ETV Bharat / bharat

പൊതുസ്ഥലങ്ങളിൽ ജൈവായുധ പ്രയോഗത്തിന് പദ്ധതി; 3 ഐഎസ് ഭീകരർക്കെതിരെ എൻഐഎ കുറ്റപത്രം

ഹൈദരാബാദ് സ്വദേശിയായ ഡോ. സയ്യിദ് അഹമ്മദ് മൊഹിയുദ്ദീൻ ആണ് കേസിലെ പ്രധാന പ്രതി. ഉത്തർപ്രദേശ് സ്വദേശികളായ ആസാദ്, മുഹമ്മദ് സുഹൈൽ എന്നിവരാണ് മറ്റ് രണ്ട് പ്രതികൾ

MASS POISONING  BIOLOGICAL TOXIN MASS POISONING  ISIS LINKED BIOTERROR PLOT  NATIOANL INVESTIGATION AGENCY
Representational image (ANI)
author img

By ANI

Published : May 6, 2026 at 10:37 AM IST

3 Min Read
Choose ETV Bharat

ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ ഐഎസ്ഐഎസുമായി (ഇസ്‌ലാമിക് സ്റ്റേറ്റ്) ബന്ധമുള്ള മൂന്ന് പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. പൊതുസ്ഥലങ്ങളിൽ ജൈവായുധം ഉപയോഗിച്ച് കൂട്ടക്കൊല നടത്താൻ പദ്ധതിയിട്ട സംഭവത്തിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന വിവരങ്ങളോടെ അഹമ്മദാബാദിലെ എൻഐഎ പ്രത്യേക കോടതിയിൽ കുറ്റപത്രം നൽകിയത്. കേസിൽ ഉൾപ്പെട്ടവരിൽ ഒരാൾ ജനങ്ങളെ രക്ഷിക്കാൻ ബാധ്യസ്ഥനായ ഒരു ഡോക്ടർ കൂടിയാണ് എന്നത് വിഷയത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു.

ഹൈദരാബാദ് സ്വദേശിയായ ഡോ. സയ്യിദ് അഹമ്മദ് മൊഹിയുദ്ദീൻ ആണ് കേസിലെ പ്രധാന പ്രതി. ഉത്തർപ്രദേശ് സ്വദേശികളായ ആസാദ്, മുഹമ്മദ് സുഹൈൽ എന്നിവരാണ് മറ്റ് രണ്ട് പ്രതികൾ. നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യുഎപിഎ), ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ആയുധ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെന്ന് എൻഐഎ പത്രക്കുറിപ്പിലൂടെ അറിയിച്ചു. രാജ്യത്തിന് പുറത്തുള്ള ഐഎസ് ഭീകരരുടെ നിർദേശപ്രകാരമാണ് മൂവരും പ്രവർത്തിച്ചിരുന്നത്.

കൂട്ടക്കൊലയ്ക്ക് ജൈവായുധം
ജിഹാദിനെ പിന്തുണയ്ക്കുന്നതിനും ഭീകരവാദം വ്യാപിപ്പിക്കുന്നതിനുമായി യുവാക്കളെ സംഘടനയിലേക്ക് ആകർഷിക്കാൻ ഇവർ ശ്രമിച്ചിരുന്നു. ഇതിനായി വിദേശത്തുള്ള ഐഎസ് അനുകൂലികളുടെ വലിയ രീതിയിലുള്ള സഹായവും പ്രതികൾക്ക് ലഭിച്ചു. ജൈവായുധമായ റൈസിൻ ഉപയോഗിച്ച് പൊതുജനങ്ങളെ കൂട്ടത്തോടെ കൊലപ്പെടുത്താനായിരുന്നു സംഘത്തിൻ്റെ പ്രധാന പദ്ധതി.

ആവണക്കണ്ണയുടെ കുരുവിൽ നിന്ന് സ്വാഭാവികമായി വേർതിരിച്ചെടുക്കുന്ന അപകടകരമായ ജൈവവിഷമാണ് റൈസിൻ. രാസായുധ കൺവെൻഷൻ്റെ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള അതീവ മാരകമായ ഒന്നാണിത്. രാജ്യത്ത് വലിയ തോതിലുള്ള ഭീതി പരത്താനും ജനങ്ങളെ കൊന്നൊടുക്കാനുമാണ് പ്രതികൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. പ്രതികളിൽ നിന്നും കണ്ടെടുത്ത ഡിജിറ്റൽ തെളിവുകളും നിർണായകമായിട്ടുണ്ട്.

പിടികൂടിയത് ഗുജറാത്ത് എടിഎസ്
ചൈനയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ വ്യക്തിയാണ് മൊഹിയുദ്ദീൻ. ഇയാളെ 2025 നവംബറിൽ അഹമ്മദാബാദിലെ ഒരു ടോൾ പ്ലാസയിൽ നിന്നാണ് ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ്) ആദ്യമായി അറസ്റ്റ് ചെയ്തത്. പരിശോധനയിൽ ഇയാളുടെ വാഹനത്തിൽ നിന്ന് നിയമവിരുദ്ധമായി സൂക്ഷിച്ച ആയുധങ്ങൾ, നാല് ലിറ്റർ ആവണക്കെണ്ണ, മറ്റ് സംശയാസ്പദമായ വസ്തുക്കൾ എന്നിവ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു.

ഈ അറസ്റ്റിന് പിന്നാലെ നടത്തിയ തുടരന്വേഷണത്തിലാണ് മറ്റ് രണ്ട് പ്രതികളായ ആസാദിനെയും സുഹൈലിനെയും അന്ന് തന്നെ എടിഎസ് കെണിയിലാക്കിയത്. കേസിൻ്റെ വ്യാപ്തി കണക്കിലെടുത്ത് പിന്നീട് 2026 ജനുവരിയിലാണ് എടിഎസിൽ നിന്ന് കേസ് ദേശീയ അന്വേഷണ ഏജൻസി ഔദ്യോഗികമായി ഏറ്റെടുക്കുന്നത്.

ആയുധം കൈമാറിയത് രാജസ്ഥാനിൽ നിന്ന്
കേസിലെ മറ്റ് രണ്ട് പ്രതികളായ ആസാദും സുഹൈലും നേരത്തെ രാജസ്ഥാനിലെ ഹനുമാൻഗഡിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന് പണവും ആയുധങ്ങളും കൈപ്പറ്റിയിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. തുടർന്ന് ഈ ആയുധങ്ങൾ ഗുജറാത്തിലെ ഛത്രൽ എന്ന സ്ഥലത്ത് എത്തിച്ചു.

ഭീകരാക്രമണത്തിന് ആവശ്യമായ ഇതെല്ലാം ഇവിടെ നിന്നാണ് മൊഹിയുദ്ദീൻ രഹസ്യമായി ശേഖരിച്ചത്. ദക്ഷിണേഷ്യയിലെ ഐഎസ് അമീർ ആക്കാമെന്ന വിദേശ ഹാൻഡ്‌ലറുടെ വാഗ്ദാനം സ്വീകരിച്ചാണ് മൊഹിയുദ്ദീൻ ഗൂഢാലോചനയിൽ പങ്കാളിയായതെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

രഹസ്യ ലബോറട്ടറി
കൂടുതൽ അപകടകരമായ റൈസിൻ നിർമിക്കുന്നതിനായി ഹൈദരാബാദിലെ തൻ്റെ വീട് ഡോക്ടറായ പ്രധാന പ്രതി ഒരു രഹസ്യ ലബോറട്ടറിയാക്കി മാറ്റിയിരുന്നു എന്ന ഞെട്ടിക്കുന്ന വിവരവും റിപ്പോർട്ടിലുണ്ട്. ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിദേശത്ത് നിന്നും പണം കൈപ്പറ്റുക, ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുക തുടങ്ങിയ കാര്യങ്ങളിൽ പ്രതികൾ തികഞ്ഞ ലക്ഷ്യബോധത്തോടെ ഒത്തൊരുമിച്ചാണ് പ്രവർത്തിച്ചത്.

ഗൂഢാലോചനയെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്ന പ്രതികൾ വിദേശത്തുള്ള ഐഎസ് നേതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തി. ഭീകരാക്രമണത്തിനായി പലയിടങ്ങളിലും നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കാനും സംഘത്തിലേക്ക് എത്തുന്ന പുതിയ ആളുകൾക്ക് സത്യപ്രതിജ്ഞ (ബയാഹ്) ചൊല്ലിക്കൊടുക്കാനും പ്രതികൾ മുന്നിലുണ്ടായിരുന്നു.

സംഘത്തിലേക്കുള്ള റിക്രൂട്ട്മെൻ്റ് ഏകോപിപ്പിക്കുന്നതിലും പണ ഇടപാടുകൾ നടത്തുന്നതിലും ആയുധങ്ങൾ കടത്തുന്നതിലും അത്യന്തം നിർണായകമായ പങ്കുവഹിച്ചത് സുഹൈലാണ്. ഗൂഢാലോചനയുടെ സുപ്രധാന കണ്ണിയായി ഇയാൾ പ്രവർത്തിച്ചു. മറ്റ് നിർദേശങ്ങൾക്ക് പുറമേ ഐഎസ് പതാകകൾ തയ്യാറാക്കിയതും സുഹൈൽ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സംഭവത്തിൽ പങ്കുള്ള വിദേശത്തുള്ള ഐഎസ് ഹാൻഡ്‌ലർമാരെയും മറ്റുള്ളവരെയും കൃത്യമായി കണ്ടെത്താനായി ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന കൂടുതൽ ശക്തമായി തുടരുകയാണ്.

Also Read: മദ്യനയ കേസ്: അരവിന്ദ് കെജ്‌രിവാളിനായി അമിക്കസ് ക്യൂറിയെ നിയമിക്കുമെന്ന് ഡൽഹി ഹൈക്കോടതി