സോണിയ ഗാന്ധിയുടെ ആത്മകഥ ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്; പ്രസാധനത്തിൽ നിന്ന് പെൻഗ്വിൻ പിന്മാറി
പുസ്‌തകത്തിൽ വരുത്തേണ്ട തിരുത്തലുകളെച്ചൊല്ലിയുള്ള ഭിന്നതയാണ് ഇതിന് പിന്നിലെന്ന വാദങ്ങൾക്കിടെയാണ് പ്രസാധകരുടെ ഭാഗത്തുനിന്നുള്ള ഈ വിശദീകരണം.

Published : August 28, 2026 at 4:20 PM IST
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആത്മകഥയായ "ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്" (Belonging: A Journey of Love) തങ്ങൾ ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നില്ലെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ (PRHI) പ്രസ്‌താവനയിലൂടെ വ്യക്തമാക്കി. നവംബർ 10 ന് പുസ്‌തകം പുറത്തിറക്കുമെന്ന് പെൻഗ്വിൻ റാൻഡം ഹൗസിൻ്റെ സബ് ഡിവിഷനായ അമേരിക്കൻ പ്രസാധകർ ആൽഫ്രഡ് എ നോഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെൻഗ്വിൻ ഇന്ത്യയുടെ നിർണായക പ്രതികരണം.
തിരുത്തലുകളെച്ചൊല്ലി തർക്കമെന്ന് റിപ്പോർട്ട്
കൈയെഴുത്തുപ്രതിയിൽ എഡിറ്റോറിയൽ മാറ്റങ്ങൾ വരുത്താൻ സോണിയ ഗാന്ധി വിസമ്മതിച്ചതിനെ തുടർന്ന് പെൻഗ്വിൻ പിന്മാറിയെന്ന 'ദി ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ടിന് പിന്നാലെയാണ് പ്രസാധകരുടെ വിശദീകരണം. എന്നാൽ പുസ്‌തകം പ്രസിദ്ധീകരിക്കാൻ തങ്ങൾക്ക് താൽപ്പര്യമുണ്ടായിരുന്നുവെന്നും, വസ്‌തുതാപരിശോധനയും നിർദ്ദേശങ്ങൾ നൽകലും പ്രസാധകർ എന്ന നിലയിലുള്ള തങ്ങളുടെ അവകാശവും ഉത്തരവാദിത്തവുമാണെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ വ്യക്തമാക്കി. രചയിതാവുമായുള്ള രഹസ്യ ചർച്ചകളെക്കുറിച്ച് കൂടുതൽ പ്രതികരിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, പ്രമുഖ ഇ കോമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിൽ പുസ്‌തകത്തിൻ്റെ ഇ ബുക്ക് പതിപ്പ് 2,615 രൂപയ്ക്ക് പ്രീ ഓർഡറിനായി ലഭ്യമാണ്. ഹാർപ്പർ കോളിൻസ് യുകെയുടെ കീഴിലുള്ള 'വില്യം കോളിൻസ്' ആണ് ഇ ബുക്കിൻ്റെെ പ്രസാധകരെന്നാണ് ആമസോൺ നൽകുന്ന വിവരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വ്യക്തിജീവിതവും രാഷ്ട്രീയ ഓർമ്മകളും
പോസ്റ്റ് വാർ ഇറ്റലിയിലെ ബാല്യകാലം, രാജീവ് ഗാന്ധിയുമായുള്ള പ്രണയവും വിവാഹവും, രാജീവ് ഗാന്ധിയുടെ വേർപാടിന് ശേഷം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കേണ്ടി വന്ന സാഹചര്യങ്ങൾ, 2004 ൽ പ്രധാനമന്ത്രി പദം നിരസിച്ചത് തുടങ്ങിയ വ്യക്തിപരമായ അനുഭവങ്ങളാണ് 79 കാരിയായ സോണിയ ഗാന്ധി പുസ്‌തകത്തിൽ പങ്കുവെക്കുന്നത്.
തുടർച്ചയായ വിവാദങ്ങൾ
അടുത്തിടെ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയുമായി ബന്ധപ്പെട്ട് ഉയരുന്ന മൂന്നാമത്തെ വിവാദമാണിത്. മുൻ കരസേനാ മേധാവി ജനറൽ എം എം നരവാനെയുടെ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്‌തകം തങ്ങൾ അച്ചടിച്ചിട്ടില്ലെന്ന് ഫെബ്രുവരിയിൽ കമ്പനി വ്യക്തമാക്കിയിരുന്നു. തുടർന്ന് ജൂണിൽ, പ്രാദേശിക നിയമ വിപണി സാഹചര്യങ്ങൾ മുൻനിർത്തി മാധ്യമപ്രവർത്തകൻ ജോ സാക്കോയുടെ മുസഫർനഗർ കലാപത്തെക്കുറിച്ചുള്ള ഗ്രാഫിക് നോവൽ വിതരണം ചെയ്യുന്നതിൽ നിന്നും പെൻഗ്വിൻ ഇന്ത്യ പിന്മാറിയിരുന്നു. ആഗോള പ്രസിദ്ധീകരണ ഗ്രൂപ്പായ പെൻഗ്വിൻ റാൻഡം ഹൗസിൻ്റെ (പിആർഎച്ച്) ഇന്ത്യൻ അനുബന്ധ ഓപ്പറേറ്റിംഗ് കമ്പനിയാണ് പിആർഎച്ച്ഐ.
Also Read: വില്ലനായത് മഴയല്ല, കൊടുംചൂട്; നേപ്പാൾ പ്രളയകാരണം വ്യക്തമാക്കി സിബിആർഐ ഡയറക്ടർ

