ETV Bharat / bharat

പ്രതിരോധ ഇടപാടിലെ വീഴ്ചകൾ; സിഎജി റിപ്പോർട്ട് പിഎസി ഇന്ന് പരിശോധിക്കും

പ്രതിരോധം സംബന്ധിച്ച സബ് കമ്മിറ്റി രണ്ട്, പ്രവർത്തന മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട സബ് കമ്മിറ്റി ആറ് എന്നിവ തയ്യാറാക്കിയ കരട് റിപ്പോർട്ടുകളും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി സൂക്ഷ്മമായി പരിശോധിക്കും

PUBLIC ACCOUNTS COMMITTEE  PMKVY REPORT  PARLIAMENT MEETING  KC VENUGOPAL
Representative Image (ANI)
author img

By ANI

Published : June 4, 2026 at 12:01 PM IST

3 Min Read
Choose ETV Bharat

ന്യൂഡൽഹി: പാർലമെൻ്റിൻ്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) യോഗം ഇന്ന് നടക്കും. പാർലമെൻ്റ് മന്ദിരത്തിലാണ് സുപ്രധാനമായ യോഗം. സ്കിൽ ഡവലപ്പ്മെൻ്റ് ആൻഡ് സംരംഭകത്വ മന്ത്രാലയത്തിൻ്റെ പ്രതിനിധികളിൽനിന്നുള്ള വിവരശേഖരണമാണ് യോഗത്തിൻ്റെ പ്രധാന അജണ്ട.

കേന്ദ്ര സർക്കാരിൻ്റെ പദ്ധതിയായ പ്രധാൻ മന്ത്രി കൗശൽ വികാസ് യോജനയ്ക്ക് കീഴിലുള്ള നൈപുണ്യ വികസന പരിപാടികളുടെ പ്രകടന ഓഡിറ്റുമായി ബന്ധപ്പെട്ട് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ (സിഎജി) റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് യോഗം നടക്കുന്നത്. ഇതിനുപുറമെ രാജ്യത്തെ ഓഡിറ്റ് വിഭാഗത്തിൻ്റെ പ്രത്യേക വിശദീകരണവും യോഗത്തിലുണ്ടാകും.

പ്രതിരോധ മേഖലയിലെ വീഴ്ചകൾ
പ്രതിരോധം സംബന്ധിച്ച സബ് കമ്മിറ്റി രണ്ട്, പ്രവർത്തന മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട സബ് കമ്മിറ്റി ആറ് എന്നിവ തയ്യാറാക്കിയ കരട് റിപ്പോർട്ടുകളും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി സൂക്ഷ്മമായി പരിശോധിക്കും. ഇലക്ട്രോണിക്കലായി നവീകരിച്ച 155എംഎം/45 കാലിബർ തോക്ക് സംവിധാനമായ 'ധനുഷ്' യഥാസമയം നിർമിക്കുന്നതിലെ കാലതാമസം യോഗം ഗൗരവമായി ചർച്ചചെയ്യും. ദേശീയ സുരക്ഷയെ വരെ ബാധിച്ചേക്കാവുന്ന തരത്തിലുള്ള വീഴ്ചകളാണ് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

സൈന്യത്തിന് വിതരണം ചെയ്ത തകരാറുള്ള വെടിയുണ്ടകൾ മാറ്റിസ്ഥാപിച്ചതിൽ 62.10 കോടി രൂപയുടെ വലിയ നഷ്ടമുണ്ടായ സംഭവവും സമിതിയുടെ കർശന പരിശോധനയിലുണ്ട്. ബദ്മാലിലെ ഓർഡിനൻസ് ഫാക്ടറിയാണ് വിവാദമായ ഈ വെടിയുണ്ടകൾ സൈന്യത്തിന് നൽകിയത്. പ്രതിരോധ ഓഫ്സെറ്റുകളുടെ മാനേജ്മെൻ്റ് സംബന്ധിച്ച സിഎജി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ പുരോഗമിക്കുന്നത്.

കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ എംപിയാണ് നിലവിൽ പാർലമെൻ്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനായി പ്രവർത്തിക്കുന്നത്. ഈ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിൽനിന്നും പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരിൽനിന്നും കൃത്യമായ മറുപടി കമ്മിറ്റി തേടുമെന്നാണ് ലഭ്യമാകുന്ന സൂചന. ഓഡിറ്റ് റിപ്പോർട്ടുകളിലെ പ്രധാന വിവരങ്ങൾ കൃത്യസമയത്ത് സമർപ്പിക്കാത്തതുമായി ബന്ധപ്പെട്ട കരട് റിപ്പോർട്ടും സമിതിയുടെ പരിഗണനയിലുണ്ട്. സർക്കാർ ഫണ്ടുകൾ വകമാറ്റിയതും അധികച്ചെലവുകൾ ഉണ്ടായതും സംബന്ധിച്ച കാര്യങ്ങളും ഈ റിപ്പോർട്ടിൽ തെളിവ് സഹിതം പ്രതിപാദിക്കുന്നുണ്ട്.

സാമ്പത്തിക, വിദ്യാഭ്യാസ സമിതികളും സജീവം
രാജ്യത്തെ നിലവിലെ സാമ്പത്തിക സാഹചര്യം വിലയിരുത്തുന്നതിനായി പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റി ഓൺ ഫിനാൻസും വ്യാഴാഴ്ച രാവിലെ 11ന് പാർലമെൻ്റ് മന്ദിരത്തിൽ യോഗം ചേരുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക ക്രയവിക്രയങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുക എന്നതാണ് സമിതിയുടെ ലക്ഷ്യം. ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിൻ്റെ (ഡിഇഎ) പ്രതിനിധികളും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവും നിർണായക യോഗത്തിൽ പങ്കെടുക്കും. രാജ്യത്തെ പൊതുവായ സാമ്പത്തിക അവസ്ഥകളെക്കുറിച്ച് ഇവർ സമിതിക്ക് മുൻപാകെ വിശദീകരിക്കും. സാമ്പത്തിക വളർച്ചനിരക്ക് ഉൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങൾ യോഗത്തിൽ ചർച്ചയായേക്കും.

അതേസമയം വിദ്യാഭ്യാസത്തിനായുള്ള പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റി കഴിഞ്ഞ ചൊവ്വാഴ്ച യോഗം ചേർന്നിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ ഓൺ സ്ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ യോഗത്തിൽ സജീവ ചർച്ചയായി. സിബിഎസ്ഇ ഉദ്യോഗസ്ഥരെ സമിതി കടുത്ത ഭാഷയിൽ ചോദ്യം ചെയ്യുകയും വീഴ്ചകളിൽ അടിയന്തരമായി ഉത്തരവാദിത്തം നിശ്ചയിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു.

സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, സിബിഎസ്ഇ ചെയർമാൻ എന്നിവരുടെ അഭിപ്രായങ്ങളും വിശദീകരണങ്ങളും സമിതി നേരിട്ട് കേട്ടു. ഒമ്പത്, പത്ത് ക്ലാസുകളിൽ ത്രിഭാഷാ ഫോർമുല നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെട്ടു. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള പോർട്ടലുകളിലെ സാങ്കേതിക തകരാറുകളും ഉത്തരക്കടലാസുകൾ മൂല്യനിർണയം ചെയ്യുന്നതിലെ വലിയ പൊരുത്തക്കേടുകളും കാരണം നിലവിൽ സിബിഎസ്ഇ പ്രതിക്കൂട്ടിലാണ്. നൂറുകണക്കിന് വിദ്യാർഥികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന വിഷയമായതിനാലാണ് പാർലമെൻ്ററി സമിതി ഉദ്യോഗസ്ഥരിൽ നിന്നും നേരിട്ട് വിവരങ്ങൾ തേടിയത്. വരും ദിവസങ്ങളിലും സമാനമായ പാർലമെൻ്ററി സമിതികളുടെ ഗൗരവമായ യോഗങ്ങൾ ഡൽഹിയിൽ തുടരും.

Also Read: സർവീസിന് നൽകിയ ബൈക്ക് നന്നാക്കാൻ 69 ദിവസം വൈകി: ഓട്ടോ ഏജൻസിക്ക് 60,000 രൂപ പിഴ