പഹൽഗാം ഭീകരാക്രമണം; മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ
2025 ഏപ്രിൽ 22 നാണ് പഹൽഗാം ഭീകരാക്രമണം നടന്നത്. നിരപരാധികളായ 26 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

By PTI
Published : July 6, 2026 at 3:21 PM IST
ശ്രീനഗർ: ലഷ്‌കർ-ഇ-തൊയ്‌ബ തലവൻ ഹാഫിസ് സയീദിനെതിരെ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. 2025 ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനെന്ന് ആരോപിച്ചാണ് സയീദിനെതിരെ കുറ്റപത്രം സമർപ്പിച്ചത്.
ഭാരതീയ ന്യായ സംഹിത പ്രകാരവും 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ, യുപിഎ എന്നിവയിലെ വിവിധ വ്യവസ്ഥകൾ പ്രകാരവുമാണ് സയീദിനെതിരെ കുറ്റം ചുമത്തിയത്. ഇന്ത്യക്കെതിരെ ആക്രമണം നടത്തുക, അതിർത്തിക്കപ്പുറത്ത് നിന്ന് ആക്രമണം ആസൂത്രണം ചെയ്യാൻ ഗൂഢാലോചന നടത്തുക എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.
ഗൂഢാലോചനയിൽ പാകിസ്ഥാൻ്റെ പങ്ക്, ആക്രമണത്തിൽ ഹാഫിസ് സയീദിൻ്റെ പങ്കാളിത്തം, അന്വേഷണത്തിൽ നിന്നും ലഭിച്ച തെളിവുകൾ എന്നിവയെല്ലാം പ്രതിപാദിച്ചു കൊണ്ടുള്ള കുറ്റപത്രമാണ് സമർപ്പിച്ചതെന്ന് എൻഐഎ പറഞ്ഞു. പഹൽഗാം ആക്രമണത്തെ തുടർന്ന് പഹൽഗാം പൊലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു. പിന്നീട് ജമ്മു കശ്‌മീർ പൊലീസിൻ്റെ പ്രാഥമിക അന്വേഷണങ്ങളെ തുടർന്ന് ആഭ്യന്തര മന്ത്രാലയം കേസ് എൻഐഎക്ക് കൈമാറുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2025 ഡിസംബർ 15 ന് സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ പാകിസ്ഥാൻ ഹാൻഡ്‌ലർ സാജിദ് ജാട്ട്, ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരർ, അറസ്‌റ്റിലായ രണ്ട് പ്രതികൾ എന്നിവരെ എൻഐഎ ഉൾപ്പെടുത്തികൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചത്. അതിർത്തി കടന്നുള്ള ആക്രമണം ആസൂത്രണം ചെയ്യുന്നതിലും ആക്രമണത്തെ പിന്തുണച്ചവരെയും തിരിച്ചറിയുന്നതിനായുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. കേസിൽ മറ്റ് തെളിവുകൾക്കായും വിവരങ്ങൾക്കായുമുള്ള അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് എൻഐഎ പറഞ്ഞു.
2025 ഏപ്രിൽ 22 ന്, പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലാണ് ഭീകരാക്രമണം ഉണ്ടായത്. ലഷ്‌കറെ തൊയ്ബ ഭീകരർ വിനോദ സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രണത്തിൽ നിരപരാധികളായ 26 പേർ കൊല്ലപ്പെട്ടു. ഇതില്‍ 25 പേര്‍ അവധിയാഘോഷിക്കാനെത്തിയ വിനോദസഞ്ചാരികളും ഒരാള്‍ പോണി-റൈഡ് ഓപ്പറേറ്ററും (കുതിര സവാരി നടത്തുന്നയാൾ) ആയിരുന്നു.
ആക്രമണത്തെത്തുടർന്ന് പഹൽഗാം പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിരുന്നു. ശക്തമായ സുരക്ഷാ പരിശോധനയ്ക്കുശേഷമാണ് ഇവ വീണ്ടും പ്രവർത്തനമാരംഭിച്ചത്. 2000ത്തിന് ശേഷം ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ കശ്‌മീരില്‍ കൊല്ലപ്പെട്ട സംഭവം കൂടിയാണിത്.
പഹൽഗാം ആക്രമണത്തിന് മറുപടിയായി 2025 മെയ് ആറ്, ഏഴ് തീയതികളിൽ ഇന്ത്യൻ സായുധ സേന ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കി. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്‌മീരിലെയും പ്രധാന ഭീകരതാവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു സൈനിക നടപടി. കൃത്യമായ ലക്ഷ്യത്തോടെയുള്ളതും എന്നാൽ യുദ്ധത്തിലേക്ക് നയിക്കാത്തതുമായ നടപടിയെന്നാണ് അധികൃതർ വിശേഷിപ്പിച്ചത്.
കനത്ത നാശനഷ്‌ടം നേരിട്ടതോടെ പാകിസ്ഥാൻ്റെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ഇന്ത്യയുമായി ബന്ധപ്പെടുകയും സൈനിക നടപടി അവസാനിപ്പിക്കാൻ അഭ്യർഥിക്കുകയും ചെയ്‌തു. ഇതിനെ തുടർന്ന് 2025 മെയ് 10ന് ഇരുരാജ്യങ്ങളും വെടിനിർത്തൽ ധാരണയിലെത്തുകയായിരുന്നു.
Also Read: കരൂർ ദുരന്തം: മന്ത്രിമാർ സാക്ഷികളെ സ്വാധീനിച്ചു, ഡിഎംകെ നൽകിയ ഹർജി നാളെ പരിഗണിക്കും

