ETV Bharat / bharat

പങ്കായമേന്തി പെണ്‍കുട്ടികള്‍, ജീവൻ പണയപ്പെടുത്തി സ്‌കൂളിലേക്ക് പോകേണ്ട ഗതികേട്...!

50 ഓളം കുട്ടികളാണ് ജീവൻ പണയപ്പെടുത്തി ഈ ഗ്രാമത്തില്‍ നിന്ന് സ്‌കൂളിലേക്ക് പോകുന്നത്. രാജ്യം സ്വാതന്ത്ര്യം നേടി എട്ട് പതിറ്റാണ്ടായിട്ടും സ്കൂളിൽ പോകാൻ പോലും സ്വന്തം ജീവൻ പണയപ്പെടുത്തേണ്ട ഗതികേട് വികസനത്തിൻ്റെ മെല്ലെപ്പോക്കിന് തെളിവാണ്.

വിദ്യാഭ്യാസം  ബിഹാറിലെ ദുരവസ്ഥ  തോണി തുഴഞ്ഞ് സ്‌കൂളിലേക്ക്  വികസനമില്ലാത്ത ഗ്രാമം
തോണി തുഴഞ്ഞ് സ്‌കൂളിലേക്ക് (ETV Bharat)
author img

By ETV Bharat Kerala Team

Published : February 26, 2026 at 7:49 PM IST

3 Min Read
Choose ETV Bharat

പട്‌ന: ഹൈവേയിലൂടെയും പുത്തൻ റോഡുകളിലൂടെയും സ്‌കൂള്‍ വാനുകളും ബസുകളും ചീറിപ്പായുന്ന ഇക്കാലത്ത് തോണി തുഴഞ്ഞ് ജീവൻ പണയപ്പെടുത്തി വിദ്യാഭ്യാസം നേടിയെടുക്കേണ്ട ദുരവസ്ഥയെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ സംഭവം സത്യമാണ്... ബിഹാറിലെ നളന്ദ ജില്ലയിലെ ഗിരിയക് ബ്ലോക്കിലുള്ള സകുചിഡിഹ് ഗ്രാമത്തിലാണ് ഏവരുടെയും മനസലിയിപ്പിക്കുന്ന ഈ ദുരവസ്ഥ. ഓരോ ദിവസവും തോണി തുഴഞ്ഞ് 50 ഓളം കുട്ടികളാണ് ജീവൻ പണയപ്പെടുത്തി ഈ ഗ്രാമത്തില്‍ നിന്ന് സ്‌കൂളിലേക്ക് പോകുന്നത്.

ഇവിടുത്തെ കുട്ടികളുടെ ചുമലിൽ ബാഗ് മാത്രമല്ല, തോണി തുഴയാനുള്ള പങ്കായം ഏന്തേണ്ട ഗതികേട് കൂടിയുണ്ട്. ജില്ലാ ആസ്ഥാനത്തുനിന്ന് 30 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമം ഇന്നും വികസനമെത്താത്ത ഇടമാണ്. ഏകദേശം ആയിരത്തോളം ജനസംഖ്യയുള്ള ഗ്രാമത്തിൽ ഒരു പാലമോ കൃത്യമായ ബോട്ടുകളോ ഇല്ല. ഗ്രാമവാസികൾ സ്വന്തമായി പണം പിരിച്ചുണ്ടാക്കിയ ഒരു പഴയ തോണി മാത്രമാണ് ഏക ആശ്രയം. ഇതിന് തുഴച്ചിൽക്കാരില്ല, കുട്ടികൾ തന്നെയാണ് ഇത് തുഴയുന്നത്.

വിദ്യാഭ്യാസം  ബിഹാറിലെ ദുരവസ്ഥ  തോണി തുഴഞ്ഞ് സ്‌കൂളിലേക്ക്  വികസനമില്ലാത്ത ഗ്രാമം
തോണി തുഴഞ്ഞ് സ്‌കൂളിലേക്ക് (ETV Bharat)

"റോഡ് വഴി പോയാൽ 10 കിലോമീറ്റർ ചുറ്റണം. രാവിലെ 6 മണിക്ക് ഇറങ്ങിയാൽ ഉച്ചയ്ക്ക് 12.30 ആകും എത്താൻ. അതുകൊണ്ട് തോണിയിൽ മാത്രമേ സ്‌കൂളിൽ വരാൻ കഴിയാറുള്ളൂ." വിദ്യാർഥിനി സുധാ കുമാരി പറഞ്ഞു. "പഠിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല, പക്ഷേ തോണി തുഴഞ്ഞു വരണമെന്നു മാത്രം. എനിക്ക് ഡോക്‌ടറാകണം. ഞങ്ങളുടെ ജീവൻ അപകടത്തിലാകാതിരിക്കാൻ എത്രയും വേഗം ഒരു പാലം പണിയണമെന്നാണ് ഞങ്ങളുടെ ആവശ്യം" മറ്റൊരു വിദ്യാർഥിനി കരീന കുമാരി. ഈ രണ്ട് പെണ്‍കുട്ടികളാണ് പങ്കായം കൈയ്യിലേന്തി തോണി തുഴഞ്ഞ് 50 പേരെയും സ്‌കൂളിലെത്തിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മഴക്കാലത്ത് നദിയിലെ ഒഴുക്ക് കൂടുമ്പോൾ ഇവര്‍ക്ക് സ്‌കൂളില്‍ പോകാൻ കഴിയില്ല. പഠനമൊക്കെ മുടങ്ങി അന്ന് വീട്ടിലിരിക്കേണ്ട സ്ഥിതിയാണ്. ചുരുക്കത്തിൽ, ഭാവി കെട്ടിപ്പടുക്കാൻ ഇവർക്ക് സ്വന്തം ജീവിതം തന്നെ പണയപ്പെടുത്തേണ്ടി വരുന്നു. വിദ്യാഭ്യാസത്തെക്കുറിച്ച് സർക്കാർ നടത്തുന്ന അവകാശവാദങ്ങളും യാഥാർത്ഥ്യവും തമ്മിലുള്ള വലിയ വിടവാണ് നളന്ദ ജില്ലയിലെ ഗിരിയക് ബ്ലോക്കിലുള്ള സകുചിഡിഹ് ഗ്രാമത്തിൽ കാണുന്നത്. ഏവരെയും നൊമ്പരപ്പെടുത്തുന്ന യാഥാർത്ഥ്യമാണിത്.

മുഖ്യമന്ത്രി ഗ്രാമീണ സേതു യോജന പ്രകാരം സക്രി നദിക്ക് കുറുകെ പാലം നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 96.84 മീറ്റർ നീളമുള്ള പാലത്തിന് നിർമ്മാണ ചെലവ് ഏകദേശം 6.20 കോടി രൂപ കണക്കാക്കിയിരുന്നു. 2025 ജൂലൈ തുടങ്ങേണ്ടിയിരുന്ന പാലത്തിൻ്റെ നിര്‍മാണം ഇന്നും ആരംഭിച്ചിട്ടില്ല. ശിലാസ്ഥാപനം കഴിഞ്ഞ് മാസങ്ങളായിട്ടും പണി തുടങ്ങിയിട്ടില്ല. "വോട്ട് ചോദിക്കാൻ എല്ലാവരും വരുമെങ്കിലും പാലം പണിയാൻ ആരും തയ്യാറാകുന്നില്ല എന്നാണ്. ചെറിയൊരു പാത്രം വാങ്ങാൻ പോലും നദി കടന്ന് അപ്പുറത്തെ സരായിയിൽ പോകേണ്ട അവസ്ഥയാണ്" ഗ്രാമവാസിയായ ദൗലതി ദേവി പറഞ്ഞു.

അപകടകരമായ യാത്രയിലൂടെയാണ് ഇവര്‍ കടന്നുപോകുന്നത്. സകുചിഡിഹ് ഗ്രാമത്തിൽ അഞ്ചാം ക്ലാസ് വരെ മാത്രമേ സ്കൂളുള്ളൂ. ഹൈസ്‌കൂൾ പഠനത്തിനായി കുട്ടികൾക്ക് സക്രി നദി കടന്ന് സകുചിസരായി എന്ന സ്ഥലത്ത് എത്തണം. തോണിയില്ലെങ്കിൽ ഇവർക്ക് 10 കിലോമീറ്റർ അധികം നടക്കേണ്ടി വരും. ഇതൊഴിവാക്കാൻ കരീന, സുധ തുടങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥിനികൾ സ്വയം പങ്കായമേന്തുന്നു.

"ഏകദേശം 13-14 ഗ്രാമങ്ങളിൽ നിന്ന് കുട്ടികൾ ഇവിടെ വരുന്നുണ്ട്. സകുചിഡിഹിൽ നിന്ന് മാത്രം 40-50 കുട്ടികളുണ്ട്, ഇതിൽ 30 പേരും പെൺകുട്ടികളാണ്. പലപ്പോഴും തോണിയുടെ ബാലൻസ് തെറ്റുമോ എന്ന പേടിയുണ്ട്" സയൻസ് അധ്യാപകൻ ധർമ്മേന്ദ്ര കുമാർ പറഞ്ഞു.

വിദ്യാഭ്യാസം  ബിഹാറിലെ ദുരവസ്ഥ  തോണി തുഴഞ്ഞ് സ്‌കൂളിലേക്ക്  വികസനമില്ലാത്ത ഗ്രാമം
പാലമില്ലാതെ ഗ്രാമീണര്‍ നേരിടുന്ന ദുരവസ്ഥ (ETV Bharat)

പാലം നിര്‍മാണം വൈകുന്നതിനെക്കുറിച്ച് പ്രതികരണവുമായി എക്സിക്യൂട്ടീവ് എഞ്ചിനീയർ മുനിതാ കുമാരി രംഗത്തെത്തി. പാലത്തിൻ്റെ ശിലാസ്ഥാപനം കഴിഞ്ഞതാണ്. എന്നാൽ ഡിപിആർ (DPR) പുനഃപരിശോധനയ്ക്കായി ആസ്ഥാനത്തേക്ക് അയച്ചിരിക്കുകയാണ്. അവിടെനിന്ന് അനുമതി ലഭിക്കാത്തതിനാലാണ് നിർമ്മാണം തുടങ്ങാൻ വൈകുന്നതെന്ന് അവര്‍ വ്യക്തമാക്കി. അതേസമയം, രാജ്യം സ്വാതന്ത്ര്യം നേടി എട്ട് പതിറ്റാണ്ടായിട്ടും, ഒരു സ്കൂളിൽ പോകാൻ പോലും സ്വന്തം ജീവൻ പണയപ്പെടുത്തേണ്ടി വരുന്ന ബിഹാറിലെ ഈ ഗ്രാമം വികസനത്തിൻ്റെ മെല്ലെപ്പോക്കിന് തെളിവാണ്.

Read Also: വിവാഹമോചനം ഏറ്റവും കുറവ് ഇന്ത്യയിൽ; മോചനം തേടുന്നവരിൽ കേരളത്തിലെ നവ ദമ്പതികള്‍ മുന്നിൽ, കണക്കുകളിൽ പ്രത്യേക പരാമർശം