ETV Bharat / bharat

ഖാർഗെയുടെ വേദിയിലെ ശുദ്ധികലശ വിവാദം; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് ഉത്തരാഖണ്ഡ് പൊലീസ്

ജവഹർ നഗർ സ്വദേശിയും ശ്രീരാമസേന ധർമാർഥ് സേവാ ന്യാസ് അംഗവുമായ അമിത് കുമാർ ഹൽദ്വാനി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്

RAHUL GANDHI NEWS UTTARAKHAND POLICE CASE MALLIKARJUN KHARGE RALLY HALDWANI RAMLILA GROUND
രാഹുൽ ഗാന്ധി (ANI)
author img

By ETV Bharat Kerala Team

Published : August 31, 2026 at 8:48 AM IST

2 Min Read
Choose ETV Bharat

ഡെറാഡൂൺ: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരിപാടി നടന്ന വേദിയിൽ നടത്തിയ ശുദ്ധികലശത്തിന് ജാതീയമായ വ്യാഖ്യാനം നൽകിയെന്ന പരാതിയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തു. ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് നടന്ന സംഭവവുമായി ബന്ധപ്പെട്ട് വാൽമീകി സമുദായത്തിൽപ്പെട്ട വ്യക്തി നൽകിയ പരാതിയിലാണ് നടപടി.

ജവഹർ നഗർ സ്വദേശിയും ശ്രീരാമസേന ധർമാർഥ് സേവാ ന്യാസ് അംഗവുമായ അമിത് കുമാർ ഹൽദ്വാനി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) 196, 299 വകുപ്പുകൾ പ്രകാരം വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക, മതവികാരങ്ങളെ വ്രണപ്പെടുത്തുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ഇതിനുപുറമെ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമത്തിലെ (എസ്.സി-എസ്.ടി ആക്ട്) വകുപ്പുകളും രാഹുൽ ഗാന്ധിക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരശേഖരണം നടത്തുമെന്നും ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.

വിവാദത്തിന് ആധാരമായ സംഭവം
ഓഗസ്റ്റ് എട്ടിന് ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത ഒരു പൊതുയോഗം നടന്നിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റ് 11ന് ചിലർ ഈ വേദിയിൽ ശുദ്ധികലശം (ശുദ്ധീകരണ യജ്ഞം) നടത്തിയതാണ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചത്. ഖാർഗെയുടെ റാലിക്ക് ശേഷം വേദിയിൽ മാലിന്യം നിറഞ്ഞുവെന്നും മതപരമായ സ്ഥലത്തിന് അനുയോജ്യമല്ലാത്ത മുദ്രാവാക്യങ്ങൾ ഉയർന്നുവെന്നും ആരോപിച്ചായിരുന്നു ബി.ജെ.പി അനുകൂല സംഘടനകൾ ശുദ്ധികലശം നടത്തിയത്. എന്നാൽ, ദലിത് സമുദായത്തിൽപ്പെട്ട കോൺഗ്രസ് അധ്യക്ഷൻ വേദിയിൽ എത്തിയതിനാലാണ് ഇത്തരമൊരു ചടങ്ങ് നടത്തിയതെന്നും ഇത് ബി.ജെ.പിയുടെ ദലിത് വിരുദ്ധ മനോഭാവത്തിന്റെ പ്രതിഫലനമാണെന്നും കോൺഗ്രസ് ആരോപിച്ചു. വിഷയം രാജ്യസഭയിൽ അടക്കം കോൺഗ്രസ് ഉന്നയിക്കുകയും വലിയ വിമർശനം ഉയർത്തുകയും ചെയ്തിരുന്നു.

ഓഗസ്റ്റ് 29ന് ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി ഈ സംഭവത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ശുദ്ധികലശം നടത്തിയവർക്കെതിരെ എസ്.സി-എസ്.ടി നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പരാമർശമാണ് വാൽമീകി സമുദായത്തെ പ്രകോപിപ്പിച്ചത്. ശുദ്ധീകരണ യജ്ഞത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും താൻ പങ്കെടുത്തിരുന്നതായി പരാതിക്കാരനായ അമിത് കുമാർ പറയുന്നു.

പട്ടികജാതിക്കാർ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ ഈ ചടങ്ങിൽ പങ്കാളികളായിട്ടുണ്ട്. ഇതിന് മല്ലികാർജുൻ ഖാർഗെയുടെ ജാതിയുമായി യാതൊരു ബന്ധവുമില്ല. എന്നാൽ, ചടങ്ങിൽ പങ്കെടുത്തവരെ അയിത്തം ആചരിക്കുന്നവരായും ദലിത് വിരുദ്ധരായും ചിത്രീകരിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ പരാമർശമെന്നും ഇത് സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

തുടരുന്ന പ്രതിഷേധങ്ങൾ
രാഹുൽ ഗാന്ധിയുടെ ആവശ്യത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഹൽദ്വാനിയിലെ സംഭവം അപലപനീയവും ലജ്ജാകരവുമായ മനോഭാവത്തിന്റെ പ്രതിഫലനമാണെന്നും ഇത് എസ്.സി-എസ്.ടി നിയമത്തിന്റെ ലംഘനമാണെന്നും അവർ ആരോപിച്ചു. അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്താലും പിന്നോട്ടില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം ഡൽഹിയിലെ ആർ.എസ്.എസ് ആസ്ഥാനത്തിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മനുസ്മൃതി കത്തിച്ച് പ്രതിഷേധിച്ചിരുന്നു. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് കോൺഗ്രസിന്റെ തീരുമാനം. ശുദ്ധികലശം നടത്തിയവർക്കെതിരെ കേസെടുക്കുന്നത് വരെ പോരാട്ടം തുടരുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

Also Read:- പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് അമർനാഥ് യാത്ര; ദർശനം നടത്തിയത് 4.80 ലക്ഷം തീർഥാടകർ