വോട്ടർമാരെ ഇല്ലാതാക്കാൻ ഗൂഢാലോചന; ബിജെപി അധ്യക്ഷനെതിരെ പരാതി നൽകി പ്രതിപക്ഷ പാർട്ടി
യുണൈറ്റഡ് ഫോറം ഓഫ് ഒപ്പോസിറ്റ് പാർട്ടിയാണ് ദിലീപ് സൈകിയയ്‌ക്കെതിരെ പരാതി നൽകിയത്.

Published : January 9, 2026 at 2:03 PM IST
ദിസ്‌പൂർ: അസം ബിജെപി അധ്യക്ഷനും എംപിയുമായ ദിലീപ് സൈകിയയ്‌ക്കെതിരെ പരാതിയുമായി യുണൈറ്റഡ് ഫോറം ഓഫ് ഒപ്പോസിറ്റ് പാർട്ടി. സംസ്ഥാനത്തെ 60 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ നിന്ന് വോട്ടർമാരെ നീക്കം ചെയ്യാൻ വലിയ തോതിലുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് പരാതി നൽകിയത്.
ദിലീപ് സൈകിയയ്‌ക്കെതിരെ പ്രതിപക്ഷ പാർട്ടികൾ എഫ്‌ഐആർ ഫയൽ ചെയ്‌തിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് റിപുൻ ബോറ അറിയിച്ചു. ജനുവരി നാലിന് നടന്ന വീഡിയോ കോൺഫറൻസുമായി ബന്ധപ്പെട്ടാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്. 60 നിയോജകമണ്ഡലങ്ങളിലെയും 5,000 മുതൽ 10,000 വരെ വോട്ടർമാരെ തിരിച്ചറിയാൻ സൈകിയ പാർട്ടി എംഎൽഎമാരോടും ജില്ലാ പ്രസിഡൻ്റുമാരോടും നിർദേശിച്ചതായി റിപ്പോർട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജനുവരി 12 നകം വോട്ടർ പട്ടിക സമർപ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും പ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കാൻ ഒരു മന്ത്രിയെ നിയമിച്ചിട്ടുണ്ടെന്നും റിപുൻ ബോറ ആരോപിച്ചു. ഓരോ നിയോജകമണ്ഡലത്തിൽ നിന്നും 5,000 മുതൽ 10,000 വരെ വോട്ടർമാരെ ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത് വോട്ട് ചോരിയാണെന്നും അസമിലും ഇത്തരം പ്രവർത്തനം നടത്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷൻ മൗനം പാലിക്കുന്നതിലും നടപടിയെടുക്കാത്തതിലും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തു.
വീഡിയോ കോൺഫ്രറൻസിൻ്റെ ദൃശ്യങ്ങളും മറ്റ് റെക്കോർഡിങ്ങുകളും സുരക്ഷിതമായി സൂക്ഷിക്കണമെന്ന് റിപുൻ ബോറ ആവശ്യപ്പെട്ടു. യഥാർഥ വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള വലിയൊരു ഗൂഢാലോചനയുടെ നിർണായക തെളിവാണിതെന്നും എന്നാൽ ഇതുവരെയും വേണ്ടപ്പെട്ടവർ ഇതിനെതിരെ നടപടിയെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ട് ചോരിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ സംസ്ഥാനമെമ്പാടും പ്രക്ഷോഭം ആരംഭിക്കുമെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കി.
ഭരണഘടനാ വിരുദ്ധവുമായ പ്രവർത്തനങ്ങളിൽ നിന്ന് ബിജെപി പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എംപി റാകിബുൾ ഹുസൈൻ, അസം ജനതിയ പരിഷത്ത് (എജെപി) മേധാവി ലുരിൻജ്യോതി ഗൊഗോയ്, സംസ്ഥാന വനിതാ കോൺഗ്രസ് പ്രസിഡൻ്റ് മീര ബോർതാക്കൂർ എന്നിവരും മറ്റ് നിരവധി പ്രതിപക്ഷ നേതാക്കളും ചേർന്നാണ് പരാതി നൽകിയത്. സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയകൾ ഉറപ്പാക്കാണം. അതിനാൽ ശിക്ഷാ വ്യവസ്ഥകൾ പ്രകാരം കേസ് രജിസ്‌റ്റർ ചെയ്‌ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ ഫോറം പൊലീസിനോട് ആവശ്യപ്പെട്ടു.
Also Read: ജോലിയ്‌ക്ക് പകരം ഭൂമി അഴിമതി കേസ്: ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി

