ETV Bharat / bharat

''ജുഡീഷ്യൽ അഴിമതിയെക്കുറിച്ച് എന്താണ് പഠിപ്പിക്കുന്നത്''? എൻസിഇആർടി വിവാദത്തിൽ അതൃപ്‌തി പരസ്യമാക്കി മോദി

ജുഡീഷ്യറിയെ അങ്ങേയറ്റം ബഹുമാനത്തോടെ ബഹുമാനിക്കുന്നു എന്ന് ഖേദം പ്രകടിപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി. വിഷയത്തിൽ എൻസിഇആർടിയും വിശദീകരണം നൽകി.

എൻ‌സി‌ആർ‌ടി പുസ്‌തകം  പ്രധാനമന്ത്രി നരേന്ദ്ര മോദി  മോദി  സുപ്രീം കോടതി
Prime Minister Narendra Modi (PTI)
author img

By ETV Bharat Kerala Team

Published : February 26, 2026 at 8:14 PM IST

2 Min Read
Choose ETV Bharat

ന്യൂഡൽഹി: ജുഡീഷ്യറിയിലെ അഴിമതി വിവാദത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. എൻ‌സി‌ഇ‌ആർ‌ടിയുടെ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്‌തകത്തിനെതിരെ ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അതൃപ്‌തി പ്രകടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകള്‍. എട്ടാം ക്ലാസ് മുതൽ ജുഡീഷ്യൽ അഴിമതിയെക്കുറിച്ച് നമ്മൾ എന്താണ് പഠിപ്പിക്കുന്നതെന്ന് യോഗത്തിൽ പ്രധാനമന്ത്രി ചോദിച്ചു. ആരാണ് ഇതെല്ലാം നിയന്ത്രിക്കുന്നതെന്നും ആരുടെയെങ്കിലും ഉത്തരവാദിത്തം നിശ്ചയിച്ചിട്ടുണ്ടോ എന്നും പ്രധാനമന്ത്രി യോഗത്തിൽ വിമർശിച്ചു.

ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം ഉൾക്കൊള്ളുന്ന ഈ പാഠപുസ്‌തകത്തിന് സുപ്രീം കോടതി സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഡിജിറ്റൽ ഫോമുകൾ നീക്കം ചെയ്യുന്നതിനൊപ്പം എല്ലാ ഭൗതിക പകർപ്പുകളും പിടിച്ചെടുക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഇതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ഖേദം പ്രകടിപ്പിച്ചിരുന്നു.

ജുഡീഷ്യറിയെ അങ്ങേയറ്റം ബഹുമാനത്തോടെ ബഹുമാനിക്കുന്നു എന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പ്രതികരിച്ചത്. "ഞങ്ങൾ ജുഡീഷ്യറിയെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ജുഡീഷ്യറി എന്ത് പറഞ്ഞാലും അത് ഞങ്ങളുടെ പരമമായ ബഹുമാനമാണ്. ഞങ്ങൾ അത് പൂർണമായും പാലിക്കും. സംഭവിച്ചതിൽ ഞാൻ അതീവ ദുഃഖിതനാണ്, എൻ്റെ ഖേദം പ്രകടിപ്പിക്കുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഈ സംഭവം എൻ്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ, എല്ലാ പുസ്‌തകങ്ങളും പിൻവലിക്കാനും അവ കൂടുതൽ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും ഞാൻ ഉടൻ തന്നെ എൻ‌സി‌ഇ‌ആർ‌ടിയോട് നിർദേശിച്ചിരുന്നു. ജുഡീഷ്യറിയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. ഞങ്ങൾ സംഭവം ഗൗരവമായി കാണുന്നു. ഇത്തരമൊരു തെറ്റ് ഇനി സംഭവിക്കില്ല" - ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

അതേസമയം വിവാദത്തിൽ എൻ‌സി‌ഇ‌ആർ‌ടിയും വിശദീകരണം നൽകിയിരുന്നു. പിശകുകള്‍ അബദ്ധവശാൽ കടന്നുകൂടിയെന്നാണ് എൻ‌സി‌ഇ‌ആർ‌ടി വിഷയത്തിൽ പ്രതികരിച്ചത്. "നിലവിലുള്ള നടപടിക്രമമനുസരിച്ച്, 2026 ഫെബ്രുവരി 24ന് എൻ‌സി‌ഇ‌ആർ‌ടി എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്‌തകമായ എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്, വാല്യം II പുറത്തിറക്കി.

പാഠപുസ്‌തകം ലഭിച്ചപ്പോൾ, 'നമ്മുടെ സമൂഹത്തിൽ ജുഡീഷ്യറിയുടെ പങ്ക്' (പേജ് 125-142) എന്ന തലക്കെട്ടിലുള്ള അധ്യായം നമ്പർ നാലിൽ ചില അനുചിതമായ പാഠഭാഗങ്ങളും വിധിന്യായ പിശകുകളും അബദ്ധവശാൽ കടന്നുകൂടിയതായി നിരീക്ഷിക്കപ്പെട്ടു. സ്‌കൂൾ വിദ്യാഭ്യാസ & സാക്ഷരതാ വകുപ്പ് (വിദ്യാഭ്യാസ മന്ത്രാലയം) സമാനമായ ഒരു നിരീക്ഷണം നടത്തുകയും കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ ഈ പുസ്‌തകത്തിൻ്റെ വിതരണം കർശനമായി നിർത്തിവയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്‌തു. ഇത് പാലിച്ചിട്ടുണ്ട്." - എൻ‌സി‌ഇ‌ആർ‌ടി വ്യക്തമാക്കി.

ജുഡീഷ്യറിയെ ഏറ്റവും ബഹുമാനിക്കുന്നുവെന്നും ഇന്ത്യൻ ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്നു. ഒപ്പം മൗലികാവകാശങ്ങളുടെ സംരക്ഷകനുമാണെന്ന് എൻ‌സി‌ഇ‌ആർ‌ടി വ്യക്തമാക്കി. മുകളിൽ പറഞ്ഞ തെറ്റ് പൂർണമായും മനഃപൂർവമല്ലെന്നും പ്രസ്‌തുത അധ്യായത്തിൽ അനുചിതമായ കാര്യങ്ങൾ ഉൾപ്പെടുത്തിയതിൽ എൻ‌സി‌ഇ‌ആർ‌ടി ഖേദിക്കുന്നുവെന്നും പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.

Also Read: മധ്യപ്രദേശിലെ ഈ ഗ്രാമത്തിൽ സ്‌കൂളുകളില്ല; കുട്ടികള്‍ക്ക് കുടിലിനുള്ളിൽ എഴുത്തും വായനയും പഠിപ്പിക്കുന്നത് 9ആം ക്ലാസുകാരി