് വ്യക്തികളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചത്.
ജൂലൈ 18 ആയിരുന്നു അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 11 നും 18 നും ഇടയിലായി 5,585 അപേക്ഷകളാണ് ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ലഭിച്ച അപേക്ഷകൾ സൂക്ഷമമായി പരിശോധിക്കുക എന്നത് വലിയ കടമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അങ്ങനെ ജൂലൈ 17 ന് ഒരു യോഗം നടത്തുകയും വ്യത്യസ്‌ത വിഭാഗങ്ങൾ ഉൾപ്പെടുത്തി ഗൂഗിൾ ഫോം സൃഷ്‌ടിച്ച് യോഗ്യതാ മാനദണ്ഡങ്ങൾക്കനുസരിച്ച് മാർക്ക് നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
600 മാർക്ക് അടങ്ങുന്ന ആ ഗൂഗിൾ ഫോം 3,577 പേർക്ക് അയച്ചു. കൂടുതൽ വർഗീകരണത്തിൽ, 470 മാർക്ക് അല്ലെങ്കിൽ അതിൽ കൂടുതൽ നേടിയ 108 വ്യക്തികളെ ഒരു പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തി. ഈ 108 വ്യക്തികളുമായി പിന്നീട് വീഡിയോ കോൾ വഴി അഭിമുഖം നടത്തുകയും ചെയ്‌തു. ഏകദേശം നാലു ദിവസം ഈ പ്രക്രിയ നീണ്ടു നിന്നു.
ഇതിൽ നിന്ന് 17 പേരെ ഷോർട്ട്ലിസ്‌റ്റ് ചെയ്യുകയും അവരുടെ പ്രകടനത്തെയും സമീപനത്തെയും അടിസ്ഥാനമാക്കി ഗ്രേഡ് എ, ഗ്രേഡ് ബി, ഗ്രേഡ് സി എന്നിങ്ങനെ തരംതിരിക്കുകയും ചെയ്‌തു. ഇങ്ങനെ മികച്ചതും പ്രവർത്തിക്കാൻ തയ്യാറായിട്ടുള്ളവരും വ്യക്തമായ കാഴ്‌ചപ്പാടുള്ളതുമായ ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് മൂന്നംഗ പാനൽ രൂപീകരിച്ചു. ഇത്തരത്തിലുള്ള വ്യക്തിയെയാണ് സിഇഒ ആയി ആവശ്യമായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

