ഒമാൻ തീരത്ത് കപ്പല്‍ ആക്രമണം, ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
സ്ഫോടകവസ്‌തുക്കൾ വഹിച്ചെത്തിയ റിമോട്ട്ലി ഓപ്പറേറ്റഡ് ഡ്രോൺ ബോട്ട്കപ്പലിൽ വന്നിടിച്ചാണ് സ്ഫോടനം ഉണ്ടായത്.

Published : March 2, 2026 at 5:53 PM IST
ന്യൂഡല്‍ഹി: ഒമാൻ തീരത്തെ മാർഷൽ ഐലൻഡ്‌സ് പതാകയുള്ള എംകെഡി വ്യോം എന്ന എണ്ണക്കപ്പലിന് നേരെയുള്ള ഇറാൻ്റെ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഒമാൻ തലസ്ഥാനമായ മസ്‌കറ്റിന് ഏകദേശം 52 നോട്ടിക്കൽ മൈൽ വടക്കുപടിഞ്ഞാറായിട്ടാണ് സംഭവം നടന്നത്. സ്ഫോടകവസ്‌തുക്കൾ വഹിച്ചെത്തിയ റിമോട്ട്ലി ഓപ്പറേറ്റഡ് ഡ്രോൺ ബോട്ട്കപ്പലിൽ വന്നിടിച്ചാണ് സ്ഫോടനം ഉണ്ടായത്.
കപ്പലിൻ്റെ പ്രധാന എൻജിൻ റൂമിലാണ് സ്ഫോടനവും തീപിടുത്തവും ഉണ്ടായത്. എൻജിൻ റൂമിലുണ്ടായിരുന്ന ഒരു ഇന്ത്യൻ നാവികൻ ഈ അപകടത്തിൽ കൊല്ലപ്പെട്ടു. ഒമാൻ തലസ്ഥാനമായ മസ്‌കറ്റിന് സമീപമാണ് ആക്രമണം നടന്നതെന്ന് ഒമാൻ ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി.
പേർഷ്യൻ ഗൾഫിൻ്റെ പ്രവേശന കവാടമായ ഹോർമുസ് കടലിടുക്കിലൂടെ എത്തുന്ന കപ്പലുകൾക്ക് നേരെ ഇറാൻ ഭീഷണി മുഴക്കിയിരുന്നു. കപ്പലിൽ ആകെ 21 ജീവനക്കാർ ഉണ്ടായിരുന്നു. ഇതിൽ 16 പേർ ഇന്ത്യക്കാരും, 4 പേർ ബംഗ്ലാദേശികളും, ഒരാൾ ഉക്രെയ്ൻ സ്വദേശിയുമാണ്. മരിച്ച നാവികൻ ഒഴികെയുള്ള ബാക്കി 20 പേരെയും പാനമ പതാകയുള്ള 'MV SAND' എന്ന ചരക്ക് കപ്പലിൻ്റെ സഹായത്തോടെ സുരക്ഷിതമായി ഒഴിപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ സൈനിക നീക്കത്തിന് ശേഷം പശ്ചിമേഷ്യയിൽ ആരംഭിച്ച സംഘർഷത്തിലെ ആദ്യ ഇന്ത്യൻ മരണമാണിത്. ഇതേ ദിവസം തന്നെ ഒമാനിലെ ഖസബിന് സമീപം 'എംവി സ്കൈലൈറ്റ്' എന്ന മറ്റൊരു കപ്പലിന് നേരെയും ആക്രമണം നടന്നിരുന്നു. ഇതിൽ 15 ഇന്ത്യക്കാരുൾപ്പെടെ 20 പേരെ രക്ഷപ്പെടുത്തിയെങ്കിലും നാല് പേർക്ക് പരിക്കേറ്റു.
അപകടത്തിൽ കാണാതായ ജീവനക്കാർക്കായി ഒമാൻ അധികൃതർ നടത്തുന്ന തെരച്ചിൽ തുടരുകയാണെന്നും തങ്ങൾ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ഒമാനിലെ ഇന്ത്യൻ എംബസി എക്‌സിൽ കുറിച്ചു. രക്ഷപ്പെടുത്തിയ ജീവനക്കാരെ നാട്ടിലെത്തിക്കുന്നതിനായി ഒമാൻ ഉദ്യോഗസ്ഥരുമായി ഏകോപനം നടത്തുകയാണെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും എംബസി അറിയിച്ചു.
Mission remains in constant touch with Omani authorities who are carrying out search operations for missing crew members following the incident involving MV Skylight. We are also coordinating with officials in Oman for the repatriation of the crew members who have been rescued…
— India in Oman (Embassy of India, Muscat) (@Indemb_Muscat) March 2, 2026
ഇറാൻ പിന്തുണയുള്ള ലെബനനിലെ ഹിസ്ബുള്ള ഇസ്രായേലിനെ ലക്ഷ്യമിട്ടതോടെ ഇറാൻ-ഇസ്രയേൽ യുദ്ധം കൂടുതൽ വ്യാപിച്ചു. ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ ലബനനിൽ കുറഞ്ഞത് 31 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലെബനന് പുറമെ മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാനിൽ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച, ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്ത സൈനിക നീക്കം ആരംഭിച്ചു. ഇസ്രായേൽ ഇതിനെ 'ഓപ്പറേഷൻ ലയൺസ് റോർ' എന്നും അമേരിക്കൻ ഉദ്യോഗസ്ഥർ 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്നും വിശേഷിപ്പിച്ചു.
Also Read: നേതാവാകും മുൻപേ ആരും അറിയാതെ പോയ സന്ദർശനം? ഖമേനിയുടെ ഇന്ത്യൻ യാത്ര

