നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയില്‍ രണ്ട് ഡയറക്‌ടർമാരെയും ഒരു ജോയിൻ്റ് ഡയറക്‌ടറേയും നിയമിച്ച് കേന്ദ്രം
ഇന്ത്യൻ പൊലീസ് സർവീസ് ഓഫിസർ രവി കുമാർ സിങ്ങിനെയും ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഉദ്യോഗസ്ഥയായ പ്രസന്ന വെങ്കിടേഷ് വിയെയുമാണ് എൻടിഎയിൽ ഡയറക്‌ടർമാരായി നിയമിച്ചത്.

By PTI
Published : August 28, 2026 at 6:01 PM IST
ന്യൂഡൽഹി: നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്‌റ്റ്) പേപ്പർ ചോർച്ച ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ നേരിടുന്ന നാഷണൽ ടെസ്‌റ്റിങ് ഏജൻസിയിലേക്ക് (എൻടിഎ) രണ്ട് ഡയറക്‌ടർമാരെയും ഒരു ജോയിൻ്റ് ഡയറക്‌ടറേയും നിയമിച്ച് കേന്ദ്രം.
ഓഗസ്‌റ്റ് 27 ന് ഉദ്യോഗസ്ഥ കാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രത്യേക ഉത്തരവുകൾ പ്രകാരം, ഇന്ത്യൻ പൊലീസ് സർവീസ് ഓഫിസർ (ഐപിഎസ്) രവി കുമാർ സിങ്ങിനെയും ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഉദ്യോഗസ്ഥയായ പ്രസന്ന വെങ്കിടേഷ് വിയെയും എൻടിഎയിൽ ഡയറക്‌ടർമാരായി നിയമിച്ചു. 2016 ബാച്ച് ഇന്ത്യൻ റവന്യൂ സർവീസ് (കസ്‌റ്റംസ് ആൻഡ് പരോക്ഷ നികുതി) ഉദ്യോഗസ്ഥനായ അമിത് സാംദാരിയയെ എൻടിഎയിൽ ജോയിൻ്റ് ഡയറക്‌ടറായി നിയമിക്കാൻ തെരഞ്ഞെടുത്തതായി ഉദ്യോഗസ്ഥ കാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ഉത്തരവുകൾ പുറപ്പെടുവിച്ചതിന് ശേഷം മൂന്ന് ആഴ്‌ചയ്ക്കുള്ളിൽ നിയമിതരായ ഉദ്യോഗസ്ഥർ അവരുടെ പുതിയ സ്ഥാനങ്ങൾ ഏറ്റെടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കൂടാതെ, മന്ത്രാലയത്തിൻ്റെ സർക്കുലറിനെ പരാമർശിക്കുന്ന മൂന്ന് ഉത്തരവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ സെൻട്രൽ സ്‌റ്റാഫിങ് സ്‌കീമിൽ നിന്ന് ഡീബാർമെൻ്റ് പ്രക്രിയ ആരംഭിക്കും. അടുത്തിടെ, എൻടിഎയിലെ പരീക്ഷാ സംവിധാനത്തിൽ സർക്കാർ സമഗ്രമായ ഒരു അഴിച്ചുപണി പ്രഖ്യാപിച്ചിരുന്നു. അതിൽ നാല് തലങ്ങളിലുള്ള പേപ്പർ പരിശോധന പ്രക്രിയ നടപ്പിലാക്കുക, 600 വിദഗ്‌ധരെ നീക്കം ചെയ്യുക, ഡൊമെയ്ൻ സ്പെഷ്യലിസ്‌റ്റുകളെ ഓൺബോർഡിങ് ചെയ്യുക എന്നിവ ഉൾപ്പെട്ടിരുന്നു.
എൻടിഎയ്‌ക്കെതിരെ നിരന്തരം വിമർശനവും പ്രതിഷേധവും
നേരത്തെ, യുജിസി നെറ്റ് പരീക്ഷയിലെ ചോദ്യപ്പേപ്പർ ചോർച്ചയിലും വ്യാപകമായ പിഴവുകളിലും പ്രതിഷേധിച്ച് എൻടിഎ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സ്‌റ്റുഡൻ്റ്സ് അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളുടെ പരീക്ഷകൾ വീണ്ടും നടത്താൻ എൻടിഎ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു വിദ്യാർഥി പ്രതിഷേധം. ഇതൊരു ക്രിമിനൽ കുറ്റമാണെന്നും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
പരീക്ഷ നടന്ന ആദ്യ ദിവസം മുതൽ ചോദ്യപ്പേപ്പർ ചോർച്ച വിദ്യാർഥികൾ ചൂണ്ടിക്കാണിച്ചിരുന്നതാണ്. എന്നാൽ തെളിവുകൾ കണ്മുന്നിലുണ്ടായിട്ടും ഇക്കാര്യം തിരിച്ചറിയാൻ സർക്കാരിന് ഒരു മാസത്തിലധികം സമയമെടുത്തുവെന്നും സംഘടന കുറ്റപ്പെടുത്തി. മോദി സർക്കാരിൻ്റെ പുതിയ വിദ്യാഭ്യാസ നയവും എൻടിഎ പോലൊരു ഉത്തരവാദിത്തമില്ലാത്ത ഏജൻസിയുമാണ് വിദ്യാർഥികളുടെ ഭാവി നശിപ്പിക്കുന്നതെന്നും സംഘടന വ്യക്തമാക്കി.

