അയൽക്കാർക്കെതിരെ അധിക്ഷേപ പരാമർശവും ഭീഷണിയും; ഡൽഹിയിൽ ദമ്പതിമാരെ അറസ്റ്റ് ചെയ്‌തു, അപലപിച്ച് മുഖ്യമന്ത്രി
ഇക്കഴിഞ്ഞ ഫെബ്രുവരി 20നാണ് താമസസ്ഥലത്തിൻ്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ അരുണാചൽ പ്രദേശിൽ നിന്നുള്ള മൂന്ന് സ്ത്രീകൾക്കെതിരെ അധിക്ഷേപകരവും അവഹേളനപരവുമായ പരാമർശങ്ങൾ നടത്തിയത്.

Published : February 25, 2026 at 2:13 PM IST
ന്യൂഡൽഹി: ഡൽഹിയിലെ മാളവ്യ നഗറിലെ അയൽവാസികളെ വംശീയമായി അധിക്ഷേപ പരാതിയിൽ ദമ്പതികളെ അറസ്റ്റ് ചെയ്‌ത് പൊലീസ്. നേരത്തെ വംശീയ അധിക്ഷേപം, ക്രിമിനൽ ഭീഷണി, പട്ടികജാതി, പട്ടികവർഗ അതിക്രമങ്ങൾ തടയൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റക്കാരായ റൂബി ജെയിൻ ഭർത്താവ് ഹർഷ് എന്നിവരെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 20നാണ് വാടകയ്ക്ക് താമസിച്ചിരുന്ന താമസസ്ഥലത്തിൻ്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ അരുണാചൽ പ്രദേശിൽ നിന്നുള്ള മൂന്ന് സ്ത്രീകൾക്കെതിരെ റൂബി ജെയിൻ അധിക്ഷേപകരവും അവഹേളനപരവുമായ പരാമർശങ്ങൾ നടത്തിയത്. അധിക്ഷേപ പരാമർശങ്ങളുടെ വീഡിയോ അടക്കം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് നടപടിയുണ്ടായത്.
"എസ്‌സി-എസ്‌ടി ആക്‌ട് ചേർത്തതിനുശേഷം അന്വേഷണം ഇപ്പോൾ എസിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ ഏൽപ്പിച്ചിരിക്കുന്നു. മുതിർന്ന ഉദ്യോഗസ്ഥരുടെ സൂക്ഷ്‌മ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പൊലീസ് പൂർണ ഉത്തരവാദിത്തത്തോടെ നിയമനടപടി സ്വീകരിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുറ്റവാളികൾക്കെതിരെ സാധ്യമായ ഏറ്റവും കർശനമായ നടപടി സ്വീകരിക്കുന്നു. ഒരു മകളെയും ഉപദ്രവിക്കുന്നതോ വിവേചനം കാണിക്കുന്നതോ അപമാനിക്കുന്നതോ എന്തുവിലകൊടുത്തും വെച്ചുപൊറുപ്പിക്കില്ല. നാമെല്ലാവരും ഒന്നാണ്. ഓരോ മകളുടെയും സുരക്ഷ ഞങ്ങളുടെ പരമമായ ഉത്തരവാദിത്തമാണ്" - പൊലീസ് പ്രസ്‌താവനയിൽ പറഞ്ഞു. സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയും പ്രതികരിച്ചിരുന്നു.
"വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നമ്മുടെ സഹോദരിമാർക്കെതിരെ നടന്ന സംഭവത്തെ ഞാൻ ശക്തമായി അപലപിക്കുകയും അവരോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്യുന്നു. ഡൽഹി എല്ലാവരുടേതുമാണ്. ഇവിടെ, ഓരോ പൗരൻ്റെയും അന്തസ്, ബഹുമാനം, സുരക്ഷ എന്നിവ പരമപ്രധാനമാണ്. ഞാൻ അവരുമായി വ്യക്തിപരമായി കൂടിക്കാഴ്‌ച നടത്തും" - ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത എക്‌സിൽ കുറിച്ചു.
2026 ഫെബ്രുവരി 20 ന് ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് സംഭവം നടക്കുന്നത്. മാളവ്യനഗര്‍ പൊലീസ് സ്റ്റേഷൻ പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന മൂന്ന് സ്ത്രീകൾ അവരുടെ വീട്ടിൽ വൈദ്യുതി ജോലികൾ ചെയ്യുന്നതിനിടെ താഴത്തെ നിലയിൽ താമസിക്കുന്ന ദമ്പതികളുടെ വീട്ടിലേക്ക് കുറച്ച് പൊടി വീഴുകയായിരുന്നു. തുടർന്നുണ്ടായ വാക്ക് തർക്കത്തിലാണ് ദമ്പതിമാർ അപമര്യാദയായി പെരുമാറുകയും സ്ത്രീകളോട് മോശമായി സംസാരിക്കുകയും ചെയ്‌തത്.
വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ളവരായതിനാൽ ഇരുവരും തങ്ങൾക്കെതിരെ വംശീയവും അപമാനകരവുമായ അധിക്ഷേപങ്ങൾ നടത്തിയെന്നാണ് പരാതി. അസഭ്യമായ ഭാഷ ഉപയോഗിച്ച് ക്രിമിനൽ രീതിയിൽ ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്നും പരാതിക്കാർ ആരോപിക്കുന്നു. ലൈംഗികത്തൊഴിലാളികള്‍ എന്ന് വിളിച്ച് അപമാനിച്ചെന്നതടക്കമുള്ള ആരോപണമാണ് ഇവര്‍ ഉയര്‍ത്തുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന പെണ്‍കുട്ടിയ്ക്കും രണ്ട് സുഹൃത്തുക്കള്‍ക്കുമാണ് അപമാനം നേരിട്ടത്.

