'ഗാസയെ കുറിച്ച് പരാമര്‍ശിക്കുമെന്ന് പ്രതീക്ഷ'; പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തിൽ പ്രിയങ്കാ ഗാന്ധി
പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തെ കുറിച്ച് പ്രിയങ്കാ ഗാന്ധി. ഗാസയിലെ നിരപരാധികളെ കുറിച്ച് പരാമര്‍ശം നടത്തുമെന്നാണ് കരുതുന്നതെന്നും അവര്‍. എക്‌സ് പോസ്റ്റിലൂടെയാണ് പ്രതികരണം.

Published : February 25, 2026 at 10:40 AM IST
ന്യൂഡൽഹി: ഇസ്രയേൽ പാർലമെൻ്റിനെ അഭിസംബോധന ചെയ്യുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാസയിലെ ആയിരക്കണക്കിന് നിരപരാധികളുടെ വംശഹത്യയെക്കുറിച്ച് പരാമർശിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോദി ഇസ്രയേലിലേക്ക് പോകാനിരിക്കേയാണ് പ്രിയങ്കാ ഗാന്ധിയുടെ പരാമർശം.
"ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജി തൻ്റെ വരാനിരിക്കുന്ന ഇസ്രയേൽ യാത്രയിൽ നെസെറ്റിനെ അഭിസംബോധന ചെയ്യുമ്പോൾ ഗാസയിലെ ആയിരക്കണക്കിന് നിരപരാധികളായ പുരുഷന്മാരുടെയും സ്‌ത്രീകളുടെയും കുട്ടികളുടെയും വംശഹത്യയെക്കുറിച്ച് പരാമർശിക്കുകയും അവർക്ക് നീതി ആവശ്യപ്പെടുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" പ്രിയങ്കാ ഗാന്ധി എക്‌സിൽ കുറിച്ചു.
I hope that the Hon Prime Minister @narendramodi ji mentions the genocide of thousands of innocent men, women and children in Gaza while addressing the Knesset on his upcoming trip to Israel and demands justice for them. India has stood for what is right throughout our history as…
— Priyanka Gandhi Vadra (@priyankagandhi) February 25, 2026
ഒരു സ്വതന്ത്ര രാഷ്‌ട്രമെന്ന നിലയിൽ ചരിത്രത്തിലുടനീളം ഇന്ത്യ ശരിയായ കാര്യങ്ങൾക്ക് വേണ്ടി നിലകൊണ്ടിട്ടുണ്ട്. സത്യത്തിൻ്റെയും സമാധാനത്തിൻ്റെയും നീതിയുടെയും വെളിച്ചം ലോകത്തിന് മുന്നിൽ നാം തുടർന്നും കാണിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നാണ് (ഫെബ്രുവരി 25) മോദി ഇസ്രയേലിലേക്ക് പോകുന്നത്.
പ്രതിരോധം, സുരക്ഷ, തൊഴിൽ, വാണിജ്യം, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും സുപ്രധാന തീരുമാനങ്ങൾ എടുക്കും. സഹകരണം മെച്ചപ്പെടുത്താനുള്ള ധാരണാപത്രത്തിൽ ഒപ്പിടുകയും ചെയ്യും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യ-ഇസ്രയേൽ കൂട്ടുകെട്ടിലൂടെ കൈവരിച്ച സുപ്രധാന നേട്ടങ്ങളെക്കുറിച്ചും ശാസ്ത്ര സാങ്കേതിക വിദ്യ, നവീകരണം, പ്രതിരോധം, സുരക്ഷ, കൃഷി, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ആഗോള വിഷയങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ പറയുന്നു.
ഇസ്രയേൽ വികസിപ്പിച്ചെടുത്ത അത്യാധുനിക വ്യോമപ്രതിരോധ സംവിധാനമായ അയേൺ ഡോം വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. ദീർഘദൂര മിസൈലുകളെ പ്രതിരോധിക്കാനുള്ള ഇസ്രയേലിൻ്റെ ആരോ, മധ്യദൂര മിസൈലിനെ പ്രതിരോധിക്കാനുള്ള ഡേവിഡ്‌സ് സ്ലിങ് എന്നിവയും ഇന്ത്യയുടെ പരിഗണനയിലുണ്ട്.
അതേസമയം ഇറാനിൽ നിന്ന് ഇന്ത്യക്കാരോട് മടങ്ങാൻ നിർദേശിച്ച സമയത്താണ് പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനമെന്നും വിമർശനം ഉയരുന്നുണ്ട്. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളിലെയും മന്ത്രിമാർ തമ്മിൽ നിരവധി കൂടിക്കാഴ്‌ചകൾ നടത്തിയിരുന്നു. കേന്ദ്ര പ്രതിരോധ സെക്രട്ടറി ആർകെ സിങ് നവംബറിൽ ഇസ്രയേൽ സന്ദർശിച്ചിരുന്നു. പ്രതിരോധം, സാങ്കേതികവിദ്യ, വ്യവസായം എന്നീ മേഖലകളിൽ സഹകരിക്കുന്നതിനായി ഇന്ത്യയും ഇസ്രയേലും കരാറിൽ ഒപ്പിടുകയും ചെയ്‌തു.
രണ്ട് ദിവസം നീളുന്ന സന്ദർശനത്തിനിടയിൽ ജെറുസലേമിലെ യാദ് വാഷെം സ്‌മാരകം സന്ദർശിക്കുന്നതടക്കം നിരവധി ഔദ്യോഗിക പരിപാടികളിൽ പ്രധാനമന്ത്രി പങ്കുചേരും. 2017ലാണ് മോദി ഇതിന് മുമ്പ് ഇസ്രയേൽ സന്ദർശിച്ചത്. ഒമ്പത് വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രി വീണ്ടും ഇസ്രയേൽ സന്ദർശിക്കാൻ ഒരുങ്ങുന്നത്.
Also Read: വന്ദേ ഭാരത് ഇടിച്ചിട്ടു; കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് മരണം

