''സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവർക്ക് വന്ദേമാതരത്തിൻ്റെ അർഥം അറിയുമോ?'', പ്രധാനമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷം
ദേശീയ ഗാനം വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ഒരു ഉപകരണമായി ഉപയോഗിക്കരുതെന്നും പ്രതിപക്ഷം

Published : December 8, 2025 at 6:00 PM IST
ന്യൂഡൽഹി: വന്ദേമാതരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെതിരെ നടത്തിയ പ്രസംഗത്തെ വിമർശിച്ച് പ്രതിപക്ഷം. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവർ വന്ദേമാതരത്തെക്കുറിച്ച് സംസാരിക്കുന്നുവെന്ന് എസ്‌പി നേതാവ് അഖിലേഷ് യാദവ് പരിഹസിച്ചു. വന്ദേമാതരം മുസ്‌ലിംകളെ പ്രകോപിപ്പിക്കുമെന്ന് നെഹ്‌റു ഭയന്നുവെന്നും ദേശഭക്തി ഗാനത്തില്‍ കോണ്‍ഗ്രസ് വിട്ടു വീഴ്‌ച ചെയ്‌തെന്നുമുള്ള മോദിയുടെ പരാമർശത്തിന് പിന്നാലെയാണ് പ്രതിപക്ഷത്തിൻ്റെ പരിഹാസം.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവർ ഇപ്പോൾ വന്ദേമാതരത്തിൻ്റെ മൂല്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ദേശീയ ഗാനം വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ഒരു ഉപകരണമായി ഉപയോഗിക്കരുതെന്നും ലോക്‌സഭയിൽ നടന്ന ചർച്ചയിൽ അഖിലേഷ് യാദവ് വിമർശിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് ആളുകളെ ഒന്നിപ്പിച്ച ഗാനമായതിനാൽ വന്ദേമാതരം അതിൻ്റെ യഥാർഥ അർഥത്തിൽ പിന്തുടരണമെന്നും അദ്ദേഹം സഭയിൽ ഉന്നയിച്ചു.
#WATCH | PM Narendra Modi says, " ... when vande mataram completed 50 years, india was under british rule. when vande mataram completed 100 years, india was in the clutches of emergency... at that time, the patriots were imprisoned. when the song that inspired our freedom… pic.twitter.com/Kww4ewc6wM
— ANI (@ANI) December 8, 2025
"വന്ദേമാതരം പ്രദർശിപ്പിക്കാനുള്ളതല്ല, അതൊരു രാഷ്ട്രീയ ഉപകരണവുമല്ല. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്ത വ്യക്തികൾക്ക് വന്ദേമാതരത്തിൻ്റെ അർഥം എങ്ങനെ മനസിലാക്കാൻ കഴിയും. വന്ദേമാതരം ഉപയോഗിച്ച് ഭിന്നത സൃഷ്‌ടിക്കുകയാണ്. ഭരണപക്ഷത്തുള്ളവർ ഒരിക്കലും തങ്ങളിൽ പെടാത്ത പ്രതിഭാധനരായ നേതാക്കളെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് ഇതിന് മുൻപും കണ്ടിട്ടുണ്ട്.
വന്ദേമാതരം ഗാനം മുഴുവൻ ആളുകൾക്ക് ഓർമ്മയില്ലായിരിക്കാം. അല്ലെങ്കിൽ അതിൻ്റെ പ്രാധാന്യം പൂർണമായി മനസിലാക്കാൻ കഴിഞ്ഞേക്കില്ലെങ്കിലും, ആ രണ്ട് വാക്കുകൾ ഉച്ചരിക്കുന്നത് അഭിമാനം ഉണർത്തുന്നത് തന്നെയാണ്. കാരണം അവ ജനങ്ങളുടെ ഹൃദയങ്ങളിൽ ആഴത്തിൽ വേരൂന്നിയതാണ്'' - അഖിലേഷ് യാദവ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് കരകയറാൻ ഇന്ത്യയെ ഒന്നിപ്പിക്കുന്നതിൽ വന്ദേമാതരം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 150-ആം വാർഷികത്തിൽ ഒരാളുടെ വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കുന്നതിനോ മറ്റുള്ളവരിൽ സമ്മർദ്ദം ചെലുത്തുന്നതിനോ ഉള്ള ഒരു മാർഗമായി ഈ ഗാനം ഉപയോഗിക്കരുതെന്നും അദ്ദേഹം വിമർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ "മാസ്റ്റർ ഡിസ്റ്റോറിയൻ" (ചരിത്രം വളച്ചൊടിക്കുന്നു) എന്ന് വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. രവീന്ദ്രനാഥ ടാഗോർ ഉൾപ്പെടെയുള്ള രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാരെ അപമാനിച്ചതിന് മോദി മാപ്പ് പറയണമെന്നും ജയറാം രമേശ് എക്‌സിൽ കുറിച്ചു. ജവഹർലാൽ നെഹ്‌റു പ്രീണന രാഷ്ട്രീയം പിന്തുടരുന്നുവെന്ന് ആരോപിച്ച പ്രധാനമന്ത്രിയെ കടന്നാക്രമിച്ചാണ് എക്‌സ് പോസ്റ്റ്.
"ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിനെ അപമാനിച്ച മാസ്റ്റർ ഡിസ്റ്റോറിയൻ ക്ഷമാപണം നടത്തണം. അദ്ദേഹം നമ്മുടെ സ്ഥാപക പിതാക്കന്മാരെയും എല്ലാറ്റിനുമുപരി ടാഗോറിനെയും അപമാനിച്ചു," എഐസിസി ജനറൽ സെക്രട്ടറി, കമ്മ്യൂണിക്കേഷൻസ്, ജയറാം രമേശ് എക്‌സിൽ കുറിച്ചു.
ടാഗോറിൻ്റെ ജീവചരിത്രത്തിൻ്റെ പേജുകൾ പങ്കുവെച്ചുകൊണ്ട് പോസ്റ്റ്
"പ്രഭാത് കുമാർ മുഖോപാധ്യായ എഴുതിയ, 1994-ൽ വിശ്വഭാരതി പ്രസിദ്ധീകരിച്ച, രബീന്ദ്രനാഥ ടാഗോറിൻ്റെ ബംഗാളിയിലുള്ള ആധികാരിക ജീവചരിത്രമായ രബീന്ദ്ര-ജീബാനിയുടെ നാലാം വാല്യത്തിൽ നിന്നുള്ള 110-112 പേജുകൾ ഇതാ. നെഹ്‌റുവിനെ പ്രീണിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണമാണ് മോദി ഉന്നയിക്കുന്നത്. എന്നാൽ മാസ്റ്റർ ഡിസ്റ്റോറിയൻ പ്രധാനമന്ത്രി ഇതിന് ഉത്തരം നൽകുമോ.
1940 മാർച്ചിൽ ലാഹോറിൽ പാകിസ്ഥാൻ പ്രമേയം അവതരിപ്പിച്ച വ്യക്തിയുമായി 1940 കളുടെ തുടക്കത്തിൽ ബംഗാളിൽ ഏത് ഇന്ത്യൻ നേതാവാണ് സഖ്യം രൂപീകരിച്ചത്? അത് ശ്യാമ പ്രസാദ് മുഖർജിയായിരുന്നു. 2005 ജൂണിൽ കറാച്ചിയിൽ ജിന്നയെ പ്രശംസിച്ച ഇന്ത്യൻ നേതാവ് ആരാണ്? അത് എൽ കെ അദ്വാനിയായിരുന്നു. 2009 എന്ന പുസ്‌തകത്തിൽ ജിന്നയെ പ്രശംസിച്ച ഇന്ത്യൻ നേതാവ് ആരാണ്? അത് ജസ്വന്ത് സിങ് ആയിരുന്നു'' - ജയറാം രമേശ് മറുപടി നൽകി.

