13ാം വയസിൽ നാടുകടത്തി; 31ാം വയസില്‍ തിരിച്ച് സ്വന്തം നാട്ടിലേക്ക്, വഴിത്തിരിവായത് ഫോൺനമ്പർ
കുട്ടിക്കാലത്ത് മനപാഠമാക്കിയ മൊബൈൽ നമ്പറാണ് പുരുഷോത്തമിന് വഴിത്തിരിവായത്. ജമ്മു കശ്‌മീരിയെലും റൂർക്കേലയിലെയും പൊലീസിൻ്റെ സഹായത്തോടയാണ് പുരുഷോത്തമിനെ നാട്ടിൽ തിരികെയെത്തിച്ചത്.

Published : February 26, 2026 at 8:55 PM IST
ഭുബനേശ്വർ: സ്വന്തം നാട്ടിൽ തിരിച്ചെത്തിയതിൻ്റെ സന്തോഷത്തിലാണ് മുപ്പത്തൊന്നുകാരനായ പുരുഷോത്തം ഗൗഡ്. ഇതിന് നിയോഗമായത് പണ്ട് മനപ്പാഠമാക്കിവച്ച ഒരു മൊബൈൽ നമ്പറും. തടവറയ്‌ക്ക് സമാനമായ ദുരിത ജീവിതത്തിൽ നിന്നാണ് ഒഡിഷയിലെ റൂർക്കേലയിലുള്ള തൻ്റെ സ്വന്തം കുടുംബത്തിൽ അപ്രതീക്ഷിതമായി പുരുഷോത്തം ഗൗഡ് എത്തിച്ചേര്‍ന്നത്.
ചൊവ്വാഴ്‌ച (ഫെബ്രുവരി 24) റൂർക്കേല റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ കുടുംബാംഗങ്ങളും പ്രദേശവാസികളും ചേർന്ന് പുരുഷോത്തമിനെ മാലയിട്ട് സ്വീകരിച്ചു ആഹ്ലാദം പ്രകടിപ്പിച്ചു. തുടർന്ന് കുടുംബവും പ്രദേശവാസികളും പുരുഷോത്തമിനെ ഗ്രാമത്തിലേയ്‌ക്ക് കൂട്ടിക്കൊണ്ടുപോയി.

വർഷങ്ങൾക്ക് മുൻപ് സംഭവിച്ചത്
പുരുഷോത്തം ഗൗഡിന് പതിമൂന്ന് വയസുള്ളപ്പോഴാണ് ജമ്മു കശ്‌മീരിലേയ്‌ക്ക് കടത്തിയത്. ഒഡിഷയിലെ ലതികത ബ്ലോക്കിലെ സുയിദിഹി പഞ്ചായത്തിന് കീഴിലുള്ള സോണപർവത് ഗഞ്ജുതോളയിൽ താമസിക്കുകയായിരുന്നു അന്ന്. എന്നാൽ ഒരു കുടുംബത്തിലെ ആളുകൾ തൊഴിലാളിയായി ജോലി ചെയ്യാൻ നിർബന്ധിച്ച് പുരുഷോത്തമിനെ ജമ്മു കശ്‌മീരിലെ സാംബ ജില്ലയിലേയ്‌ക്ക് കൂട്ടിക്കൊണ്ട് പോയി. ഇന്ത്യ പാകിസ്‌താൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശത്തെ ഒരു കുടുംബത്തിലേയ്‌ക്കാണ് പുരുഷോത്തം എത്തിപ്പെട്ടത്.
പുരുഷോത്തമനെ കടത്തിക്കൊണ്ടുപോയി എന്ന് മനസിലായപ്പോൾ പുരുഷോത്തമിനെ കണ്ടെത്താൻ കുടുംബം പല വഴികളിലും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയെങ്കിലും, കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മാതാപിതാക്കളുടെ ഏക മകനായിരുന്നു, മകനെ കാത്തിരുന്ന് അവരും മരിച്ചു. ഇപ്പോൾ എതാനും ബന്ധുക്കൾ മാത്രമാണുള്ളത്.

കശ്‌മീരിൽ എത്തിയ പുരുഷോത്തമിന് അവർ ജീവിക്കാനുള്ള വഴികളും ഭക്ഷണവും എല്ലാം നൽകി. എന്നാൽ പണം മാത്രം നൽകിയില്ല. കുടുംബവുമായി ബന്ധപ്പെടാനും അവർ ഒരിക്കലും അനുവദിച്ചില്ല. ജീവിതത്തിലെ 18 വർഷങ്ങളാണ് പുരുഷോത്തം ജമ്മുവിൽ ജീവിച്ച് തീർത്തത്.
"അവിടെ ഒരു ബിസിനസുകാരൻ്റെ വീട്ടിലായിരുന്നു ഞാൻ. വീട്ടുജോലികൾ എല്ലാം ചെയ്‌തുകൊണ്ടിരുന്നു. ട്രക്കുകളും മറ്റ് വാഹനങ്ങളും ഓടിക്കാൻ ആവശ്യപ്പെട്ടു. അവർ എന്നെ ഒരിക്കലും ഉപദ്രവിച്ചില്ല. ഭക്ഷണവും വസ്ത്രങ്ങളും മറ്റ് അവശ്യവസ്‌തുക്കളും എനിക്ക് തന്നിരുന്നു. പക്ഷേ അവർ ഒരിക്കലും എനിക്ക് പണം നൽകിയില്ല. മറ്റാരുമായും ബന്ധപ്പെടാനും അവർ അനുവദിച്ചിരുന്നില്ല", എന്ന് പുരുഷോത്തം ഇടിവി ഭാരതിനോട് പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിരന്തരമായി കുടുംബവുമായി ബന്ധപ്പെടാൻ പുരുഷോത്തം ശ്രമിച്ചുകൊണ്ടിരുന്നു. ഒരു ദിവസം പുരുഷോത്തം പണ്ട് മനപ്പാഠമാക്കി വച്ചിരുന്ന ഫോൺനമ്പരിൽ നിന്ന് കുടുംബവുമായി ബന്ധപ്പെടുകയും താൻ എവിടെയാണെന്നുള്ള വിവരങ്ങൾ അവരോട് പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു. എന്നാൽ അതിന് ഫലം കണ്ടില്ല. എന്നാൽ പുരുഷോത്തം തൻ്റെ പ്രതീക്ഷകൾ കൈവിട്ടില്ല.
അങ്ങനെ ജനുവരിയിൽ ആ ശ്രമം വീണ്ടും തുടർന്നു. കയ്യിൽ കിട്ടിയ ഒരു ഫോണിൽ നിന്ന് പുരുഷോത്തം കുടുംബവുമായി ബന്ധപ്പെടുകയും എവിടെയാണുള്ളതെന്നും രക്ഷിക്കണമെന്നും അഭ്യർഥിച്ചു. തുടർന്ന് അദ്ദേഹത്തിൻ്റെ ബന്ധുവായ ഒരു സ്‌ത്രീ ഈ വിവരം തങ്കർപള്ളി പൊലീസിനെയും എംഎൽഎ ദുർഗാ ചരൺ തന്തിയെയും അറിയിക്കുകയും ചെയ്‌തു.
സ്വദേശത്തേയ്‌ക്കുള്ള തിരിച്ചുവരവ്
തുടർന്ന് റൂർക്കലയിലെ തങ്കർപള്ളി പൊലീസ് സാംബ ജില്ലയിലെ രാജ്‌പുര പൊലീസുമായി ബന്ധപ്പെട്ട് സാഹചര്യങ്ങൾ വിശദീകരിച്ചു. പിന്നീട് ജമ്മു കശ്‌മീർ പൊലീസിൻ്റെ സഹായത്തോടെ പുരുഷോത്തമിനെ അവിടെനിന്നും രക്ഷിക്കുകയായിരുന്നു. തങ്കർപള്ളി പൊലീസ് സ്‌റ്റേഷനിലെ കോൺസ്‌റ്റബിളാണ് പുരുഷോത്തമിനെ സുരക്ഷിതനായി ഒഡിഷയിൽ എത്തിച്ചത്.
പുരുഷോത്തമിനെ കടത്തി കൊണ്ടുപോയവര്‍ കുടുംബത്തെ ഭീഷണിപ്പെടുത്തി. പുരുഷോത്തം സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചാൽ പല പ്രത്യാഘാതങ്ങളും ഉണ്ടാകുമെന്ന ഭീഷണി മുഴക്കി. "അവൻ ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവരുമെന്ന എല്ലാ പ്രതീക്ഷയും ഞങ്ങൾക്ക് നഷ്‌ടപ്പെട്ടിരുന്നു. അവൻ തിരിച്ചെത്തിയതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. അവനെ ഒരു തീവ്രവാദിയായി ചിത്രീകരിച്ച് കൊല്ലുമെന്നുപോലും ചിലർ ഭീഷണിപ്പെടുത്തിയിരുന്നു," എന്ന് പുരുഷോത്തമിൻ്റെ ബന്ധുവിൻ്റെ ഭാര്യ അനിത ഗൗഡ് പറഞ്ഞു.
"ഇനി എൻ്റെ കുടുംബത്തോടൊപ്പം ഇവിടെ പുതുതായി ജീവിതം തുടങ്ങണം. മുമ്പ് അവിടെ ചെയ്‌തിരുന്ന ഉപജീവനമാർഗം ഇവിടെയും ചെയ്യും. ഇവിടുത്തെ ഭക്ഷണത്തോടും ഭാഷയോടും പൊരുത്തപ്പെടാൻ എനിക്ക് വലിയ ബുദ്ധിമുട്ടൊന്നുമില്ല", എന്ന് പുരുഷോത്തം പറഞ്ഞു. ഇപ്പോൾ പുരുഷോത്തമിന് ഒഡിയ തീരെ ഓർമ്മയില്ല. ഹിന്ദിയും ജമ്മുവിലെ പ്രാദേശിക ഭാഷയും മാത്രമേ അറിയൂ. എന്നിരുന്നാലും പുരുഷോത്തം തിരിച്ചുവന്നതിൻ്റെ സന്തോഷത്തിലാണിന്ന് കുടുംബാംഗങ്ങൾ.

