ETV Bharat / bharat

അമിത് ഷായെ പ്രതിപക്ഷ പ്രതിഷേധം അറിയിക്കാൻ പാർലമെന്‍ററികാര്യ മന്ത്രിയോട് നിർദേശിച്ച് രാജ്യസഭാ ചെയർമാൻ; സഭയിൽ വൻ ബഹളം

ചെയർമാന്‍റെ ഈ ഇടപെടലിനെ പ്രതിപക്ഷ പാർട്ടികൾ സ്വാഗതം ചെയ്യുകയും വലിയ വിജയമായി ഉയർത്തിക്കാട്ടുകയും ചെയ്തു.എന്നാല്‍, ഭരണപക്ഷം ഇതിനു പിന്നാലെ ബഹളം ആരംഭിച്ചു.

RAJYA SABHA  OPPOSITION  AMIT SHAH  CONGRESS
സി പി രാധാകൃഷ്ണന്‍ (Sansad TV)
author img

By ETV Bharat Kerala Team

Published : August 6, 2026 at 2:03 PM IST

2 Min Read
Choose ETV Bharat

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിലെത്തി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സഭാനടപടികൾ നിർത്തിവെച്ചു.

പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ വികാരവും ആവശ്യങ്ങളും ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിക്കാൻ പാർലമെന്‍ററി കാര്യ മന്ത്രി കിരൺ റിജിജുവിനോട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ നിർദേശിച്ചു. ചെയർമാന്‍റെ ഈ ഇടപെടലിനെ പ്രതിപക്ഷ പാർട്ടികൾ സ്വാഗതം ചെയ്യുകയും വലിയ വിജയമായി ഉയർത്തിക്കാട്ടുകയും ചെയ്തു.എന്നാല്‍, ഭരണപക്ഷം ഇതിനു പിന്നാലെ ബഹളം ആരംഭിച്ചു. ഏത് മന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം തീരുമാനിക്കേണ്ടെന്നും ചെയര്‍മാന്‍റെ നിര്‍ദേശം അംഗീകരിക്കാമെന്നും മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.

വ്യാഴാഴ്ച രാവിലെ സഭ സമ്മേളിച്ചപ്പോൾ മുതൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചോദ്യോത്തര വേളയിലും സീറോ അവറിലും പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളോടെ സഭയുടെ നടുക്കളത്തിലിറങ്ങി. പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്ക് സംസാരിക്കാൻ ചെയർമാൻ അനുമതി നൽകിയെങ്കിലും ഭരണപക്ഷ അംഗങ്ങൾ ഇതിനെ ശക്തമായി എതിർത്തത് ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വലിയ വാക്പോരിന് വഴിവെച്ചു. തുടർന്ന്, സഭയുടെ വികാരം ആഭ്യന്തര മന്ത്രിയെ അറിയിക്കാൻ ചെയർമാൻ കിരൺ റിജിജുവിനോട് നിർദേശിക്കുകയായിരുന്നു. ഇതിനുശേഷവും പ്രതിഷേധം ശമിക്കാത്തതിനെ തുടർന്ന് സഭാനടപടികൾ ഉച്ചയ്ക്ക് 2.15 വരെ നിർത്തിവെക്കുകയായിരുന്നു.

ചെയർമാന്‍റെ നിർദേശത്തെ സ്വാഗതം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. വിദ്യാർഥികളുടെ പാർലമെന്‍റ് മാർച്ചിന് നേരെ നടന്ന സംഭവങ്ങളിൽ ആഭ്യന്തര മന്ത്രി സഭയിലെത്തി വ്യക്തത വരുത്തണമെന്ന് തങ്ങൾ തുടർച്ചയായി ആവശ്യപ്പെടുകയായിരുന്നുവെന്ന് സിപിഎം എം.പി ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ദിവസങ്ങളായി പാർലമെന്റിനെ അഭിമുഖീകരിക്കുന്നതിൽ നിന്ന് ഒളിച്ചോടുകയാണെന്നും, പ്രതിപക്ഷത്തിന്‍റെ ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കണമെന്ന തങ്ങളുടെ അഭ്യർഥന അംഗീകരിച്ച ചെയർമാന്‍റെ നിർദേശത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ചെയർമാന്‍റെ ഈ നിർദേശം മുഴുവൻ പ്രതിപക്ഷത്തിന്‍റെയും വലിയ വിജയമാണെന്ന് സി.പി.ഐ എം.പി പി. സന്തോഷ് കുമാറും പ്രതികരിച്ചു. ജൂലൈ 20-ന് നടന്ന ലാത്തിച്ചാർജിൽ ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന പ്രതിപക്ഷത്തിന് ചെയർമാന്‍റെ നിർദേശം വലിയ ആശ്വാസമാണെന്നും, മന്ത്രിയുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: കർഷകർക്ക് ലക്ഷങ്ങൾ സമ്മാനം; തമിഴ്‌നാട് കാർഷിക ബജറ്റിൽ മൂന്ന് സുപ്രധാന പുരസ്കാരങ്ങൾ