ETV Bharat / bharat

നീറ്റ് പരീക്ഷ വിജയിച്ചിട്ടും കൗൺസിലിങ് പട്ടികയിൽ പേരില്ല; 21-കാരി ജീവനൊടുക്കി

കൗൺസിലിങ് ലിസ്റ്റിൽ ഇടംപിടിക്കാത്തതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് ശ്രുതി ലയ എന്ന പെൺകുട്ടി ജീവിതം അവസാനിപ്പിച്ചത്.

Sruthi Laya Tirunelveli suicide  Tirunelveli Palayamkottai  medical seat first round allotment  NEET UG 2026 counselling
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : August 30, 2026 at 5:10 PM IST

2 Min Read
Choose ETV Bharat

ചെന്നൈ: നീറ്റ് യുജി (NEET UG) ആദ്യഘട്ട കൗൺസിലിങ് ലിസ്റ്റ് പുറത്തുവന്നതിന് പിന്നാലെ തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ദാരുണ സംഭവം. ഡോക്‌ടർ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ കഠിനപ്രയത്നം നടത്തി നീറ്റ് പരീക്ഷ വിജയിച്ചിട്ടും കൗൺസിലിങ് പട്ടികയിൽ ഇടം ലഭിക്കാത്തതിനെ തുടർന്നാണ് 21 കാരിയായ ശ്രുതി ലയ ജീവനൊടുക്കിയത്. ഐടി ജീവനക്കാരൻ്റെ മകളായ ശ്രുതി ലയ, തിരുനെൽവേലിയിലെ പാളയംകോട്ടൈ സ്വദേശിയാണ്.

2023-ൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രുതി ലയ, ഡോക്‌ടറാകണമെന്ന ആഗ്രഹത്തോടെ സ്വകാര്യ പരിശീലന കേന്ദ്രത്തിൽ ചേർന്ന് പഠിക്കുകയായിരുന്നു. കഴിഞ്ഞ വർഷം നടത്തിയ ആദ്യ ശ്രമത്തിൽ യോഗ്യത നേടാൻ സാധിക്കാതെ വന്നതോടെ, ഇത്തവണ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് തീവ്രമായി പരിശീലനം നടത്തിയാണ് നീറ്റ് പരീക്ഷ വിജയിച്ചത്. എന്നാൽ അടുത്തിടെ പ്രസിദ്ധീകരിച്ച ആദ്യഘട്ട കൗൺസിലിങ് അലോട്ട്മെൻ്റ് ലിസ്റ്റിൽ തൻ്റെ പേരില്ലെന്ന വിവരം അറിഞ്ഞതോടെ ശ്രുതി മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

വീടിന് സമീപത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അന്നെ ദിവസം രാത്രി സാധാരണപോലെ ഉറങ്ങാൻ കിടന്ന ശ്രുതിയെ പിറ്റേന്ന് രാവിലെ മുറിയിൽ കണ്ടില്ല. തുടർന്ന് വീട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിൽ വീടിന് സമീപത്തുള്ള ഷെഡിൽ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പെരുമാൾപുരം പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി തിരുനെൽവേലി ഗവൺമെൻ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ മാനസിക സമ്മർദ്ദവും നീറ്റ് പരീക്ഷ ഉയർത്തുന്ന വെല്ലുവിളികളും വീണ്ടും ചർച്ചയാക്കുകയാണ് ഈ ദാരുണ സംഭവം. നീറ്റ് പരീക്ഷയും കൗൺസിലിങ് നടപടികളും ഉണ്ടാക്കുന്ന അമിതമായ മാനസിക സമ്മർദ്ദം മൂലമുണ്ടാകുന്ന ദാരുണമായ ഇത്തരം സംഭവങ്ങൾ വീണ്ടും ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുകയാണ്.

പരീക്ഷകളിലും കൗൺസിലിങിലും ഉണ്ടാകുന്ന തിരിച്ചടികൾ ജീവിതത്തിൻ്റെ അവസാനമല്ലെന്നും തുടർന്നുള്ള ഘട്ടങ്ങളിൽ കൂടുതൽ അവസരങ്ങൾ കാത്തിരിക്കുന്നുണ്ടെന്നുമുള്ള ബോധവൽക്കരണം വിദ്യാർഥികൾക്ക് നൽകേണ്ടത് അത്യാവശ്യമാണ്. മെഡിക്കൽ പ്രവേശന പ്രക്രിയയിലെ ഇത്തരം പരാജയങ്ങളിൽ തളർന്നുപോകുന്ന കുട്ടികൾക്ക് കൃത്യമായ മാനസിക പിന്തുണയും കൗൺസിലിങും നൽകാൻ രക്ഷാകർത്താക്കളും സമൂഹവും ഒരുപോലെ മുന്നോട്ടുവരേണ്ടതുണ്ടെന്നും മാനസികാരോഗ്യ വിദഗ്‌ധർ പറയുന്നു.

Also Read: ലഹരിയോട് 'നോ', സ്ത്രീശക്തിക്ക് 'യെസ്'! മൻ കീ ബാത്തിൽ മാറ്റത്തിൻ്റെ സന്ദേശവുമായി പ്രധാനമന്ത്രി