ഖാർഗെയുടെ വേദിയിലെ 'ശുദ്ധീകരണം' കുറ്റകൃത്യമെന്ന് രാഹുൽ ഗാന്ധി; എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മോദി ഉത്തരവിടണമെന്ന് ആവശ്യം
ദളിത് ജനവിഭാഗങ്ങൾ മുന്നേറുന്നതിനോ ബഹുമാനത്തോടെ ജീവിക്കുന്നതിനോ ബി ജെ പി ആർ എസ് എസ് സഖ്യം എതിരാണെന്നതിൻ്റെ തെളിവാണ് ഈ സംഭവമെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

By PTI
Published : August 29, 2026 at 2:56 PM IST
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുയോഗത്തിൻ്റെ വേദിയിൽ 'ശുദ്ധീകരണ ചടങ്ങ്' നടത്തിയത് അയിത്താചരണവും ഗുരുതരമായ കുറ്റകൃത്യവുമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കുറ്റക്കാർക്കെതിരെ പട്ടികജാതി പട്ടികവർഗ അതിക്രമ തടയൽ (SC/ST Act) നിയമപ്രകാരം കേസ് എടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ ഉത്തരവിടണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പി - ആർ എസ് എസ് മനോഭാവം
ദളിത് ജനവിഭാഗങ്ങൾ പുരോഗമിക്കുന്നതിനോ സമൂഹത്തിൽ മാന്യതയോടെ ജീവിക്കുന്നതിനോ ബി ജെ പിയും ആർ എസ് എസും ആഗ്രഹിക്കുന്നില്ലെന്നതിൻ്റെ തെളിവാണ് ഈ സംഭവമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. എ ഐ സി സി അധ്യക്ഷന് ഉത്തരാഖണ്ഡിൽ നീതി ഉറപ്പാക്കേണ്ടത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 8 നായിരുന്നു ഹൽദ്വാനിയിലെ രാംലീലാ മൈതാനത്ത് ഖാർഗെ പങ്കെടുത്ത കോൺഗ്രസ് റാലി നടന്നത്. തുടർന്ന് ഓഗസ്റ്റ് 10 ന് സംഘപരിവാർ സംഘടനയായ ശ്രീറാം സേനയുടെ നേതൃത്വത്തിൽ വേദിയിൽ പൂജയും ഹവനവും നടത്തി 'ശുദ്ധീകരണം' നടത്തുകയായിരുന്നു. ഇത് അയിത്താചരണത്തിന് തുല്യമാണെന്നും ബി ജെ പി ഉത്തരാഖണ്ഡ് സംസ്ഥാന അധ്യക്ഷൻ മഹേന്ദ്ര ഭട്ട് ഇതിനെ ന്യായീകരിക്കുകയാണ് ചെയ്‌തതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
देश के हर दलित व्यक्ति का जन्म से मृत्यु तक, हर जगह, हर कदम अपमान किया जाता है।
— Rahul Gandhi (@RahulGandhi) August 29, 2026
उनकी जितनी बुलंद आवाज़ होती है, उनपर उतना तेज़ हमला होता है।
कांग्रेस अध्यक्ष मल्लिकार्जुन खरगे जी के साथ हल्द्वानी में जो भी हुआ वो "शुद्धिकरण" का नाम दे कर उनके खिलाफ़ छुआछूत है - और छुआछूत भारत… pic.twitter.com/MJpDFRm9Zj
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഭരണഘടനയും അയിത്താചരണവും
"ഒരു വശത്ത് അംബേദ്‌കറും മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവും വിഭാവനം ചെയ്‌ത ഭരണഘടനയും മറുവശത്ത് ബി ജെ പി ആർ എസ് എസ് ആശയങ്ങളുമാണ് ഏറ്റുമുട്ടുന്നത്. രാജ്യത്ത് ഭരണഘടനാപരമായി അയിത്തം നിരോധിച്ചിട്ടുണ്ടെങ്കിലും ദളിതർക്ക് എതിരെ ഇപ്പോഴും വിവിധ തരത്തിലുള്ള വേർതിരിവുകൾ തുടരുകയാണ്" എന്ന് രാഹുൽ പറഞ്ഞു. ഖാർഗെയ്ക്ക് പുറമെ രാജസ്ഥാനിലെ കോൺഗ്രസ് നേതാവ് ടികാറാം ജൂലി, എൻ ഡി എ മന്ത്രി ജിതൻ റാം മാഞ്ചി തുടങ്ങിയവരും വ്യത്യസ്‌ത സമയങ്ങളിൽ ഇത്തരം വേർതിരിവുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. അതേസമയം, ഹൽദ്വാനിയിൽ നടന്ന സംഭവം നിർഭാഗ്യകരമാണെന്നും ബി ജെ പിക്ക് ഇത്തരത്തിലുള്ള കാര്യങ്ങളിൽ പങ്കില്ലെന്നും കേന്ദ്രമന്ത്രി ജെ പി നദ്ദ മുൻപ് രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവം നടന്ന് ആഴ്‌ചകൾ പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.
Also Read: പരീക്ഷാ സംവിധാനം മാറണോ? നന്ദൻ നിലേകനി സമിതിക്ക് മുന്നിൽ നിങ്ങൾക്ക് അഭിപ്രായം അറിയിക്കാം

