ETV Bharat / bharat

തിക്കും തിരക്കും വേണ്ട; ട്രെയിൻ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, റെയിൽവേ പ്ലാറ്റ്‌ഫോമുകളുടെ നീളം കൂട്ടും

രാജ്യമെമ്പാടും പ്ലാറ്റ്‌ഫോമുകൾ വ്യാപിപ്പിക്കുന്നതോടെ കോടിക്കണക്കിന് യാത്രക്കാർക്ക് ഇത് ആശ്വാസം ആകുമെന്നാണ് പ്രതീക്ഷ.

LONGER PLATFORMS  NORTH WESTERN RAILWAY  LHB COACHES  INDIAN RAILWAY
Representative Image (Getty image)
author img

By ETV Bharat Kerala Team

Published : December 8, 2025 at 8:49 PM IST

4 Min Read
Choose ETV Bharat

ചഞ്ചൽ മുഖർജി

ന്യൂഡൽഹി: പ്ലാറ്റ്‌ഫോമുകളുടെ നീളം വർധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. പ്രായമായവർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവരുൾപ്പെടെയുള്ള യാത്രക്കാർക്ക് മികച്ച സൗകര്യം നൽകുന്നതിനായി കൂടുതൽ കോച്ചുകളുള്ള ട്രെയിനുകളും സജ്ജമാക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചത്. രാജ്യമെമ്പാടും പ്ലാറ്റ്‌ഫോമുകൾ വ്യാപിപ്പിക്കുന്നതോടെ കോടിക്കണക്കിന് യാത്രക്കാർക്ക് ഇത് ആശ്വാസം ആകുമെന്നാണ് പ്രതീക്ഷ.

പുതിയ ലിങ്ക്-ഹോഫ്‌മാൻ-ബുഷ് (എൽഎച്ച്ബി) കോച്ചുകൾ പഴയ കോച്ചുകളേക്കാൾ അല്‌പം നീളമുള്ളതാണ്. സീസൺ സമയത്തും മറ്റും സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുകയും കോച്ചുകളുടെ എണ്ണം കൂട്ടുകയും ചെയ്യുന്നത് പതിവാണ്. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ പ്ലാറ്റ്‌ഫോമുകൾ ചെറുതായതിനാൽ ട്രെയിൻ നിർത്തുമ്പോൾ ആളുകൾ നേരെ ഇറങ്ങുന്നത് പ്ലാറ്റ്‌ഫോമിന് പുറത്താണ്.

ഈ പ്രശ്‌നം പരിഹരിക്കുന്നതിനായാണ് റെയിൽവേ പ്ലാറ്റ്‌ഫോം നീളം വർധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് നോർത്ത് വെസ്‌റ്റേൺ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ശശി കിരൺ ഇടിവി ഭാരതിനോട് പറഞ്ഞു. കൂടാതെ യാത്രക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും പ്രായമായവർക്കും എളുപ്പത്തിൽ കയറാനും ഇറങ്ങാനും വലുതും ചെറുതുമായ സ്‌റ്റേഷനുകളിൽ എല്ലാം റെയിൽ-ലെവൽ, മീഡിയം ലെവൽ പ്ലാറ്റ്‌ഫോമുകളും നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയ്‌പൂർ, അജ്‌മീർ, ജോധ്പൂർ, ബിക്കാനീർ എന്നിവിടങ്ങളിലെ നാല് ഡിവിഷനുകളിലായി ഏകദേശം 262 കോടി രൂപ ചെലവിലാണ് പ്ലാറ്റ്‌ഫോം ഷെൽട്ടർ സ്ഥാപിക്കുന്നത്. ഏകദേശം 80 കോടി രൂപ ചെലവിൽ പ്ലാറ്റ്‌ഫോം നീളം കൂട്ടലും മറ്റും നടക്കുന്നത് എന്ന് ശശി കിരൺ വ്യക്തമാക്കി. അജ്‌മീർ, ബിക്കാനീർ ഡിവിഷനുകളിലെ ഉദയ്‌പൂർ, ഖർവ ചന്ദ, പിപ്ലാജ്, മോറിബെറ, കൊളയാത്ത്, ഗജ്‌നർ, നോഖ്‌റ, ഗജ്‌സിംഗ്പൂർ, കേശവ് നഗർ ഹാൾട്ട് എന്നിവയുൾപ്പെടെ 21 സ്‌റ്റേഷനുകളിലാണ് പ്ലാറ്റ്‌ഫോം നിർമാണം തുടങ്ങിയിരിക്കുന്നത്. ഇത് രാജ്യത്തുടനീളം നടപ്പിലാക്കാനും പദ്ധതിയിടുന്നു.

പ്ലാറ്റ്‌ഫോം എലിവേഷൻ ജോലികൾ

ഏകദേശം 342 കോടി രൂപ ചെലവിലാണ് വിവിധ സ്‌റ്റേഷനുകളിലായി പ്ലാറ്റ്‌ഫോം വിപുലീകരണങ്ങൾ, എലിവേഷനുകൾ, ഷെൽട്ടറുകൾ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. റെയിൽവേ സ്‌റ്റേഷനുകളിൽ യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സുരക്ഷിതമായി യാത്ര ചെയ്യാനും ഇത് സഹായിക്കും.

പ്ലാറ്റ്‌ഫോം ഷെൽട്ടറുകൾ

ഫുലേര, കിഷൻഗഡ്, കനക്‌പുര, അസൽപൂർ ജോബ്‌നർ, ബന്ദികുയി, കാനോട്ട, സിക്കാർ, ഫത്തേപൂർ ശെഖാവതി, ജുൻജുനു, ലക്ഷ്‌മൺഗഡ്, പൽസാന, അൽവാർ, ഖൈർതാൽ, ഹർസോളി, ധേഹർ കാ ബാലാജി, ജഗൗൺ, ചൗമുൻ തുടങ്ങി 46 സ്‌റ്റേഷനുകളിലാണ് പ്ലാറ്റ്ഫോം ഷെൽട്ടറുകൾ സ്ഥാപിക്കുന്നത്. മൂന്ന് കോടി രൂപയാണ് ചിലവ്.

ബാർമർ, ബലോത്ര, ജലോർ, ഫലോഡി, രാംദേവ്ര, ദേഗാന, മെർട്ട റോഡ്, നാഗൗർ, സുജൻഗഡ്, ദേശ്‌നോക്, ഭഗത് കി കോത്തി, ജയ്‌സാൽമീർ, മക്രാന, കുചമാൻ സിറ്റി, പൊഖ്‌റാൻ, ഉദരംസർ, ബദിയ ഖാതു, മർവാർ മഥാൻ റോഡ് തുടങ്ങി 63 സ്‌റ്റേഷനുകളിലായി ആറ് കോടി രൂപ ചെലവിൽ പ്ലാറ്റ്‌ഫോം ഷെൽട്ടറുകൾ സ്ഥാപിക്കുന്നുണ്ട്.

അജ്മീർ, ബീവാർ, മാർവാർ ജംഗ്ഷൻ, സോമേസർ, ഫാൽന, ജവായ് ഡാം, ദുംഗാർപൂർ, മാവ്‌ലി, ഭിൽവാര എന്നിവയുൾപ്പെടെ 17 സ്‌റ്റേഷനുകളിൽ 113 കോടി രൂപ ചെലവിൽ മുഴുനീള പ്ലാറ്റ്‌ഫോം ഷെൽട്ടറുകൾ സ്ഥാപിക്കും. ബിക്കാനീർ ഡിവിഷനിൽ, രത്തൻഗഡ്, സദുൽപൂർ, ഗോഗമേഡി, മഹേന്ദ്രഗഡ്, ചർഖി ദാദ്രി, ഹനുമാൻഗഡ് ടൗൺ, മഹാജൻ, നപസർ, രാജൽദേശർ, സത്‌നാലി, തഹസിൽ ഭദ്ര എന്നിവയുൾപ്പെടെ 31 സ്‌റ്റേഷനുകളിൽ 49 കോടി രൂപ ചെലവിൽ പ്ലാറ്റ്‌ഫോം ഷെൽട്ടർ വിപുലീകരണ പ്രവർത്തനങ്ങൾ നടക്കുമെന്ന് ശശി കിരൺ വ്യക്തമാക്കി.

പ്ലാറ്റ്‌ഫോമിൻ്റെ നീളം കൂട്ടുന്നതും ഷെൽട്ടറുകൾ സ്ഥാപിക്കുന്നതും മറ്റും യാത്രക്കാർക്ക്, പ്രത്യേകിച്ച് ട്രെയിനുകളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ബുദ്ധിമുട്ടുന്ന പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും വളരെയധികം സഹായകമാകും. വിവിധ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ ട്രെയിനുകൾ ഉപയോഗിക്കുന്ന ചെറിയ നഗര യാത്രക്കാർക്ക് ഈ സൗകര്യങ്ങൾ വലിയ ആശ്വാസം നൽകുമെന്ന് ഉത്തർപ്രദേശിലെ മേഘ ശർമ്മ ഇടിവി ഭാരതിനോട് പറഞ്ഞു.

റെയിൽവേ സ്‌റ്റേഷനുകൾ

റെയിൽവേ ഡാറ്റ പ്രകാരം, ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ 9,274 റെയിൽവേ സ്‌റ്റേഷനുകൾ (വാണിജ്യ ആവശ്യങ്ങൾക്കായി) ആണ് ഉള്ളത്. സ്‌റ്റേഷനുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. നോൺ-സബർബൻ, സബർബൻ, ഹാൾട്ട്. നോൺ-സബർബൻ സ്‌റ്റേഷനുകൾക്ക് (NSG) ഒന്ന് മുതൽ ആറ് വരെയും സബർബൻ (SG), ഹാൾട്ട് സ്‌റ്റേഷനുകൾക്ക് (HG) ഒന്ന് മുതൽ മൂന്ന് വരെയും ഗ്രേഡുകളായാണ് തിരിച്ചിരിക്കുന്നത്. സ്‌റ്റേഷനുകളുടെ വർഗീകരണം ഓരോ അഞ്ച് വർഷത്തിലും പരിഷ്‌കരിക്കുന്നു.

ആദർശ് സ്‌റ്റേഷൻ പദ്ധതി

2023-24 സാമ്പത്തിക വർഷത്തിൽ ആദർശ് സ്‌റ്റേഷൻ പദ്ധതി പ്രകാരം 1,253 റെയിൽവേ സ്‌റ്റേഷനുകൾ നവീകരിക്കുന്നതിനായി പദ്ധതിയിട്ടിരുന്നു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലെ എല്ലാ സ്‌റ്റേഷനുകളും ഈ പദ്ധതി പ്രകാരം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

മഹാരാഷ്ട്ര108
തമിഴ്‌നാട്49
ഉത്തർപ്രദേശ്151

അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതി

കണക്കുകൾ പ്രകാരം, ഇതുവരെ 1,337 സ്‌റ്റേഷനുകളാണ് ഈ പദ്ധതി പ്രകാരം വികസിപ്പിക്കുന്നതിനായി തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ 155 സ്‌റ്റേഷനുകളുടെ പണി പൂർത്തിയായി. സ്‌റ്റേഷനുകളുടെ പുനർവികസനത്തിനായാണ് റെയിൽവേ മന്ത്രാലയം അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതി ആരംഭിച്ചത്. സ്‌റ്റേഷനുകൾ മെച്ചപ്പെടുത്തുന്നതിനായി മാസ്‌റ്റർ പ്ലാനുകൾ തയ്യാറാക്കുകയും ഘട്ടം ഘട്ടമായി അവ നടപ്പിലാക്കുകയും ചെയ്യും.

ലക്ഷ്യങ്ങൾ

  1. സ്‌റ്റേഷനിലേക്കും സഞ്ചാര മേഖലകളിലേക്കുമുള്ള പ്രവേശനം മെച്ചപ്പെടുത്തൽ
  2. നഗരത്തിൻ്റെ ഇരുവശങ്ങളുമായും സ്‌റ്റേഷനെ സംയോജിപ്പിക്കൽ
  3. സ്‌റ്റേഷൻ കെട്ടിട നിർമാണം
  4. കാത്തിരിപ്പ് ഹാളുകൾ, ടോയ്‌ലറ്റുകൾ, ഇരിപ്പിട ക്രമീകരണം, ജല ബൂത്തുകൾ എന്നിവ ഉറപ്പ് വരുത്തുക
  5. യാത്രക്കാരുടെ തിരക്കിന് അനുസൃതമായി വിശാലമായ ഫുട് ഓവർ ബ്രിഡ്‌ജ്/എയർ കോൺകോഴ്‌സ്, ലിഫ്റ്റ്/എസ്‌കലേറ്ററുകൾ/റാമ്പ് എന്നിവയുടെ സംവിധാനം

കോച്ചുകളുടെ എണ്ണത്തിലും മാറ്റം

കണക്കുകൾ പ്രകാരം, കഴിഞ്ഞ ആറ് വർഷത്തിനിടെ (2019-20 മുതൽ 2024-25 വരെ) ഇന്ത്യൻ റെയിൽവേയിൽ ആകെ 3,349 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്. ഇതിൽ 418 കോടി റിസർവ്ഡ് ക്ലാസ് യാത്രക്കാരും 2,931 കോടി അൺറിസർവ്ഡ് ക്ലാസ് യാത്രക്കാരും ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യൻ റെയിൽവേയിൽ, വർഷം മുഴുവനും ട്രെയിനുകളുടെ ഒക്യുപെൻസി പാറ്റേൺ ഒരുപോലെയല്ല. കൂടാതെ ലീൻ പീരിയഡുകളിലും പീക്ക് പീരിയഡുകളിലും വ്യത്യാസപ്പെട്ടിരിക്കും. തിരക്ക് കൂടുതലുള്ള സമയത്ത്, പ്രധാന റൂട്ടുകളിൽ ട്രെയിനുകളുടെ ഒക്യുപെൻസി നിറഞ്ഞിരിക്കും. അതേസമയം ലീൻ പീരിയഡുകളിലും ജനപ്രീതി കുറഞ്ഞ റൂട്ടുകളിലും മറ്റും ഉപയോഗക്ഷമത കുറവാണ്.

ട്രെയിനുകളിൽ എട്ട് സ്ലീപ്പർ ക്ലാസ് കോച്ചുകളും 11 ജനറൽ ക്ലാസ് കോച്ചുകളും ഉൾപ്പെടുന്നു. ജനറൽ, നോൺ-എസി സ്ലീപ്പർ കോച്ചുകൾ ഉപയോഗിക്കുന്ന യാത്രക്കാർക്ക് കൂടുതൽ താമസ സൗകര്യം ഒരുക്കുന്നതിനും പദ്ധതിയിണ്ടുന്നുണ്ട്. മെയിൽ/എക്‌സ്‌പ്രസ് ട്രെയിനുകളുടെ ഘടനയെക്കുറിച്ചുള്ള നിലവിലുള്ള നയം അനുസരിച്ച് 22 കോച്ചുകളുള്ള ഒരു ട്രെയിനിൽ 12 ജനറൽ ക്ലാസ്, സ്ലീപ്പർ ക്ലാസ് നോൺ-എസി കോച്ചുകളും എട്ട് എസി കോച്ചുകളും ഉണ്ടായിരിക്കും.