വോട്ടിന് നോട്ട്; പൊലീസിന്‍റെ ഡ്രോണ്‍ നിരീക്ഷണം പൊളിച്ചടുക്കി, ഒരു മണി വരെ പുതുച്ചേരിയില്‍ 56.83ശതമാനം പോളിങ്
വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസവുമായി എന്‍ രാമസ്വാമി

Published : April 9, 2026 at 2:21 PM IST
മാഹി:പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഘത്തെ പിടികൂടി പൊലീസ്. പുതുച്ചേരിയിലെ മനാവേളി മേഖലയിലാണ് സംഭവം. ഡ്രോണ്‍ നിരീക്ഷണത്തിലൂടെയാണ് ഒരു വീടിന് മുകളില്‍ സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയത്. അഞ്ഞൂറ് രൂപ നോട്ടുകളുടെ കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന പണമാണ് കണ്ടെത്തിയത്.
ഒരു ജലസംഭരണിക്ക് സമീപമാണ് പണക്കെട്ട് കണ്ടെത്തിയത്. ഒരു സംഘം ആളുകള്‍ നോട്ട് കെട്ടുകള്‍ വേര്‍പെടുത്താന്‍ നടത്തുന്ന ശ്രമത്തിനിടെയാണ് ഇവര്‍ നിരീക്ഷണ ക്യാമറയില്‍ കുടുങ്ങിയത്. പിന്നീട് പൊലീസ് സംഘം ഈ ജലസംഭരണിക്ക് സമീപം പരിശോധന നടത്തി. സംഘത്തിലുണ്ടായിരുന്നവരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവര്‍ ആര്‍ക്ക് വേണ്ടിയാണ് പണം വിതരണം ചെയ്യാന്‍ ശ്രമിച്ചതെന്ന് അറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മനവേളി മണ്ഡലത്തില്‍ നിന്ന് ആര്‍ കെ ആര്‍ അനന്തരാമനാണ് കോണ്‍ഗ്രസിന് വേണ്ടി ജനവിധി തേടുന്നത്. എമ്പാളം സെല്‍വന്‍ ബിജെപിക്ക് വേണ്ടിയും രംഗത്തുണ്ട്. തമിളഗ വെട്രി കഴകത്തിന് വേണ്ടി ബി രാമു മത്സരിക്കുന്നു. നാം തമിളര്‍ കച്ചി ടിക്കറ്റില്‍ എം എസ് ഇളങ്കോവന്‍ ആണ് മത്സരിക്കുന്നത്. ആകെ എട്ട് സ്ഥാനാര്‍ത്ഥികളാണ് മണ്ഡലത്തില്‍ ജനവിധി തേടുന്നത്.
അതേസമയം ഇക്കുറിയും തങ്ങള്‍ തന്നെ അധികാരത്തിലെത്തുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമി വോട്ട് ചെയ്‌ത ശേഷം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പഴയ ഒരു യമഹ ആര്‍എക്‌സ് 100 ബൈക്കിലാണ് മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്. തിലാസ്‌പേട്ട് മേഖലയിലെ ബോയ്‌സ് ഹൈസ്‌കൂളിലൊരുക്കിയിരുന്ന പോളിങ് സ്റ്റേഷനിലായിരുന്നു അദ്ദേഹത്തിന് വോട്ട്. മറ്റുള്ളവര്‍ക്കൊപ്പം വരിനിന്ന് തന്നെയാണ് തന്‍റെ വോട്ടവകാശം അദ്ദേഹം വിനിയോഗിച്ചത്. ഹെല്‍മെറ്റ് ധരിക്കാതെ അദ്ദേഹം പോളിങ് സ്റ്റേഷനില്‍ നിന്ന് മടങ്ങുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മംഗലം, തട്ടന്‍ചാവടി മണ്ഡലങ്ങളില്‍ നിന്ന് അദ്ദേഹം ജനവിധി തേടുന്നുണ്ട്. രണ്ട് മണ്ഡലങ്ങളിലും ജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിക്കുന്നു. അതേസമയം അദ്ദേഹത്തിന്‍റെ സഖ്യത്തിന് എത്ര സീറ്റുകള്‍ കിട്ടുമെന്നൊരു പ്രവചനം നടത്താന്‍ അദ്ദേഹം മുതിര്‍ന്നില്ല. അക്കങ്ങള്‍ അല്ല കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങള്‍ കൂടുതല്‍ കരുത്തരായി തിരിച്ച് വന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തട്ടാന്‍ചാവടിയിലെ ശ്രീ സദ്‌ഗുരു അപ്പ പൈത്യം സ്വാമികള്‍ തിരുക്കോവില്‍ ക്ഷേത്രത്തില്‍ നേരത്തെ അദ്ദേഹം ദര്‍ശനം നടത്തിയ ശേഷമാണ് വോട്ട് ചെയ്യാനെത്തിയത്. അദ്ദേഹത്തിന്‍റെ കക്ഷിയായ എഐഎന്‍ആര്‍സി ബിജെപി എഐഎഡിഎംകെ, എല്‍ജെകെ സഖ്യവുമായി ചേര്‍ന്ന് പതിനാറ് മണ്ഡലങ്ങളില്‍ ജനവിധി തേടുന്നു.
ഒരു മണിവരെ പുതുച്ചേരിയില്‍ 56.83ശതമാനം പേര്‍ വോട്ടവകാശം വിനിയോഗിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക ആപ്പില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. കൊടുംചൂടിനിടയിലും വന്‍ ജനപങ്കാളിത്തമാണ് തെരഞ്ഞെടുപ്പില്‍ ഇവിടെ അനുഭവപ്പെടുന്നത്.
ഇതിനിടെ മണ്ണാടിപേട്ടില്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. പോളിങ് ബൂത്തിനുള്ളില്‍ വോട്ട് ചോദിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം.

